വിലക്രമീകരണം സപ്ലൈകോയെ പിടിച്ചുനിർത്താൻ : ജി ആർ അനിൽ
![Deshabhimani - ദേശാഭിമാനി ദിനപ്പത്രം](/images/placeholder-md.png)
തിരുവനന്തപുരം
സപ്ലൈകോയിൽ ഉൽപ്പന്നങ്ങളുടെ വില കുറച്ച കാര്യം മാധ്യമങ്ങൾ പറയുന്നില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വില ക്രമീകരിച്ച് ജനങ്ങളെ സഹായിക്കാനും സപ്ലൈകോയെ സംരക്ഷിക്കാനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യതയാൽ സപ്ലൈകോ തകർന്നുപോകുന്ന സാഹചര്യത്തിലാണ് വില കൂട്ടാൻ സർക്കാർ ആലോചിച്ചത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിൽ പറഞ്ഞതനുസരിച്ചാണ് സപ്ലൈകോ വില വർധിപ്പിക്കാത്തത്. ഏകദേശം പത്തു വർഷം മുമ്പുള്ള വിലയ്ക്കാണ് എട്ടു വർഷം സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ 13 നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തത്. സബ്സിഡി നൽകിയതിലൂടെ ആയിരത്തിലേറെ കോടി രൂപയുടെ ബാധ്യതയുണ്ടായി. ഈ കടക്കെണി എങ്ങനെ മാറ്റിയെടുക്കാമെന്ന ആലോചനയിലാണ് പത്തു മാസം മുമ്പ് വില പുതുക്കിയത്.
മാർക്കറ്റിലെ വിലയേക്കാൾ 30 ശതമാനമെങ്കിലും വിലക്കുറവിൽ സപ്ലൈകോ ഔട്ട്‌ലെറ്റിൽ സാധനങ്ങൾ ലഭ്യമാക്കണമെന്നായിരുന്നു അന്ന് ഉണ്ടാക്കിയ ധാരണ. 200ലധികം രൂപയുള്ള മുളക് 75 രൂപയ്ക്ക് നൽകേണ്ട അവസ്ഥയായിരുന്നു. മുളകിന്റെ വില അഞ്ച് രൂപ കുറയ്‌ക്കാൻ നടപടി നടക്കുന്നുണ്ട്. ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തം ജീവനക്കാർ
സിവിൽ സപ്ലൈസ് വകുപ്പിന് രൂപം കൊടുത്തതുമുതൽ ജീവനക്കാർ സേവന വേതന വ്യവസ്ഥയുടെ ഭാഗമായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അത് പരമാവധി ക്രമീകരിച്ച് സ്വന്തം ജീവനക്കാരെ പ്രൊമോട്ട് ചെയ്യുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Related News
![ad](/images/odepc-ad.jpg)
0 comments