17 September Tuesday

ഈ പണക്കുടുക്ക നിറയെ സ്‌നേഹം മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

തിരുവനന്തപുരം > കഴിഞ്ഞ ഓണത്തിനുശേഷം സ്വരുക്കൂട്ടിയ നാണയത്തുട്ടുകളടങ്ങുന്ന കുടുക്കകൾ മുഖ്യമന്ത്രിയെ ഏൽപ്പിക്കുമ്പോൾ 25 കുരുന്നുകളുടെയും മുഖത്ത്‌ പൊൻതിളക്കം. ഞായറാഴ്‌ച തലസ്ഥാനത്ത്‌ വിജെടി ഹാളിൽ സംഘടിപ്പിച്ച പത്തനാപുരം ഗാന്ധിഭവന്റെ 15–-ാം വാർഷികാഘോഷച്ചടങ്ങായിരുന്നു വേദി. ഉദ്‌ഘാടകനായെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽ ഗാന്ധിഭവനിലെ അന്തേവാസികളായ 25 കുഞ്ഞുങ്ങളാണ്‌ തങ്ങളുടെ കുടുക്കകൾ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയത്‌. കഴിഞ്ഞ ഓണത്തിനുശേഷം വിഷുക്കൈനീട്ടമായും മറ്റും കിട്ടിയ നാണയത്തുട്ടുകളാണ്‌ കുട്ടികൾ ഇത്തവണ ഓണക്കോടി വാ ങ്ങുന്നതിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

പ്രളയക്കെടുതിയിൽ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളടക്കമുള്ളവരുടെ വേദന തിരിച്ചറിഞ്ഞാണ്‌ തങ്ങളുടെ കുഞ്ഞുസമ്പാദ്യം കൈമാറാൻ അവർ തീരുമാനിച്ചത്‌. കുടുക്കകൾ ഏറ്റുവാങ്ങി മുഖ്യമന്ത്രി പറഞ്ഞു– ‘നിങ്ങൾ നൽകിയ നാണയത്തുട്ടുകൾ വിലപ്പെട്ട നിധിയായി കണക്കാക്കുന്നു.ഗാന്ധിഭവൻ അധികൃതർ നിങ്ങൾക്ക്‌ ഓണക്കോടി വാങ്ങിത്തന്നേക്കാം. എന്നാൽ, നിങ്ങൾക്കുള്ള ഓണക്കോടി ഞാൻ എത്തിക്കും’. വേദിയിലുണ്ടായിരുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വരദരാജനെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു–- ‘വരദൻ മുഖേന ഓണക്കോടി എത്തിക്കും. അതിന്‌ അനുവദിക്കണം’. നിർത്താതെ കൈയടിച്ച സദസ്സിനൊപ്പം കുട്ടികളുടെ സന്തോഷവും ചേർന്നു.

വനിതാ കമീഷൻ അംഗം ഷാഹിദ കമാൽ ഒരുമാസത്തെ ശമ്പളമായ 70,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറി. ഗാന്ധി ഭവൻ സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപകർ 25,000 രൂപയും  നൽകി.  ഗാന്ധിഭവൻ തിരുവനന്തപുരത്ത്‌ ആരംഭിച്ച റീജ്യണൽ ഓഫീസിന്റെയും വാർഷികത്തോടനുബന്ധിച്ച്‌ ഗാന്ധി ഭവൻ ആരംഭിക്കുന്ന 15 പദ്ധതികളുടെയും ഉദ്‌ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top