കരിപ്പൂർ> കരിപ്പൂരിൽ ദമ്പതികളിൽ നിന്നും 2 കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചു . ചൊവ്വാഴ്ച രാത്രി ദുബായിൽനിന്നും സ്‌പൈസ്ജെറ്റ് എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് ജില്ലക്കാരായ ദമ്പതികളാണ് പിടിയിലായത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്..
കൊടുവള്ളി എളേറ്റിൽ സ്വദേശികളായ പുളിക്കിപൊയിൽ ഷറഫുദ്ധീൻ (44) ഭാര്യ നടുവീട്ടിൽ ഷമീന (37)എന്നിവരാണ് പിടിയിലായത്. ഷറഫുദ്ധീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സൂളുകളിൽനിന്നും 950 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതവും ഷമീന അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച പാക്കറ്റിൽ നിന്നും 1198 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
പിടിയിലായവർ ക്യാരിയേർസ് ആണെന്ന് പറയുന്നു. കള്ളക്കടത്തുസംഘം രണ്ടുപേർക്കും 80000 രൂപ വീതമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്. ദമ്പതികൾ തങ്ങളുടെ കുട്ടികളോടോത്ത് ദുബായിൽ സന്ദർശനം നടത്തി തിരിച്ചു വരുമ്പോഴാണ് കള്ളക്കടത്തിന് ശ്രമിച്ചത്. കുടുംബസമേതം എത്തുന്ന യാത്രക്കാർക്ക് നൽകുന്ന സവിശേഷ പരിഗണന ദുരുപയോഗം ചെയ്താണ് കടത്തിന് ശ്രമിച്ചത്. ഷമീനയെ സംശയം തോന്നി പരിശോധിച്ചപ്പോൾ സ്വർണ്ണമിശ്രിതം കണ്ടെടുത്തു. തുടൾന്ന് ഷറഫുദ്ധീൻ കുറ്റസമ്മതം നടത്തി.
ജോയിന്റ് കമ്മിഷണർ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർമാരായ ഷോളി പി. ഐ., പ്രവീൺകുമാർ കെ. കെ., സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണൻ, ടി. എൻ. വിജയ, എം. ചെഞ്ചുരാമൻ, സ്വപ്ന വി. എം., ഇൻസ്‌പെക്ടർമാരായ നവീൻ കുമാർ, ഇ .രവികുമാർ , ധന്യ കെ. പി. ഹെഡ് ഹവൽദാർ ഇ. ടി. സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..