14 August Friday

സ്വര്‍ണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനേയും റിമാന്റ് ചെയ്തു ; ‘നയതന്ത്ര’ ബുദ്ധിക്ക്‌ പിന്നിൽ‌ ഫാസിലും സന്ദീപും

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

നയതന്ത്ര ബാഗേജിൽ സ്വർണം കടത്താമെന്ന ബുദ്ധിക്കു പിന്നിൽ ഫാസിലും സന്ദീപും. ബിജെപി പ്രവർത്തകനായ സന്ദീപ്‌ പത്തു വർഷമായി സ്വർണക്കടത്ത്‌ രംഗത്തുണ്ട്‌. 2014ൽ തിരുവനന്തപുരം വിമാനത്താവളം വഴി സന്ദീപും മറ്റൊരാളും ചേർന്ന്‌ ഏഴു കിലോ സ്വർണം കടത്തിയിരുന്നു. ഈ കേസിൽ സന്ദീപ്‌ അറസ്റ്റിലായി. ജയിലിൽ നിന്നിറങ്ങി സന്ദീപ്‌ വീണ്ടും സ്വർണക്കടത്തിൽ സജീവമായി. ഇതിനിടയിലാണ്‌ കോൺസുലേറ്റ്‌ ജീവനക്കാരായ സ്വപ്‌നയോടും സരിത്തിനോടും അടുത്തത്‌.

ഫാസിലുമായി ചേർന്ന്‌ കോൺസുലേറ്റിന്റെ ചുവടുപിടിച്ചു നടത്തിയ ആലോചനകളാണ്‌ നയതന്ത്ര ബാഗേജിൽ സ്വർണം കടത്താമെന്ന ആശയം ഉരുത്തിരിഞ്ഞത്‌. നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയാൽ പിടിക്കാൻ സാധ്യതയില്ലെന്ന്‌ സംഘം ഉറപ്പിച്ചു. തിരുവനന്തപുരത്തുനിന്ന്‌ മറ്റിടങ്ങളിലേക്ക്‌ സുരക്ഷിതമായി എത്തിക്കാൻ സന്ദീപിന്റെ ഉന്നത ബിജെപി ബന്ധങ്ങൾ തുണയ്‌ക്കുമെന്നതും ആത്മവിശ്വാസമായി.

സരിത്ത്‌ ആദ്യം സ്വർണക്കടത്തിന്‌ തയ്യാറായിരുന്നില്ല. ഇതിനെച്ചൊല്ലി കോൺസുലറ്റിന്‌ അകത്തും പുറത്തും ഇവർ തമ്മിൽ ചർച്ച  നടന്നതായും അന്വേഷകസംഘത്തിനു വിവരം ലഭിച്ചു. കോൺസുലേറ്റിൽ സ്ഥിരമായി ബാഗേജ്‌ എടുക്കാൻ പോകാറുള്ളത്‌ പിആർഒ ആയ സരിത്താണ്‌. സരിത്ത്‌ കൂടെയില്ലെങ്കിൽ പദ്ധതി പാളുമെന്നു മനസ്സിലാക്കിയാണ്‌ സരിത്തിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്‌.

സ്വപ്‌നയ്‌ക്ക്‌ ഒപ്പം 3 റിമാൻഡ് പ്രതികൾ 
സ്വപ്‌ന സുരേഷ്‌ തൃശൂരിലെ  കോവിഡ് കെയർ കേന്ദ്രത്തിൽ 3 വനിതാ റിമാന്റ്‌ പ്രതികൾക്കൊപ്പം നിരീക്ഷണത്തിൽ. നേരത്തെ ആലുവയിൽ വച്ച്‌  കോവിഡ് പരിശോധനയ്‌ക്കായി സ്രവം എടുത്തിരുന്നു. തുടർന്നാണ്‌ ഞായറാഴ്‌ച രാത്രി 7.10ഓടെ ഫാത്തിമ നഗറിലെ അമ്പിളിക്കല കോവിഡ് കെയർ കേന്ദ്രത്തിൽ  എത്തിച്ചത്‌.ഫലം വരും വരെ ഇവിടെ റിമാഡിൽ തുടരണം. മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാൻഡ് പ്രതികളും കേന്ദ്രത്തിലുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ജയിൽവകുപ്പ്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്.

സിറ്റി പൊലീസ് അസി.കമീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ 70പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയിൽവാർഡന്മാരുടെ നേതൃത്വത്തിൽ അകത്തും കാവലുണ്ട്. ദേശീയപാതയിൽനിന്ന് നടത്തറവഴി തിരിഞ്ഞ് ജൂബിലി മിഷൻ ആശുപത്രിക്കുമുന്നിലൂടെയാണ്  വാഹനം കോവിഡ് കെയർ സെന്ററിൽ എത്തിച്ചത്‌.

നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയനിലയിലായിരുന്നു സ്വപ്‌ന. വാഹനം കോവിഡ് കെയർ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിനുശേഷമാണ് ഇവരെ കാറിൽനിന്ന് ഇറക്കിയത്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top