14 August Friday

നയതന്ത്ര പരിരക്ഷയിൽ സ്വർണക്കടത്ത് അത്യപൂർവം

വിജയ്‌Updated: Monday Jul 6, 2020

തിരുവനന്തപുരം > തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പരിരക്ഷയുള്ളവരിൽനിന്നും ബാഗേജുകളിൽനിന്നും കള്ളക്കടത്ത്‌ സാധനങ്ങൾ കണ്ടെത്തുന്നത്‌ അത്യപൂർവം.  ഇങ്ങനെയുള്ളവരെ പരിശോധിക്കുന്നതും ബാഗേജുകൾ  തുറക്കുന്നത് പോലും അപൂർവം.  കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കടത്ത് കേരളത്തിൽ പിടികൂടുന്നത്‌  ഇതാദ്യവും.  

മണക്കാടുള്ള കേരളത്തിലെ യുഎഇയിലെ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ വന്ന ബാഗേജിൽനിന്നാണ് 15 കോടി രൂപയുടെ സ്വർണം പിടിച്ചത്‌. ബാഗേജ് തനിക്ക് വന്നതല്ലെന്ന് കോൺസുലേറ്റ്‌ ജനറൽ വ്യക്തമാക്കി. സ്വർണത്തിന്റെ  ഉറവിടം കണ്ടെത്താൻ കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.  രണ്ടുദിവസം മുമ്പാണ് സ്വർണം വരുന്നതെന്ന വിവരം കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിലുള്ള ബാഗേജാണ് എന്നത് കുഴപ്പിച്ചു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവ പരിശോധിക്കാൻ കസ്റ്റംസിന് അധികാരമില്ല. വിദേശത്തുനിന്നുള്ള  വിവരം വിശ്വാസയോഗ്യമായതിനാൽ ബാഗേജ് വിടാനും തയ്യാറായില്ല.   തൂക്കവും കാർഡ് ബോർഡ് പെട്ടിയുടെ നിറവുംവരെ കൃത്യമായിരുന്നു. 

ബാഗേജ് പിടിച്ചെടുത്ത്‌ പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം ചോദിച്ചു. അനുവാദം ലഭിച്ചയുടൻ കോൺസുലേറ്റ്‌ ജനറലിന്റെ നേരിട്ടുള്ള സാന്നിധ്യവും കസ്റ്റംസ് അഭ്യർഥിച്ചു. തുടർന്ന്‌ ഞായറാഴ്‌ച രാവിലെ കാർഗോ കോംപ്ലക്സിൽ നേരിട്ട് ഹാജരായി. ബാഗേജിലുണ്ടായിരുന്ന എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണ്ണം കുത്തി നിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്കറ്റുമാണ് ഉണ്ടായിരുന്നത്. സ്വർണം എങ്ങനെ കടത്താനായിരുന്നു ഉദ്ദേശ്യമെന്ന്‌ അറിവായിട്ടില്ല. ഇതിന് മുമ്പും ഇത്തരം ബാഗേജുകൾ വന്നിട്ടുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top