07 October Monday

ദുർബലമായ സഹകരണസംഘങ്ങൾക്ക്‌ സാമ്പത്തിക സഹായം ; സഹകരണമേഖലയ്‌ക്ക്‌ കരുത്തായി പുനരുദ്ധാരണനിധി

സ്വന്തം ലേഖകൻUpdated: Friday Aug 30, 2024


തിരുവനന്തപുരം
കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട്‌ സംസ്ഥാന സർക്കാർ രൂപം നൽകിയ സഹകരണ പുനരുദ്ധാരണനിധി യാഥാർഥ്യമായി. ഇതുസംബന്ധിച്ച ഗസറ്റ്‌ വിജ്ഞാപനം വെള്ളിയാഴ്‌ച പുറത്തിറങ്ങി. പ്രതിസന്ധി നിമിത്തം ദുർബലമായതോ, പ്രവർത്തനം നിലച്ചതോ ആയ സംഘങ്ങൾ പുനരുദ്ധരിപ്പിക്കുന്നതിന്‌ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ്‌ ‘പുനരുദ്ധാരണ നിധി’. സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുകയാണ്‌ ലക്ഷ്യം. 

സഹകരണ മന്ത്രി അധ്യക്ഷനായ ഉന്നതതല സമിതിയാണ്‌ ഫണ്ട് അനുവദിക്കുന്നത്‌. സഹകരണ സെക്രട്ടറി, സഹകരണസംഘം രജിസ്‌ട്രാർ, സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, പാക്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്, സഹകരണസംഘം അഡീഷണൽ രജിസ്‌ട്രാർമാർ(ക്രെഡിറ്റ്), സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന രണ്ട് വിദഗ്‌ധർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കും. സംസ്ഥാന സഹകരണസംഘ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത സ്ഥാപനങ്ങൾക്ക്‌ ആനുകൂല്യങ്ങൾ ലഭിക്കും.

ഫണ്ട്‌ കണ്ടെത്തുന്നത്‌ ഇങ്ങനെ
സഹകരണ സംഘങ്ങളുടെ കരുതൽ ധനത്തിന്റെ 50 ശതമാനത്തിൽ അധികരിക്കാത്ത തുക, കാർഷിക വായ്‌പാ സംഘങ്ങളുടെ അറ്റാദായത്തിൽനിന്ന്‌ നീക്കിവച്ച അഗ്രികൾച്ചറൽ ക്രെഡിറ്റ് സ്റ്റെബിലൈസേഷൻ ഫണ്ടിന്റെ 50 ശതമാനത്തിൽ അധികരിക്കാത്ത തുക,പദ്ധതിക്കായി സംസ്ഥാന  സർക്കാർ അനുവദിക്കുന്ന തുക, ഈ പദ്ധതിയിൽ വ്യവസ്ഥ ചെയ്‌തിട്ടുളള പ്രകാരം ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാവുന്ന മറ്റേതെങ്കിലും തുക തുടങ്ങിയവ ഉൾപ്പെടുത്തിയാണ്‌ ഫണ്ട്‌ സ്വരൂപീകരിക്കുക.

ഫണ്ട് പ്രകാരം ലഭിക്കുന്ന തുക സംസ്ഥാന സഹകരണ ബാങ്കിൽ (കേരള ബാങ്ക്‌) നിക്ഷേപിക്കും. ഈ തുകയ്‌ക്ക്‌ സഹകരണ സംഘങ്ങൾ നിക്ഷേപിക്കുന്ന കരുതൽധനത്തിന് നൽകുന്ന പലിശ നിരക്കും നൽകും. സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ അഡീഷണൽ രജിസ്ട്രാർ ഫണ്ട് മാനേജരായി പ്രവർത്തിക്കും.

ഇന്ത്യക്ക്‌ മാതൃക : മന്ത്രി വി എൻ വാസവൻ
കേരളത്തിന്റെ ഗ്രാമീണ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കുന്നതിനാണ്‌ എൽഡിഎഫ്‌ സർക്കാർ മുൻഗണന നൽകുന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ അറിയിച്ചു. ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നിലേക്കുപോയാൽ അതിനെ കൈപിടിച്ചുയർത്തുന്നതിന്‌ ഒരു സാമ്പത്തിക സ്രോതസ് ഉണ്ടാകണം എന്ന ആലോചനയിൽനിന്നാണ് ‘സഹകരണ പുനരുദ്ധാരണ നിധി’ എന്ന ആശയം സർക്കാർ മുന്നോട്ടുവച്ചത്‌. ഇന്ത്യയിലെ സഹകരണ ബാങ്കിങ് മേഖലയ്‌ക്കാകെ മാതൃകയായ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top