03 March Wednesday

ഗെയിൽ പൈപ്പു‌ലൈൻ; മൂന്നാംഘട്ടം മാർച്ച്‌ 15നകം കമീഷൻ ചെയ്യും

ശ്രീരാജ‌് ഓണക്കൂർUpdated: Monday Jan 25, 2021

കൊച്ചി > ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം മാർച്ച്‌ 15നകം കമീഷൻ ചെയ്യും. പാലക്കാട്‌ കൂറ്റനാടുമുതൽ കോയമ്പത്തൂർ ഐഒസി സിറ്റി ഗേറ്റുവരെ നീളുന്ന പൈപ്പുലൈനിലാണ്‌ (105 കിലോമീറ്റർ) ഗ്യാസ്‌ നിറയ്‌ക്കുക. ഇന്ത്യൻ ഓയിൽ കോർപറേഷനുവേണ്ടിയാണ്‌‌ ആദ്യം ഇന്ധനം നൽകുക. വാളയാറിനും കോയമ്പത്തൂരിനും മധ്യേ ദേശീയപാതയിലുള്ള പിച്ചന്നൂർ ടെർമിനലിലേ‌ക്ക്‌ ഗ്യാസ്‌ എത്തിക്കുകയാണ്‌ ഗെയിൽ ചെയ്യുക. ‌ഇതോടെ തൃശൂർ, പാലക്കാട്‌ ജില്ലകളിലെ സിറ്റി ഗ്യാസ്‌ പദ്ധതി‌ക്ക്‌ കൂടുതൽ വേഗം കൈവരും.

പൈപ്പുലൈനിന്റെ സുരക്ഷാപരിശോധനയുടെ ഭാഗമായ ഹൈഡ്രോ ടെസ്‌റ്റിങ്‌ തിങ്കളാഴ്‌ച ആരംഭിക്കുമെന്ന്‌ ഗെയിൽ ഇന്ത്യ ജനറൽ മാനേജർ ജോസ്‌ തോമസ്‌ പറഞ്ഞു. ഗ്യാസ്‌ നിറയ്‌ക്കുന്നതിനേക്കാൾ 150 ശതമാനം അധികമർദത്തിൽ വെള്ളം നിറച്ചാണ്‌ പരിശോധന‌. പൈപ്പുലൈൻ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കിൽ ലീക്കുണ്ടായാൽ കണ്ടെത്തുന്നതിനാണ്‌ ഹൈഡ്രോ ടെസ്‌റ്റ്‌. തുടർന്ന്‌ പൈപ്പു‌ലൈനിൽനിന്നുള്ള വെള്ളം നീക്കി ഈർപ്പം കളയും. പിന്നീട്‌ കംപ്രസർ ഉപയോഗിച്ച്‌ പൈപ്പു‌ലൈൻ ഉണക്കും. പൊടിവിമുക്തമാക്കാൻ വാക്യും ഡ്രൈയിങ്ങും നടത്തും. ഇലക്‌ട്രോണിക്‌ ജോമെട്രി പിഗ്ഗിങ്‌ ഉപയോഗിച്ച്‌ കേടുപാട്‌ പരിശോധിക്കും. ഇതിനുശേഷമാകും കമീഷനിങ്‌.

കൊച്ചിയിലെ വ്യവസായശാലകൾക്ക്‌ പ്രകൃതിവാതകം കൊടുക്കുന്ന പൈപ്പുലൈൻ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2010ൽ തുടങ്ങി 2013 ആഗസ്ത്‌‌ 25ന് കമീഷൻ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു പൈപ്പു‌ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചിന്‌ നാടിന്‌ സമർപ്പിച്ചിരുന്നു. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത്‌ 510 കിലോമീറ്ററാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top