22 September Sunday

ഗാഡ്‌ഗിൽ റിപ്പോർട്ട്‌; ഉമ്മൻചാണ്ടിയെ തള്ളി മുല്ലപ്പള്ളി

എം വി പ്രദീപ‌്Updated: Sunday Aug 18, 2019

തിരുവനന്തപുരം > പ്രകൃതിദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാരിൽ കെട്ടിവയ്‌ക്കാൻ ശ്രമിക്കുന്ന കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉന്നംവയ്‌ക്കുന്നത്‌ യുഡിഎഫ്‌ ഭരണകാലത്തെ ഉമ്മൻചാണ്ടിയുടെ നടപടികളെ. പ്രകൃതിദുരന്തം സർക്കാർ ക്ഷണിച്ചുവരുത്തിയതാണെന്നും പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള ഗാഡ്‌ഗിൽ റിപ്പോർട്ട്‌ സർക്കാർ നടപ്പാക്കാത്തതാണ്‌ പ്രശ്‌നങ്ങൾക്ക്‌  കാരണമെന്നുമാണ്‌  മുല്ലപ്പള്ളിയുടെ വാദം.

ഇതിനെ തള്ളി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്‌ രംഗത്തുവന്നു. ഗാഡ്‌ഗിൽ റിപ്പോർട്ട്‌ അപ്രസക്തമാണെന്നും കസ്‌തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കണമെന്നും ഡീൻ കുര്യാക്കോസ്‌ പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ തള്ളിയ ഗാഡ്‌ഗിൽ റിപ്പോർട്ടിന്റെപേരിൽ എൽഡിഎഫിനെ പഴിചാരുകയാണ്‌ മുല്ലപ്പള്ളി.

ഗാഡ്‌ഗിൽ, കസ്‌തൂരി രംഗൻ റിപ്പോർട്ടുകൾക്കുമേൽ 2012 ലും 2014 ലും നിയമസഭയിൽ  ഉമ്മൻചാണ്ടി അവതരിപ്പിച്ച പ്രമേയം മുല്ലപ്പള്ളിയുടെ കള്ളക്കണ്ണീരിനുള്ള മറുപടിയാണ്‌. 2012 ഡിസംബറിൽ സഭയിൽ വന്ന ഉപക്ഷേപം ചർച്ചചെയ്യവെ ഉമ്മൻചാണ്ടി അവതരിപ്പിച്ച പ്രമേയത്തിൽനിന്ന്‌: “മാധവ്‌ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ ജനങ്ങളിലുണ്ടാക്കിയിട്ടുള്ള ആശങ്ക ഈ സഭ ഉൾക്കൊള്ളുന്നു. പരിസ്ഥിതി–-വനം സംരക്ഷണത്തിന്റെ പ്രസക്തി പൂർണമായും അംഗീകരിക്കുന്നതോടൊപ്പം ജനജീവിതവും നാടിന്റെ വികസന ആവശ്യങ്ങളുംകൂടി സമന്വയിപ്പിച്ച്‌ പ്രായോഗികമായ ഒരു സമീപനം രൂപീകരിക്കണമെന്ന്‌ സഭ അഭിപ്രായപ്പെടുന്നു.

ഗാഡ്‌ഗിൽ  റിപ്പോർട്ടിലെ അപ്രായോഗികമായ ശുപാർശകൾ അംഗീകരിക്കരുതെന്നും പരിസ്ഥിതി–- വനമേഖലകളിലെ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ ജനപങ്കാളിത്തത്തോടുകൂടിയുള്ള സമഗ്ര ചർച്ചയ്‌ക്കുശേഷമേ നടപ്പാക്കാവൂ എന്നും ഈ സഭ കേന്ദ്രസർക്കാരിനോട്‌ ഐക്യകണ്‌ഠ്യേന അഭ്യർഥിക്കുന്നു’. ഈ പ്രമേയത്തെയാണ്‌ ഇപ്പോൾ മുല്ലപ്പള്ളി തള്ളിപ്പറയുന്നത്‌.

ഗാഡ്‌ഗിൽ റിപ്പോർട്ടിനെ തുടർന്ന്‌ വന്ന കസ്‌തൂരി രംഗൻ റിപ്പോർട്ട്‌ ചർച്ചചെയ്യാൻ 2014 ജനുവരിയിൽ സഭ പ്രത്യേകം യോഗം ചേർന്നപ്പോൾ ഉമ്മൻചാണ്ടി അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നതിങ്ങനെ:  ‘കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ സംബന്ധിച്ച്‌ കേരളത്തിലെ ജനങ്ങൾക്കിടയിൽ ഉയർന്നുവന്നിട്ടുള്ള ആശങ്ക കണക്കിലെടുത്ത്‌ പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുമ്പോൾ ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കർഷകവിരുദ്ധ നിർദേശങ്ങൾ ഉപേക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന നിർദേശങ്ങൾ പരിഗണിച്ച്‌ മാത്രമേ അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും ഈ സഭ കേന്ദ്രസർക്കാരിനോട്‌ അഭ്യർഥിക്കുന്നു’.
വസ്‌തുത ഇതായിരിക്കെ ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടും ഉയർത്തി മുല്ലപ്പള്ളി രംഗത്തുവന്നത്‌ കോൺഗ്രസിനകത്തെ തമ്മിലടി മൂർച്ഛിപ്പിച്ച്‌ കെപിസിസി പ്രസിഡന്റായി തുടരാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top