കോയമ്പത്തൂർ > ശക്തമായ മഴയിൽ കൂറ്റൻ മതിലിടിഞ്ഞ് വീടുകൾക്കുമുകളിൽ വീണ് 17 പേർ മരിച്ചു. മേട്ടുപ്പാളയത്ത് നടുർ എടി കോളനിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തം. പ്രമുഖ വസ്ത്ര വ്യാപാരിയുടെ വീടിന്റെ പിറകിലെ മതിലാണിടിഞ്ഞത്. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം ഇതോടെ 25 ആയി.
നാലുവീടുകളിൽ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. അരക്കാണി, ആനന്ദ്കുമാർ എന്നിവരുടെ കുടുംബത്തിലെ എല്ലാവരും മരിച്ചു. ഒമ്പതുപേരാണ് രണ്ട് വീട്ടിലുമായി ഉണ്ടായിരുന്നത്. അരക്കാണി (50), മക്കളായ മഹാലക്ഷ്മി (10), ഹരിസുധ (16), അരക്കാണിയുടെ സഹോദരി രുഗ്മിണി (40), അമ്മ ചിന്നമ്മാൾ (70-), അയൽവാസി ആനന്ദ്കുമാർ (40), ഭാര്യ നദിയ (30), മക്കളായ ലോകുറാം (12), അക്ഷയ് (7) എന്നിവരും ഗുരുസ്വാമി (45), രാമനാഥൻ (20), ഒവിയമ്മാൾ (30), ശിവകാമി (45), നിവേദിത (18), വൈദേഹി (20), തിലകവതി (50), മംഗലാമ്മാൾ (60) എന്നിവരുമാണ് മരിച്ചത്. മുപ്പതടി നീളവും 22 അടി ഉയരവുമുള്ള മതിലിന് ഏറെനാളായി ബലക്ഷയമുണ്ടായിരുന്നു. ഇത് പൊളിച്ചുമാറ്റണം എന്നാവശ്യപ്പെട്ട് കോളനി നിവാസികൾ പലതവണ പരാതി നൽകിയിരുന്നു.
ഫയർഫോഴ്സ് എത്തി മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുംകല്ലും നീക്കിയ ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തമിഴ്നാട്ടിൽ ആറു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയുടെ വിവിധ ഭാഗങ്ങളിലും വൻനാശമുണ്ടായി. രണ്ടു ദിവസം കൂടി മഴ തുടരും. തിരുവള്ളൂർ, രാമനാഥപുരം, തൂത്തുക്കുടി, കടലൂർ, തിരുനെൽവേലി, കാഞ്ചീപുരം ജില്ലകളിലാണ് അതീവജാഗ്രതാ നിർദേശമുള്ളത്.