28 March Tuesday
ആർഎസ്‌എസുകാരനായ ഗോഡ്‌സെയാണ്‌’ കൊലപാതകിയെന്ന്‌ പറയാൻ ചങ്കിടിച്ചു

‘നമ്മൾ’ അല്ല, ഗോഡ്‌സെയാണ്‌ 
ഗാന്ധിയെ കൊന്നത്‌ ; പേരുപറയാൻ മടിച്ച്‌ മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023


തിരുവനന്തപുരം
മഹാത്മാഗാന്ധി രക്തസാക്ഷിയായതിന്റെ  75–-ാം വാർഷികദിനത്തിലും കൊലയാളിയെയും അവരുടെ രാഷ്‌ട്രീയവും  മറച്ച്‌  മലയാള മാധ്യമങ്ങൾ. ഗാന്ധിയെ വെടിവച്ചുകൊന്ന ഹിന്ദുത്വ തീവ്രവാദി നാഥുറാം വിനായക്‌ ഗോഡ്‌സെയെയും ആർഎസ്‌എസിനെയും നോവിക്കാതെയാണ്‌ ഒളിച്ചുകളി. ദേശീയ മാധ്യമങ്ങൾ നേരത്തേ പരിശീലിച്ചുപോന്ന ഈ ‘മറവിശീലം’ മലയാള മാധ്യമങ്ങളും പതിവാക്കുന്നു. 

ഒന്നാംപേജിൽ ഗാന്ധിജിയുടെ ചിത്രവും ഉള്ളിൽ ലേഖനങ്ങളും എഡിറ്റോറിയലും പ്രസിദ്ധീകരിച്ച മനോരമ കൊലയാളിയെക്കുറിച്ചോ ആർഎസ്‌എസിനെക്കുറിച്ചോ കാര്യമായി മിണ്ടിയില്ല. നാൾവഴിയും വെടിവച്ചത്‌ ഏത്‌ കൈകൊണ്ട്‌, ഏത്‌ തോക്ക്‌ തുടങ്ങി അടിമുടിയുള്ള വിശദാംശങ്ങളുമുണ്ട്‌. എന്നാൽ, ആരാണ്‌ വെടിവച്ചതെന്ന്‌ പറയില്ല. ‘ഒരാൾ’ വെടിവച്ചെന്നാണ്‌ ലേഖകന്റെ കണ്ടെത്തൽ. എഡിറ്റോറിയലിൽ ‘നമ്മൾ’ ആണ്‌ ഗാന്ധിജിയെ കൊന്നതെന്നാണ്‌ പറയുന്നത്‌. ‘ആർഎസ്‌എസുകാരനായ ഗോഡ്‌സെയാണ്‌’ കൊലപാതകിയെന്ന്‌ നെഞ്ചുയർത്തി പറയാൻ ചങ്കിടിച്ചു.

ദേശീയതയുടെ നേരവകാശികളായി സ്വയംപ്രഖ്യാപിക്കുന്ന മാതൃഭൂമിയും രക്താക്ഷിത്വ ദിന പേജുകളിൽ ആർഎസ്‌എസിന്റെ പങ്ക്‌ പറയാൻ അറച്ചു. ഒരിടത്ത്‌ ഗോഡ്‌സെയുടെ പേര്‌ പറയുന്നുണ്ടെങ്കിലും ആർഎസ്‌എസ്‌ ബന്ധത്തിൽ നിശ്ശബ്ദത പാലിച്ചു. വി ഡി സവർക്കറുമായുള്ള അഗാധമായ അടുപ്പം എഡിറ്റോറിയലിൽ പറയുന്നില്ല. അതേസമയം, വിവിധ എഴുത്തുകാർ അവരുടെ നിലപാടിന്റെ ഭാഗമായി ഇക്കാര്യങ്ങൾ പറയുന്നു. 

ബിജെപി നേതാവായ കെ എസ്‌ രാധാകൃഷ്ണനെക്കൊണ്ട് ലേഖനം എഴുതിച്ച കേരള കൗമുദിയും ആർഎസ്‌എസിന്റെ പങ്ക്‌ എവിടെയും പറയുന്നില്ല. ഗാന്ധിജിയുടെ ജന്മദിനം ‘ആഘോഷി’ക്കാറുള്ള ബിജെപി മുഖപത്രം ജന്മഭൂമി രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിജിയെ ഓർത്തുപോലുമില്ല.

മൗനം ആചരിച്ച്‌ 
ദേശീയമാധ്യമങ്ങൾ
മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വവാര്‍ഷികദിനം തമസ്‌കരിച്ച്‌ ദേശീയദിനപത്രങ്ങൾ. ‘ടൈംസ്‌ ഓഫ്‌ ഇന്ത്യ’യും ‘ദി ഹിന്ദു’വും ‘ടെലഗ്രാഫ്‌’ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ  രക്തസാക്ഷിത്വ ദിനം അനുസ്‌മരിപ്പിക്കുന്ന  ചിത്രമോ കുറിപ്പോ ഒന്നാം പേജിൽ നൽകിയില്ല. ടൈംസ്‌ ഓഫ്‌ ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും മറ്റും ഗാന്ധിയെക്കുറിച്ച്‌ എഡിറ്റ്‌ പേജിൽ ലേഖനങ്ങൾ നൽകി. എന്നാൽ, ഇവയിലെല്ലാം ഗാന്ധിജിയുടെ സംഭാവനകൾ എണ്ണിപ്പറയുന്നുണ്ടെങ്കിലും മഹാത്മാവിനു നേരെ വെടിയുതിർത്തത്‌ ആരെന്നോ ഗാന്ധിവധത്തിനു പിന്നിൽ പ്രവർത്തിച്ച ആശയധാര എന്തെന്നോ പറയാതിരിക്കാൻ ശ്രദ്ധിച്ചു. 

ഗാന്ധിവധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അച്ചടിച്ചാൽ സംഘപരിവാറിനും കേന്ദ്ര സർക്കാരിനും രസിക്കില്ലെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയമാധ്യമങ്ങൾ ‘മൗനം ആചരിച്ചതെന്ന’ വിമർശം ശക്തമായി. ഗാന്ധി രക്തസാക്ഷിത്വദിനത്തെക്കുറിച്ച്‌ മൗനംപാലിച്ചവർ ഗാന്ധിജയന്തി ദിനത്തിൽ വലിയ ചിത്രവും അനുസ്‌മരണ കുറിപ്പും ഒന്നാം പേജിൽ, പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top