18 August Thursday

ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

തിരുവനന്തപുരം> പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഗാന്ധിയൻ പി ഗോപിനാഥൻ നായർ അന്തരിച്ചു.   ചൊവ്വാഴ്‌ച രാത്രി 8.45. ഓടെയായിരുന്നു അന്ത്യം.  നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖത്തെതുടർന്ന്‌ ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്നു.  ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.  100 വയസ്‌ തികയാൻ രണ്ടുദിവസം ബാക്കി നിൽക്കെയായിരുന്നു അപ്രതീക്ഷിത മരണം.

ഗാന്ധിയൻ ആദർശങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അമരക്കാരനായിരുന്ന ഗോപിനാഥൻ നായരെ  2016ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഭാര്യ: സരസ്വതിയമ്മ. ബുധനാഴ്‌ച  മൃതദേഹം  നെയ്യാറ്റിൻകര ടൗൺഹാളിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. വൈകിട്ട്‌ നാലിന്‌ നെയ്യാറ്റിൻകര ടിബി ജങ്‌ഷനിലെ തറവാട്ടു(നാരായണീയം)വളപ്പിൽ സംസ്‌കാരം.

1922 ജൂലൈ ഏഴിന്‌ നെയ്യാറ്റിൻകരയിലായിരുന്നു ഗോപിനാഥൻ നായരുടെ ജനനം. 1934ൽ ഗാന്ധിജിയെ കണ്ടതാണ്‌ ജീവിതത്തിലെ വഴിത്തിരിവ്‌. കന്യാകുമാരിയിലേക്കുള്ള  യാത്രക്കിടെ നെയ്യാറ്റിൻകരയിൽ ഗാന്ധിജിക്ക്‌ നൽകിയ സ്വീകരണത്തിലാണ്‌  അദ്ദേഹത്തെ കണ്ടത്‌. ഇതോടെ ഗാന്ധിയിലും ഗാന്ധിയൻ ആദർശങ്ങളിലും ആകൃഷ്ടനായി. ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്തിട്ടുള്ള ഗോപിനാഥൻ നായർ ഗാന്ധിജി സ്ഥാപിച്ച സേവ ഗ്രാം ആശ്രമത്തിന്റെ ചെയർമാൻ, ഗാന്ധി സ്‌മരാക നിധി ദേശീയ അധ്യക്ഷൻ, സർവസേവ സംഘത്തിന്റെ അഖിലേന്ത്യ പ്രസിഡന്റ്‌, ഗാന്ധി പീസ്‌ ഫൗണ്ടേഷൻ ഉന്നതതല കർമ സമിതി അംഗമായും പ്രവർത്തിച്ചു. 

ഭൂദാന യജ്ഞവുമായി ബന്ധപ്പെട്ടുള്ള വിനോബഭാവെയുടെ പദയാത്രയിൽ അണിചേർന്നിരുന്നു. ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. പഞ്ചാബിലെ ഹിന്ദു–- സിഖ്‌ ലഹള, മാറാട്‌ കലാപ വേളയിലും സമാധാന ദൗത്യങ്ങളിൽ പങ്കുവഹിച്ചു. ജീവിതത്തിന്റെ അവസാന നാളുകൾ വരെ ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിച്ചാണ്‌ ഗോപിനാഥൻ നായരുടെ മടക്കം.

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം> ഗാന്ധിയൻ പി ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിർത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥൻ നായർ. ഗാന്ധിയൻ മൂല്യങ്ങൾ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും പകർത്തിയ അദ്ദേഹം ശുദ്ധവും സുതാര്യവുമായ വ്യക്തിത്വത്തിന്റെ ഉടമയാണ്‌. ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് എന്നും വറ്റാത്ത പ്രചോദനം നൽകി മുമ്പേ നടന്ന മാതൃകാ വ്യക്തിത്വങ്ങളിലൊന്നാണ്  നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top