കഴിഞ്ഞ അഞ്ചുവർഷത്തിൽ നാമെത്തിപ്പിടിച്ച വികസന കൊടുമുടികളെത്ര... ദേശീയപാത, ഗെയിൽ, പവർ ഹൈവേ ഇവ ചിലതുമാത്രം. ആ പട്ടിക സിൽവർലൈനിന്റെ പടിവാതിലിലാണ്. നാടാവശ്യപ്പെട്ട അടിസ്ഥാന വികസന പദ്ധതികൾക്കെല്ലാം തുരങ്കം വയ്ക്കാൻ മത്സരിക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും എസ്ഡിപിഐ തുടങ്ങിയ മതതീവ്രവാദ സംഘടനകളും. സർവേക്കല്ല് പിഴുതുമാറ്റി, സമരാഭാസങ്ങൾ അരങ്ങ് തകർക്കുമ്പോൾ മുൻ സമരങ്ങളിൽനിന്ന് പിന്മാറി ഭൂമി വിട്ടുകൊടുത്തവർ തന്നെ പറയുന്നു....
മുക്കം (കോഴിക്കോട്)
‘ഈ പോകുന്നതാ ഗെയിൽ പൈപ്പ്. വീട്ടിൽനിന്ന് പത്ത് മീറ്റർ ദൂരമുണ്ടാകും. ഇത് ഭൂമിക്കടിയിലെ ബോംബാന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാരുന്നു സമരം. ദാ ഈ ‘ബോംബും’ വച്ച് ഞാളെല്ലാം ഇവിടെ സുഖായി കഴിയുന്നു’–- വീട്ടുപറമ്പിലെ ഗെയിൽ പൈപ്പ്ലൈൻ ചൂണ്ടി നടുവിലേടത്തില്ലത്ത് വിഷ്ണുനമ്പൂതിരി പറഞ്ഞു. ഈ ഭാഗത്ത് വാഴവച്ചിട്ടുണ്ട്. ഒപ്പം കപ്പയും കാച്ചിലും. ഒരു പ്രശ്നവുമില്ല. വളപ്പിൽ നാട്ടിയ ഗെയിൽ ദിശാസൂചിക്കടുത്തുനിന്ന് നമ്പൂതിരി പറഞ്ഞു.
ഗെയിലിനെതിരെ യുഡിഎഫ്–-ജമാഅത്തെ ഇസ്ലാമി സഖ്യത്തിന്റെ സമരകേന്ദ്രമായിരുന്ന എരഞ്ഞിമാവിൽനിന്ന് വിളിപ്പാടകലെയാണ് വിഷ്ണുനമ്പൂതിരിയുടെ വീട്. ‘ഇവിടെ പൈപ്പൊന്നുമല്ല പൊട്ടിയത്, ഇത് വരാതാക്കാൻ നുണയും തെറ്റും പ്രചരിപ്പിച്ചവരുടെ വിശ്വാസ്യതയാണ്. എന്തൊക്കെ കാട്ടിക്കൂട്ടി. പൊറത്ത്ന്നുള്ളവര് വന്ന് കച്ചറയുണ്ടാക്കിയതാ.’ –- നാലുവർഷംമുമ്പ് നടന്ന സമരവും പ്രശ്നങ്ങളും ഇദ്ദേഹം മറന്നിട്ടില്ല. ബിജെപി കോഴിക്കോട് ജില്ലാകമ്മിറ്റി അംഗത്വം രാജിവച്ചാണ് വിഷ്ണുനമ്പൂതിരി ഗെയിലിന് സ്ഥലം വിട്ടുകൊടുത്തത്. ഏറ്റവുമധികം ഭൂമി വിട്ടുകൊടുത്ത കുടുംബങ്ങളിലൊന്നാണിത്. അനുജൻ ജനാർദനൻ, ജ്യേഷ്ഠൻ പരേതനായ നാരായണൻ നമ്പൂതിരി, വല്യച്ഛൻ പരേതനായ കൃഷ്ണൻ നമ്പൂതിരി, ചെറിയച്ഛൻ ശ്രീധരൻ നമ്പൂതിരി തുടങ്ങിയവരുടെയെല്ലാം പറമ്പിലൂടെ ‘ഗെയിൽ കുതിച്ചൊഴുകുന്നു’ണ്ടിപ്പോൾ. ഭൂമി നൽകിയതിന്റെ പേരിൽ ഒരാധിയുമില്ലെന്നതിന് ഈ നാട്ടുകാരുടെ സ്വസ്ഥജീവിതം തെളിവ്.
നഷ്ടപരിഹാരം കിട്ടി, നല്ല ഇടപെടൽ
ഗെയിലിന് 16 സെന്റോളമാണ് വിഷ്ണുനമ്പൂതിരി വിട്ടുകൊടുത്തത്. തേക്ക്, തെങ്ങ് തുടങ്ങി വെട്ടിമാറ്റിയ മരങ്ങൾക്കെല്ലാം നഷ്ടപരിഹാരം കിട്ടി. മതിൽ കെട്ടാനും മറ്റും നഷ്ടപരിഹാരം കിട്ടിയവരുണ്ട്. ‘സ്ഥലം കൊടുത്തതിൽ ഒരു സങ്കടോം ഇല്ല. ’–- ആശ്വാസവും തൃപ്തിയും നിറഞ്ഞ ചിരിയോടെ വിഷ്ണുനമ്പൂതിരി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..