Deshabhimani

കർണാടകയിൽ വിനോദ യാത്രക്ക് പോയ നാല് വിദ്യാർഥികൾ മുങ്ങി മരിച്ചു

വെബ് ഡെസ്ക്

Published on Dec 12, 2024, 10:13 AM | 0 min read

ബം​ഗളൂരു > കർണാടകയിൽ വിനോദ യാത്രക്ക് പോയ നാല് വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. ഉത്തരകന്നഡ മുരുഡേശ്വർ ബീച്ചിൽ ചൊവ്വാഴ്ചയാണ് സംഭവം. കോലാർ മുളബാഗിലു മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് 46 വിദ്യാർഥിനികളും അധ്യാപകരുമടങ്ങുന്ന സംഘം മുരുഡേശ്വറിൽ എത്തിയത്. ശക്തമായ തിരയെ തുടർന്ന് കടിലിൽ ഇറങ്ങരുതെന്നു ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇത് വകവയ്ക്കാതെ കടലിൽ ഇറങ്ങിയ ഏഴ് വിദ്യാർഥിനികൾ മുങ്ങിതാഴുകയായിരുന്നു. മൂന്നു പേരെ സുരക്ഷാ ഉദ്യോ​ഗസ്ഥരും മത്സ്യത്തൊഴിലാളികളും ചേർന്നു കരയ്‌ക്കെത്തിച്ചു. മരിച്ച നാല് പേരിൽ ഒരാളുടെ മൃതദേഹം സംഭവ ദിവസം വൈകിട്ടും മൂന്ന് പേരുടെ മൃതദേഹം ഇന്നലെയുമാണ് ലഭിച്ചത്.

സംഭവത്തിൽ വിദ്യാർഥി സംഘത്തെ നയിച്ച അധ്യാപകർക്കെതിരെ കർണാടക പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. മരിച്ച വിദ്യാർഥിനികളുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.



deshabhimani section

Related News

0 comments
Sort by

Home