22 September Tuesday

നയതന്ത്ര പാഴ്‌‌സലല്ല എന്ന് പറയാൻ നിർദേശിച്ചു; ജനം ടിവി തലവനെ കുടുക്കി സ്വപ്‌നയുടെ മൊഴി

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

കൊച്ചി > സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് വരുത്താൻ ബിജെപി ചാനലിന്റെ തലവൻ ഇടപെട്ടതായി സ്വപ്നയുടെ മൊഴി. സ്വർണം പിടിച്ചതായി വാർത്ത വന്നു തുടങ്ങിയ സമയത്ത്, തന്നെ ഇങ്ങോട്ട് വിളിച്ച ജനം ടിവി കോ--ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഇതിനു നിർദ്ദേശിച്ചതെന്നും സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.

മൊഴി ഇങ്ങനെ: ''സ്വർണം പിടികൂടിയതായി ചാനലുകളിൽ വാർത്ത വരാൻ തുടങ്ങിയപ്പോൾ അനിൽ എന്നെ ഫോണിൽ വിളിച്ചു. പിടിച്ചെടുത്തത് നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്ന് യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്ന് ഇയാൾ എന്നോടു പറഞ്ഞു. സ്റ്റേറ്റ്‌മെന്റിന്റെ കാര്യം കോൺസുലേറ്റ് ഉദ്യോഗസ്ഥനെ അറിയിച്ചപ്പോൾ, മാധ്യമപ്രവർത്തകനോടുതന്നെ അതു തയ്യാറാക്കാൻ പറയാനായിരുന്നു നിർദേശം. ഇത് അനിലിനെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചു. എന്നാൽ പിന്നീട് അറസ്റ്റ് ഭയന്ന് കടന്നുകളയാനുള്ള ശ്രമത്തിനിടെ അനിലിനെ വിളിക്കാൻ പറ്റിയില്ല.

രണ്ട് വർഷംമുമ്പ്, സരിത് വഴിയാണ് അനിൽ എന്നെ പരിചയപ്പെട്ടത്. വഞ്ചനാ കേസിൽപ്പെട്ട് യുഎഇയിൽ പ്രവേശിക്കാൻ വിലക്കുള്ള ഇദ്ദേഹം, വിലക്ക് നീക്കിക്കിട്ടാൻ വേണ്ടിയാണ് സരിത്തിനെ സമീപിച്ചത്.  കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിലക്ക് നീക്കിയശേഷം യുഎഇ യാത്ര നടത്തി. 2018ൽ തിരുവനന്തപുരത്തെ നക്ഷത്രഹോട്ടലിലാണ് അനിലിനെ ആദ്യമായി കണ്ടത്. ഇയാളുടെ ആവശ്യപ്രകാരം, തിരുവനന്തപുരത്തെ ഒരു ടൈൽസ് ഷോറൂമിന്റെ ഉദ്ഘാടകനായി കോൺസുലർ ജനറലിനെ പങ്കെടുപ്പിച്ചിട്ടുമുണ്ട്''. മൂന്ന് പേജിലാണ് അനിലിന്റെ പേര് പരാമർശിച്ചിട്ടുള്ളത്.

സ്വപ്നയെ വിളിച്ചവരുടെ ലിസ്റ്റിൽ തന്റെ പേര് വന്നതോടെ നേരത്തേ വിശദീകരണവുമായി അനിൽ രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ കോൾ ലിസ്റ്റ് പ്രകാരം ജൂലൈ അഞ്ച് 12.42ന് അനിൽ നമ്പ്യാർ സ്വപ്നയെ വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. വാർത്തയ്ക്കുവേണ്ടിയാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു അനിലിന്റെ ന്യായീകരണം. എന്നാൽ സ്വർണം പിടിച്ച ദിവസം അത്തരമൊരു വാർത്ത ജനം ടിവിയിൽ വന്നിട്ടേയില്ലെന്ന് തെളിഞ്ഞിരുന്നു. അഞ്ചാം തിയതി മൂന്നു മണിയോട് കൂടിയാണ് ആ സ്വപ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാകുന്നതും ഒളിവിൽ പോകുന്നതും.

അന്വേഷണം കേന്ദ്രമന്ത്രിയിലേക്കും

സ്വർണക്കടത്ത് കേസ് രജിസ്റ്റർചെയ്ത ദിവസം പ്രതി സ്വപ്ന സുരേഷിനെ ആർഎസ്എസ് ചാനൽ എഡിറ്റർ വിളിച്ചത് വിദേശ സഹമന്ത്രി വി മുരളീധരന്റെ വക്കാലത്തുമായാണെന്ന സംശയം ബലപ്പെടുന്നു. പിടിച്ചത് നയതന്ത്ര ബാഗേജ് അല്ലെന്ന് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥനെക്കൊണ്ട് പറയിച്ചാൽ പ്രശ്‌നം തീരുമെന്ന് എഡിറ്റർ  ഉപദേശിച്ചതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കേസിന്റെ തുടക്കംമുതൽ നയതന്ത്ര ബാഗേജ് അല്ലെന്ന് വരുത്തിത്തീർക്കാനാണ് കേന്ദ്രമന്ത്രിയും ശ്രമിച്ചത്.

കാര്യങ്ങൾ കൈവിട്ടുപോകുമെന്നായപ്പോൾ ഇയാളെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാതിരിക്കാനുള്ള ശ്രമവും അണിയറയിൽ തുടങ്ങി. 2018ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽവച്ച് എഡിറ്റർ കണ്ടകാര്യവും സ്വപ്നയുടെ മൊഴിയിലുണ്ട്. യുഎഇ ഭരണാധികാരികളുമായി ബിജെപിക്ക് അടുപ്പം സ്ഥാപിക്കാൻ എഡിറ്റർ  മധ്യസ്ഥനായതാണെന്നാണ് വിവരം.

എൻഐഎയെ വരെ ചോദ്യംചെയ്ത് കേന്ദ്രമന്ത്രി രംഗത്തെത്തിയത് ബിജെപിക്കുള്ളിൽ വിവാദമായിട്ടുണ്ട്. അറ്റാഷെ രാജ്യംവിടുന്നതിനു മുമ്പ് മൊഴിയെടുക്കാൻ പോലും അവസരമൊരുക്കാത്തതും മുഖ്യപ്രതി ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാൻ താൽപ്പര്യം കാട്ടാത്തതും ദുരൂഹമാണ്. മുരളീധര പക്ഷത്തെ മറ്റൊരു പ്രമുഖ നേതാവിലേക്കും അന്വേഷണം നീളുകയാണെന്നാണ് സൂചന. കസ്റ്റംസ് ജോയിന്റ് കമീഷണർ അനീഷ് പി രാജനെ നിർണായക ഘട്ടത്തിൽ മാറ്റിയതും ഈ പേടിയിലാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top