കോഴിക്കോട് > കേരളത്തിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യം ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. അതിദരിദ്രർക്കും അഗതികൾക്കും അവശത അനുഭവിക്കുന്നവർക്കും റേഷൻവിഹിതം ഓട്ടോറിക്ഷയിൽ നേരിട്ട് വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ ‘ഒപ്പം’ പദ്ധതിയുടെ ജില്ലാ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ 6773 അതിദരിദ്ര കുടുംബങ്ങളുള്ളതായാണ് കണ്ടെത്തിയത്. ഇതിൽ 451 പേർക്ക് റേഷൻകാർഡ് ഉണ്ടായിരുന്നില്ല. 375 പേർക്ക് പുതുതായി കാർഡ് നൽകി. അവശേഷിക്കുന്നവർക്ക് സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ കാർഡ് നൽകും. കാർഡില്ലാത്ത ഒരു കുടംബവും സംസ്ഥാനത്ത് ഉണ്ടാകില്ല. കേരളത്തിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾ സംഭരിച്ച് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത് പരിഗണനയിലാണ്. റേഷൻ കടകൾ ആധുനികവൽക്കരിക്കും. എല്ലാ സേവനങ്ങളും ലഭിക്കുന്ന കെ സ്‌റ്റോർ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിൽ ആദ്യഘട്ടത്തിൽ കോർപറേഷനിലെ 11 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഏറ്റവും അർഹരായ 251 കുടുംബങ്ങൾക്കാണ് ജില്ലയിൽ ഒപ്പം പദ്ധതിയിലൂടെ റേഷൻ വീടുകളിൽ നേരിട്ടെത്തിക്കുന്നത്. രണ്ടാംഘട്ടത്തിൽ 240 കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഓട്ടോ ഡ്രൈവർ ഇമ്പിച്ചിക്കോയ മന്ത്രിയിൽനിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ. പി വസന്തം, ആസിഫ് അലി കണ്ണാടിക്കൽ, യു സതീശൻ, അഡ്വ. രതീഷ് ലാൽ, ടി പി റിയാസ്, സൂബലാൽ പാടക്കൽ, ടി മുഹമ്മദലി, പി കെ അബ്ദുൾ റഹീം എന്നിവർ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് സ്വാഗതവും പി പ്രമോദ് നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..