09 August Sunday

സ്വര്‍ണ്ണക്കടത്ത്: സമഗ്ര അന്വേഷണം നടത്തി മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരണം: എ വിജയരാഘവന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

തൃശൂര്‍> സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് നടന്നിരിക്കുന്നത്. ഇത് എവിടെ നിന്നുവന്നു, എവിടെക്ക്  പോയി എന്നത് ഉള്‍പ്പെടെ എല്ലാകാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരണം.   

എയര്‍പോര്‍ട്ട്, കസ്റ്റംസ്, സുരക്ഷ കൈകാര്യം ചെയ്യുന്ന സിഐഎസ്എഫ് എന്നിവ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്.  ഇക്കാര്യത്തല്‍ കൂടുതല്‍ അന്വേഷണം നടത്തണം.  ഏത് അന്വേഷണം നടത്തിയും യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താനുള്ള  ശ്രമം കാണുന്നില്ല. അതിനുപകരം സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ വിധേയമാക്കണം. കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും മറച്ചുവെക്കാനില്ല. സ്വര്‍ണ്ണക്കടത്ത് യുഎഇയിലെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതാണ്. വിദേശകാര്യവകുപ്പാണ്  ഇത് സംബന്ധിച്ച യുഎഇയിലെ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തേണ്ടത്. ഇതുവരെ അതുണ്ടായില്ല. സത്യം പുറത്തുകൊണ്ടുവരാനുള്ള അന്വേഷണത്തിന് കേന്ദ്രസര്‍ക്കാരാണ് നേതൃത്വം വഹിക്കേണ്ടത്. സംസ്ഥാനം പൂര്‍ണ്ണ പിന്തുണ നല്‍കും

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആര്‍ക്കെങ്കിലും പങ്കുള്ളതായി  കസ്റ്റംസ് പറഞ്ഞിട്ടില്ല. പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും  ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നുണ്ടാവാം. ഐടി സെക്രട്ടറിക്ക് ആരോപണ വിധേയമായ വ്യക്തിയുമായി സൗഹൃദമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത്.  മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഒരു സംശയവും ഉണ്ടാവാന്‍ പാടില്ല എന്ന കാഴ്ച്ചപാടിന്റെ ഭാഗമായാണ് നടപടി. ഐ ടി സെക്രട്ടറി കുറ്റക്കാരനാണെന്ന്  ആരും പറഞ്ഞിട്ടില്ല.  മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യമല്ലാത്ത ഒന്നും അനുവദിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ  നല്‍കുന്നത്.

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സര്‍ക്കാരിന്റെ നല്ല പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രി ആവാതിരിക്കാന്‍ അദ്ദേഹത്തിന് എതിരെ കള്ളകേസുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിന്റെ യശസ്സ് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. അത് പിണറായി വിജയന്റെ കഴിവാണ്. അത് ഇല്ലാതാക്കാനുളള ശ്രമത്തിന്റെ  ഭാഗമാണ്  ഇത്തരം ആരോപണങ്ങളെന്നും വിജയരാഘവന്‍ പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top