03 August Monday

ദുർഗന്ധം വമിക്കുന്ന സോളാർ കാലത്തോട് ഉപമിക്കാൻ ശ്രമം, ഒരു അത്യാഗ്രഹവും നടക്കില്ല; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

തിരുവനന്തപുരം > സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസിനെ വികൃതമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ ചിത്രം സമൂഹത്തിൽ ഉയർത്തിക്കാട്ടാനാണ് ശ്രമം. ഇതിനേക്കാളും അപ്പുറമുള്ളത് കണ്ടതാണ്. നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ചു പറയരുതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കംസ്റ്റംസ് തന്നെ പറഞ്ഞു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും ആരും വിളിച്ചില്ലെന്ന്. ഇവിടെ ഉന്നതമായ മൂല്യമാണ് എൽഡിഎഫ് സർക്കാർ പുലർത്തുന്നത്. ഐടി സെക്രട്ടറി ശിവശങ്കറിനെതിരെ ആക്ഷേപം ഉയർന്നു. അതേത്തുടർന്ന് അദ്ദേഹത്തെ മാറ്റി. ഈ വനിതയുമായി ഒട്ടേറെ പരാമർശം വന്നതിനാലാണ് അദ്ദേഹത്തെ മാറ്റി നിർത്തിയത്.

യുഡിഎഫിന് ഇങ്ങനെ ഒരു നിലപാട് ചിന്തിക്കാൻ പോലും സാധിക്കില്ല. പുകമറ ഉയർത്തി സർക്കാറിനെ തളർത്തിക്കളയാമെന്നാണ് ഉദ്ദേശമെങ്കിൽ നടക്കില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ. ആരാണ് വിവാദ വനിതയെ എയർ ഇന്ത്യയിലേക്കും കോൺസുലേറ്റിലേക്കും ശുപാർശ ചെയ്തതെന്നു വ്യക്തമാകേണ്ടതുണ്ട്.

വ്യാജദൃശ്യം സംപ്രേക്ഷണം ചെയ്ത ജയ്ഹിന്ദ് ചാനലിനെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. യുഎഇ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ പല പരിപാടികളും നടത്തുകയും അതിൽ അവർ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ആ ചാനലിനെതിരെ നിയമപരമായി നീങ്ങുന്നുണ്ട്.

എന്നാൽ ആ ദൃശ്യം വച്ചുകൊണ്ടു പ്രചാരണം നടത്തിയ ബിജെപി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും എന്താണു ചെയ്യുക. പഴയതു പലതും ഓർമയിൽ വരുന്നുണ്ടാകും. ഇപ്പോഴുള്ളവരെ കണ്ട് അതിനു ശ്രമിക്കണ്ട. സോളാറിനോട് ചിലർ താരതമ്യപ്പെടുത്താൻ ശ്രമം നടത്തുന്നു. ദുർഗന്ധം വമിക്കുന്ന ചെളിയിൽ മുങ്ങിക്കിടക്കുന്നവർക്ക് മറ്റുള്ളവരും അങ്ങനെയാകണം എന്ന് ആഗ്രഹം കാണും. തത്ക്കാലം അത് സാധിച്ചുതരാൻ കഴിയില്ല. കാരണം ഞങ്ങൾ അത്തരം കളരിയിലല്ല കളിച്ച് വന്നത്. കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണമായാലും സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് പൂർണ സമ്മതമാണ്.

ഈ വനിതയുമായി ബന്ധപ്പെട്ട് കേരള ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ആ കേസിൽ ഇവരെ പ്രതിചേർക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. സർക്കാർ എന്തെങ്കിലും താത്പര്യം ഇക്കാര്യത്തിൽ പ്രകടിപ്പിച്ചു എന്ന് പറയാൻ പറ്റുമോ? നിഷ്പക്ഷമായ റിപ്പോർട്ടാണ് നൽകിയത്.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്  ആരും വിളിച്ചില്ല എന്ന് പറഞ്ഞത് കസ്റ്റംസ് തന്നെയാണ്. അതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും പൊളിഞ്ഞില്ലേ? നുണക്കഥകൾക്ക് ചെറിയ ആയുസേ ഉണ്ടാവുള്ളു. അതാണ് ഇക്കാര്യത്തിലും സംഭവിച്ചത്.

തെരഞ്ഞെടുപ്പിന്റെ മാസങ്ങൾ അടുത്തുവരുന്നു. ഏതെങ്കിലും തരത്തിൽ പുകമറ പരത്തി സർക്കാരിനെ തളർത്തിക്കളയാം എന്ന് കരുതിയാൽ അതൊന്നും നടക്കില്ല. ഉപ്പുതിന്നവർ ആരാണോ വെള്ളം കുടിക്കട്ടേ.-മുഖ്യമന്ത്രി പറഞ്ഞു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top