15 October Tuesday

വൈറ്റില‐കുണ്ടന്നൂർ സർവ്വീസ്‌ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കും; കൊച്ചി കോർപ്പറേഷനിൽ പൊതുമരാമത്ത് റോഡുകൾ 85.52 കിലോമീറ്റര്‍ മാത്രം

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

തിരുവനന്തപുരം > വൈറ്റില - കുണ്ടന്നൂര്‍ മേല്‍പ്പാലം - സര്‍വ്വീസ് റോഡുകള്‍ ടൈല്‍ വിരിച്ച് ഉടന്‍ ഗതാഗതം സുഗമമാക്കുമെന്ന്‌ മന്ത്രി ജി സുധാകരൻ പറഞ്ഞു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആകെയുള്ള 614 കിലോമീറ്റര്‍ റോഡുകളില്‍ 85.52 കിലോമീറ്റര്‍ റോഡുകള്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളത്. ബാക്കിയുള്ള 528.48 കിലോമീറ്റര്‍ റോഡുകളുടെ പരിപാലനവും നടത്തിപ്പും കൊച്ചിന്‍ കോര്‍പ്പറേഷന്റെ അധികാരപരിധിയിലാണ് ‐ മന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിലുള്ള പൊതുമരാമത്ത് റോഡുകള്‍ ഭൂരിഭാഗവും ഭേദപ്പെട്ട അവസ്ഥയിലാണ്. കേടുപാടുകള്‍ സംഭവിച്ചത് പ്രധാനമായും യുട്ടിലിറ്റി ഷിഫ്റ്റിംഗ്, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കല്‍, കെ.എസ്.ഇ.ബിയുടെ കേബിളുകള്‍ സ്ഥാപിക്കല്‍ അദാനിയുടെ ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. വൈറ്റില þ പാലാരിവട്ടം റോഡില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും വാട്ടര്‍ അതോറ്റിയുടെ കുടിവെള്ള പൈപ്പ് ലൈന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാല്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. വെണ്‍മല þ പാലച്ചുവട് റോഡില്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ക്രമീകരിച്ചിട്ടുണ്ടെങ്കിലും, കെ.എസ്.ഇ.ബിയുടെ കേബിള്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പൊതുമരാമത്ത് വകുപ്പിന് പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

പാലച്ചുവട് þ നിലംപതിഞ്ഞി റോഡ് ആദ്യം അദാനി ഗ്യാസ് പൈപ്പ് ലൈന്‍ ഇടുന്നതിന് വേണ്ടി കുഴിച്ചു. അതിന് ശേഷം വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനിന് വേണ്ടി കുഴിച്ചു. ഇനി വീണ്ടും കെ.എസ്.ഇ.ബിയുടെ കേബിളുകള്‍ ഇടുന്നതിന് വേണ്ടി കുഴിക്കുവാനുണ്ട്. ഈ പ്രവൃത്തി കൂടി കഴിഞ്ഞാല്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിന് ഈ റോഡില്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് സാധിക്കുകയുള്ളു. ഈ റോഡിലെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പ് ക്രമീകരിച്ചിട്ടുണ്ട്. ദേശീയപാത വിഭാഗത്തിന് കീഴില്‍ വരുന്ന കൊച്ചി þ മധുര ദേശീയപാത (എന്‍.എച്ച് 85) 2 കിലോമീറ്റര്‍ ഭാഗം കൊച്ചി മെട്രോയ്ക്ക് വേണ്ടി വിട്ടു കൊടുത്തിട്ടുള്ളതാണ്. ഈ ഭാഗത്ത് വരുന്ന പേട്ട പാലം അടക്കം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കേണ്ടത് കെ.എം.ആര്‍.എല്‍þന്റെ ഉത്തരവാദിത്വമാണ്. ബാക്കിയുള്ള ഭാഗങ്ങളില്‍ ദേശീയപാത വിഭാഗം പ്രവൃത്തി ക്രമീകരിച്ചിട്ടുണ്ട്. കുഴികള്‍ എല്ലാം തന്നെ താല്ക്കാലികമായി വെറ്റ്മിക്സ് അടക്കം ഉപയോഗിച്ച് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വൈറ്റില þ കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ പ്രവൃത്തികള്‍ അതിവേഗത്തില്‍ തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള വടക്കഞ്ചേരി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത 47 ല്‍ പല ഭാഗങ്ങളിലും റോഡ് തകര്‍ന്ന അവസ്ഥയിലാണ്. ടോള്‍ വാങ്ങി ഗതാഗതം അനുവദിക്കുന്ന ഈ ദേശീയപാതയുടെ അറ്റകുറ്റപ്പണികളും ഉപരിതലം പുതുക്കലും ദേശീയപാത അതോറിറ്റിയും ടോള്‍ കമ്പനികളും യഥാസമയം നടത്താത്തതിനാല്‍ സുഗമമായ വാഹന ഗതാഗതം സാദ്ധ്യമല്ലാതായിരിക്കുന്നു. ജില്ലാ കളക്ടര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.

ഗതാഗത തിരക്കുള്ള റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഉപരിതലം പുതുക്കുന്നതിനും പലപ്പോഴും പോലീസ് അധികാരികളില്‍ നിന്നും അനുമതി ലഭിക്കാറില്ല. ഇടപ്പള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ ഉപരിതലത്തില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിന് പേലീസില്‍ പലതവണ അനുമതി ചോദിച്ചെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ലഭിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഇത് നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരെ പിന്തിരിപ്പിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നുണ്ട്.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കേണ്ടിയിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയാണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍മ്മിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് ഉറപ്പ് കൊടുത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ പ്രവൃത്തിയില്‍ നിന്നും കൈയ്യൊഴിയുകയാണ് ഉണ്ടായത്. ടെണ്ടര്‍ നടപടി പോലും സ്വീകരിക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഈ പ്രവൃത്തികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കിഫ്ബിയില്‍ നിന്നും പണം കണ്ടെത്തി ഇവയുടെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിതമാകുകയിരുന്നു. ഈ പദ്ധതികളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം മാത്രമാണ് ദേശീയപാത അതോറിറ്റി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുള്ളത്. ഈ രണ്ട് പാലങ്ങളുടെയും സര്‍വ്വീസ് റോഡുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ദേശീയപാത അതോറിറ്റി യാതൊരുവിധ ഡ്രെയിനേജ് പദ്ധതികളും ചെയ്തിട്ടുണ്ടായിരുന്നില്ല. ആയതിനാല്‍ കുണ്ടന്നൂരിലും വൈറ്റിലയിലും മഴപെയ്യുമ്പോള്‍ വെള്ളം കെട്ടി നില്‍ക്കുകയും റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അതാത് സമയത്ത് തന്നെ താല്ക്കാലികമായി ഈ റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ സര്‍വ്വീസ് റോഡുകളുടെ ഉപരിതലത്തില്‍ ബി.എം& ബി.സി ചെയ്യുന്നതിന് സാധിക്കുന്നില്ല. എന്നാല്‍ ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ച സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് ടൈലുകള്‍ വിരിച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. കേടുപാടുകള്‍ സംഭവിച്ച മറ്റ് ഭാഗങ്ങളില്‍ കൂടി ടൈലുകള്‍ വിരിച്ച് ഗതാഗയോഗ്യമാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹണ ചുമതലയുള്ള ദേശീയപാതയോടും എസ്.പി.വി ആയിട്ടുള്ള കെ.ആര്‍.എഫ്.ബി, ആര്‍.ബി.ഡി.സി.കെ യോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പാണ് ചെയ്യാത്ത കുറ്റങ്ങളുടെ പേരില്‍ പലപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത്. ഗ്യാസ് പൈപ്പ് ലൈന്‍, കെ.എസ്.ഇ.ബി കേബിളുകള്‍, വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ മറ്റ് ടെലിഫോണ്‍ കമ്പനികളുടെ കേബിളുകള്‍ എല്ലാം പൊതുമരാമത്ത് റോഡുകള്‍ കുഴിച്ചാണ് സ്ഥാപിക്കുന്നത്. ഇത്തരം ട്രഞ്ചുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കേണ്ടത് ബന്ധപ്പെട്ട കമ്പനികള്‍ തന്നെയാണ്. എന്നാല്‍ ഈ കമ്പനികള്‍ യഥാസമയം അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാത്തതിന്റെ പഴി മുഴുവന്‍ കേള്‍ക്കേണ്ടി വരുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഗതാഗതത്തിരക്കുള്ള റോഡുകളില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് അതാത് കമ്പനികള്‍ തന്നെ സ്ഥലം കണ്ടെത്തേണ്ട കാര്യം പരിഗണിക്കേണ്ടതാണ്. റോഡ്, പാലം പോലുള്ള ഏതൊരു നിര്‍മ്മാണ പ്രവൃത്തികളും നടക്കുമ്പോള്‍ താല്ക്കാലികമായ ചില ബുദ്ധിമുട്ടുകള്‍ യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകാറുണ്ട്. നല്ല റോഡും പാലവും യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇത്തരം ചെറിയ ത്യാഗങ്ങള്‍ സഹിച്ച് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

ഗതാഗത തിരക്കുള്ള റോഡുകള്‍ ആയതിനാല്‍ രാത്രികാലങ്ങളില്‍ മാത്രമേ പ്രവൃത്തികള്‍ ക്രമീകരിക്കാന്‍ സാധിക്കുന്നുള്ളു. ഗതാഗതതിരക്ക് ആയതിനാല്‍ ഒട്ടനവധി പ്രതിബന്ധങ്ങളെ മറികടന്നു കൊണ്ടാണ് വൈറ്റിലയിലും കുണ്ടന്നൂരും പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ചില തല്പര കക്ഷികള്‍ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചു എന്ന കുപ്രചരണം പോലും നടത്തുകയുണ്ടായി. വൈറ്റിലയിലേയും കുണ്ടന്നൂരിലേയും, സര്‍വ്വീസ് റോഡുകള്‍ കോണ്‍ക്രീറ്റ് ടൈലുകള്‍ വിരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. ഈ രണ്ട് മേല്‍പ്പാലങ്ങളും നിശ്ചിത സമയത്ത് തന്നെ പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനുള്ള അതിതീവ്രമായ പ്രയത്നത്തിലാണ് വകുപ്പ് ഏര്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top