22 October Friday
സുധാകരൻ പാർടി പിടിച്ചത്‌ താലിബാനെ പോലെ

കെ പി അനിൽകുമാർ കോൺഗ്രസിൽനിന്ന്‌ രാജിവെച്ചു; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021

കെ പി അനിൽകുമാർ

 
തിരുവനന്തപുരം> കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസിൽനിന്ന്‌ രാജിവെച്ചു. 43 വർഷത്തെ കോൺഗ്രസ്‌ പ്രവർത്തനം അവസാനിപ്പിക്കുയാണെന്ന്‌ വാർത്താസമ്മേളനത്തിൽ അനിൽ കുമാർ അറിയിച്ചു. ഡിസിസി പുനഃസംഘടനയിൽ അതൃപ്‌തി പ്രകടിപ്പിച്ച്‌ കടുത്ത നിലപാടെടുത്ത അനിൽകുമാറിനെ  സസ്‌പെൻഡ്‌  ചെയ്‌തിരുന്നു. അച്ചടക്ക നടപടിയിൽ  വിശദീകരണം നൽകിയിട്ടും സസ്‌പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിലാണ്‌ രാജി. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക്‌ രാജിക്കത്ത്‌ നൽകി. സിപിഐഎമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നും ഉപാധികളില്ലാതെയാണ്‌ സഹകരിക്കുകയെന്നും അനിൽകുമാർ പറഞ്ഞു.

പുതിയ നേതൃത്വം വന്നതോടെ ആളെ നോക്കിയാണ്‌ നീതി നടപ്പാക്കുന്നതെന്ന്‌ അനിൽകുമാർ പറഞ്ഞു.  നാലാം ക്ലാസിൽ തുടങ്ങിയതാണ്‌ കോൺഗ്രസ്‌ രാഷ്‌ട്രീയ പ്രവർത്തനം. താൻ അധ്യക്ഷനായിരിക്കെ യൂത്ത്‌ കോൺഗ്രസിനെ ഗ്രൂപ്പില്ലാതെ കൊണ്ടുനടന്നു. എന്നിട്ടും പദവികളിലേക്ക്‌ തഴയുകയായിരുന്നു. 2016ലും  2021ലും കൊയ്‌ലാണ്ടി സീറ്റ്‌ നൽകാതെ തഴഞ്ഞു. 2021ൽ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന്‌ പാർടി ആവശ്യപ്പെട്ടു.  പിന്നീട്‌ സീറ്റ്‌ നൽകാതെ തഴഞ്ഞു. വട്ടിയൂർക്കാവിൽ  സീറ്റ്‌ തരാമെന്ന്‌ പറഞ്ഞത്‌ കൊയ്‌ലാണ്ടി സീറ്റ്‌ തരാതിരിക്കാനുള്ള അടവായിരുന്നു.  

പാർടിയിൽ  നീതി നിഷേധിക്കപെടുമെന്ന ഉത്തമബോധം ഉണ്ട്‌.  കെ സുധാകരൻ പാർടി പിടിച്ചത്‌ താലിബാൻ തീവ്രവാദികളെ പോലെയാണ്‌. ഇപ്പോൾ പാർടിയിൽ ഏകാധിപത്യമാണ്‌. തന്റെ രക്‌തത്തിന്‌ വേണ്ടി   ദാഹിക്കുന്നവരാണ്‌ നേതൃത്വത്തിലുള്ളത്‌. പിന്നിൽനിന്ന്‌ കുത്തേറ്റ്‌ മരിക്കാനില്ല.

തന്നെ  സസ്‌പെൻഡ്‌ ചെയ്‌തത്‌ ഒരു ചാനലിനോട്‌ സംസാരിച്ചുകൊണ്ടിരിക്കെയാണ്‌. കോൺഗ്രസ്‌  പാർടിക്കകത്ത്‌  ജനാധിപത്യം നിലനിൽക്കുന്നുണ്ടോയെന്ന്‌  അന്വേഷിക്കേണ്ട നിലയിലാണെന്നും അനിൽകുമാർ പറഞ്ഞു.  

ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കെ പി അനിൽകുമാർ ഉയർത്തിയത്‌. പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ നിശ്‌ചയിച്ച രീതി ശരിയല്ല. ചർച്ചകൾ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന്‌ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്‌ കോൺഗ്രസിന്റെ  രീതിയല്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനിലും കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ പ്രതീക്ഷ നഷ്‌ടമായിയെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു.

കെ സുധാകരന്‌ സംഘപരിവാർ മനസ്സ്‌
കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ സംഘപരിവാർ മനസ്സാണെന്ന്‌ സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ രാജിവച്ചശേഷം വാർത്താ സമ്മേളനത്തിൽ കെ പി അനിൽകുമാർ പറഞ്ഞു. പുതിയ നേതൃത്വം കോൺഗ്രസിനെ ലിക്വിഡേറ്റ്‌ ചെയ്യുകയാണ്‌. ഭാരവാഹിയാക്കിയില്ലെങ്കിൽ ബിജെപിയിൽ പോകുമെന്ന്‌ പ്രഖ്യാപിച്ചയാളാണ്‌ സുധാകരൻ. മുതിർന്ന നേതാക്കളെ ആളെയിറക്കി അപമാനിച്ചാണ്‌ സ്ഥാനം കൈക്കലാക്കിയത്‌. ജനിച്ചപ്പോൾമുതൽ കോൺഗ്രസിലുള്ള എന്നെയാണ്‌ 1987ൽ കോൺഗ്രസിലേക്ക്‌ ഓടിക്കയറിയ സുധാകരൻ അച്ചടക്കം പഠിപ്പിക്കുന്നത്‌.

ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും കേട്ടാൽ അറയ്‌ക്കുന്ന ഭാഷയിൽ വിദേശത്തിരുന്ന്‌ അധിക്ഷേപിച്ചയാളെ  കെ എസ്‌ ബ്രിഗേഡായി ആദരിച്ചയാളാണ്‌ കെപിസിസി പ്രസിഡന്റ്‌.  കോൺഗ്രസിൽ ഇപ്പോൾ കൊടുക്കൽ വാങ്ങൽ ഇടപാടാണ്‌. ഏകാധിപത്യത്തിനും നീതിനിഷേധത്തിനുമെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. സസ്‌പെൻഷനുശേഷം ആറാം ദിവസം മറുപടി നൽകി. 11 ദിവസമായിട്ടും തീരുമാനമുണ്ടായില്ല. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതിൽ ചർച്ച നടന്നില്ലെന്ന്‌ പറഞ്ഞതിനായിരുന്നു സസ്‌പെൻഷൻ. ഇതേ കാര്യം ഉമ്മൻചാണ്ടിയും ചെന്നിത്തലയും പറഞ്ഞിട്ടും വിശദീകരണംപോലും ചോദിച്ചിട്ടില്ല. എന്റെ തലയറുക്കാനാണ്‌ നേതൃത്വം നോക്കുന്നത്‌. പിന്നിൽനിന്ന്‌ കുത്തേറ്റ്‌ മരിക്കാൻ തയ്യാറല്ല. അതുകൊണ്ട്‌ 43 വർഷത്തെ കോൺഗ്രസ്‌ ബന്ധം അവസാനിപ്പിക്കുന്നു. കേഡർ പാർടിയായ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ നാടിന്റെ ജനാധിപത്യത്തിനും മതേതരത്വത്തിനുംവേണ്ടി പ്രവർത്തിക്കാനാണ്‌ തീരുമാനം. രാജ്യത്ത്‌ കോൺഗ്രസിന്റെ അസ്‌തിത്വം നഷ്ടപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള മോദി സർക്കാരിന്റെ  ജനദ്രോഹ നടപടികളിൽ പകച്ചുനിൽക്കുകയാണ്‌. പ്രതിപക്ഷ ധർമം കോൺഗ്രസ്‌ മറന്നു. ആരും ഫ്ലക്‌സ്‌ വയ്‌ക്കരുതെന്നാണ്‌ കെ സുധാകരൻ പറയുന്നത്‌. കെപിസിസി പ്രസിഡന്റാകാൻ നാടുനീളെ ഫ്ലക്‌സ്‌ വച്ച സുധാകരനാണ്‌ ഇത്‌ പറയുന്നത്‌. പട്ടികജാതിക്കാരനായ കൊടിക്കുന്നിൽ സുരേഷ്‌  പ്രസിഡന്റാകണമെന്ന ചർച്ച വന്നപ്പോൾ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിലൂടെ ജാതിപറഞ്ഞ്‌ അപമാനിച്ചതും ഇപ്പോഴത്തെ നേതൃത്വമാണെന്നും അനിൽകുമാർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top