03 March Wednesday

അഞ്ചുതെങ്ങില്‍ ഗുണ്ടാ ആക്രമണം; സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമടക്കം 5 പേര്‍ക്ക് വെട്ടേറ്റു

സ്വന്തം ലേഖകൻUpdated: Monday Jan 18, 2021

ആക്രമണമുണ്ടായ യുഎസ്എ മെന്‍സ് വെയറിൽ പൊലീസ് പരിശോധിക്കുന്നു

ചിറയിൻകീഴ് > അഞ്ചുതെങ്ങിൽ ഒരേ ​ഗുണ്ടാസംഘം രണ്ടിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തിനടക്കം അഞ്ചുപേര്‍ക്ക് വെട്ടേറ്റു. മൂന്നുപേര്‍ സ്വകാര്യ ആശുപത്രിയിലും രണ്ടുപേർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസിയുവിലാണ്.
 
പോസ്‌റ്റോഫീസിന് സമീപം യുഎസ്എ മെൻസ് വെയർ സ്ഥാപനത്തിന്റെ ഉടമകളായ കിരൺ ജോസഫ്(19), ജിതിൻ ജോസഫ്(17), കടയിൽ ഉണ്ടായിരുന്ന ഡാനിയേൽ (21) എന്നിവർക്കാണ് വെട്ടേറ്റത്. കിരൺ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ഏരിയാ എക്സിക്യൂട്ടീവ് അംഗവുമാണ്.
 
ശനിയാഴ്ച രാത്രി ഏഴരയ്ക്കാണ് സംഭവം. രണ്ട് ബൈക്കിലെത്തിയ അഞ്ചുപേർ കടയ്ക്കു സമീപം നാടൻബോബ് എറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച് വടിവാളുമായി കടയിൽ കയറിയാണ് ആക്രമിച്ചത്. കട അടിച്ച് തകർത്തു. ​തടയാനെത്തിയ നാട്ടുകാരെ ഭീഷണിപ്പെടുത്തി രക്ഷപ്പെട്ട അക്രമികൾ അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് സമീപത്തെ ജ്യൂസ് കടയിൽവച്ച് കടയ്ക്കാവൂർ സ്വദേശികളായ ആകാശ് (17), അരുൺ(18) എന്നിവരെയും വെട്ടി പരിക്കേൽപ്പിച്ചു. ഇവിടെയും നാടൻ ബോബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമണം. സാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു.
 
ഈ സംഘം തോണിക്കടവ്, ചമ്പാവ് എന്നിവിടങ്ങളിലും അക്രമം നടത്തിയിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസും അഞ്ചുതെങ്ങ് പൊലീസും പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും കടയ്ക്കാവൂർ പൊലീസ് അറിയിച്ചു. അക്രമത്തിൽ പ്രതിഷേധിച്ച് അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച യോഗം ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top