23 March Saturday

ദുരിതബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങണം: എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കാലവർഷക്കെടുതി അനുഭവിക്കുന്നവർക്ക‌് ആശ്വാസം പകരാനും പകർച്ചവ്യാധി തടയാനും സന്നദ്ധപ്രവർത്തനത്തിൽ ഏവരുമൊന്നാകെ രംഗത്തിറങ്ങണമെന്ന‌് എൽഡിഎഫ‌് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയം അഭ്യർഥിച്ചു. എൽഡിഎഫ‌് പ്രവർത്തകർ അടിയന്തരമായി ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യക്തികളും സംഘടനകളും രാഷ്ട്രീയപാർടികളും അയൽ സംസ്ഥാനങ്ങളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട‌്. എങ്കിലും കേന്ദ്രത്തിൽനിന്ന‌് കൂടുതൽ സഹായമുണ്ടായേ തീരൂ. ദുരിതാശ്വാസസഹായത്തിന‌് കേന്ദ്രത്തിന‌് ഒരു പൊതുമാനദണ്ഡമുണ്ട‌്. അതിന്റെ ഭാഗമായാണ‌് 100 കോടി അനുവദിച്ചത‌്. എന്നാൽ, അതുകൊണ്ട‌് കേരളത്തിലെ സാഹചര്യം കൈകാര്യം ചെയ്യാനാകില്ല.

1924നുശേഷമുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത‌്. ഇത്ര ഗുരുതരമായ ഒരു സാഹചര്യം കേരള സംസ്ഥാനം രൂപം കൊണ്ടശേഷം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രത്തിൽനിന്ന‌് കൂടുതൽ സഹായം ഉണ്ടാകണം. പഴയ പ്രൊപ്പോസലുകളും പുതിയ സാഹചര്യത്തിനനുസരിച്ച‌് കൂടുതൽ ആവശ്യങ്ങളും ഉന്നയിച്ച‌് കേന്ദ്രസഹായത്തിനുള്ള നിവേദനം സംസ്ഥാന സർക്കാർ സമർപ്പിക്കും. കേരളത്തിന്റെ അടിയന്തരസാഹചര്യം കണക്കിലെടുത്ത‌് അധിക കേന്ദ്രസഹായം വേണം.

മുന്നണി വിപുലീകരണം സംബന്ധിച്ച‌് ഘടകകക്ഷികൾ തങ്ങളുടെ പാർടിഘടകങ്ങളിൽ ചർച്ച നടത്തുകയാണ‌്. മുന്നണിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ പിന്നീട‌് നടക്കും. ചീഫ‌് വിപ്പ‌് പദവി പുനഃസ്ഥാപിക്കാനും ക്യാബിനറ്റ‌് റാങ്കോടെ സിപിഐക്ക‌് നൽകാനുമുള്ള നിർദേശവും അംഗീകരിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി സിപിഐ പത്തുലക്ഷം കൈമാറി.  ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രനും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബുവും ചേർന്നാണ് ചെക്ക് മുഖ്യമന്ത്രി  പിണറായി വിജയന് കൈമാറിയത‌്. മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി സന്നിഹിതനായി. ദുരിതാശ്വാസനിധിയിലേക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരും ഉദാരമായി സംഭാവന  നൽകണമെന്ന‌് കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ അഭ്യർഥിച്ചു.

ദുരിതാശ്വാസനിധിയിലേക്ക് 25,000 രൂപ നൽകിയിട്ടുണ്ട‌്. മരുന്ന്, അരി, വസ്ത്രം തുടങ്ങിയവ പരമാവധി സമാഹരിച്ച് നൽകാൻ പ്രവർത്തകർ മുൻകൈ എടുക്കണമെന്നും ഹസ്സൻ അഭ്യർഥിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് പത്തു ലക്ഷം രൂപ നൽകി. ജില്ലാ പഞ്ചായത്ത‌് അംഗങ്ങളിൽനിന്നും ജീവനക്കാരിൽനിന്നും സ്വരൂപിച്ച തുകയ‌്ക്കു പുറമെ ജില്ലാ പഞ്ചായത്തിന്റെ തനത‌് വരുമാനംകൂടി സ്വരുക്കൂട്ടിയാണ‌് ഫണ്ട‌് നൽകിയത‌്. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്, വൈസ‌് പ്രസിഡന്റ‌് പി പി ദിവ്യ എന്നിവരടങ്ങുന്ന സംഘം തുക മന്ത്രി ഇ ചന്ദ്രശേഖരന‌് കൈമാറി. 

ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റി 25 ലക്ഷംരൂപയും പങ്കജകസ്തൂരി  ലിമിറ്റഡ് അഞ്ചുലക്ഷവും കുവൈത്തിലെ സെന്റ് ജോർജ് യൂണിവേഴ്സൽ  സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് 1,10,001 രൂപയും ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷൻ ഒരുലക്ഷം രൂപയും കൈമാറി.

തിരുവൈരാണികുളം മഹാദേവ ക്ഷേത്രം ട്രസ്റ്റ്  അഞ്ചുലക്ഷം രൂപയും ശാരദ വിദ്യാലയം  അഞ്ചുലക്ഷം രൂപയും കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പത്തുലക്ഷവും പെരിന്തൽമണ്ണ എംഇഎസ് അക്കാദമി  8,60,418 രൂപയും സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ഒരുലക്ഷം രൂപയും നൽകി.

കാന്തപുരം അബൂബക്കർ മുസലിയാർ അഞ്ചുലക്ഷം രൂപയും വി എം സുധീരൻ പതിനായിരംരൂപയും തിരുവനന്തപുരം കവടിയാർ ഗാർഡൻസിൽ കെ ഭാസ്കരൻപിള്ള  ഒരുലക്ഷം രൂപയും നൽകി.നടൻ മോഹൻലാൽ 25 ലക്ഷം രൂപ ചൊവ്വാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറും. തെലുങ്ക‌് നടൻ അല്ലു അർജുൻ 25 ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന‌് ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ അറിയിച്ചു. കൃഷിമന്ത്രിയുടെ ഓഫീസ് ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളവും  നൽകും. യുണൈറ്റഡ‌് നേഴ‌്സസ‌് അസോസിയേഷൻ 11 ലക്ഷം രൂപ നൽകും.

ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ച് ആവശ്യമായ സഹായങ്ങളെത്തിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ശേഖരിക്കാനും പ്രവർത്തകർ രംഗത്തിറങ്ങണമെന്ന്  ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി  അഭ്യർഥിച്ചു.

വേണ്ടത്‌ സാമ്പത്തിക സഹായം
കാലവർഷക്കെടുതിക്കിരയായി ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ സാമ്പത്തികസഹായമാണ‌് അത്യാവശ്യമായി വേണ്ടതെന്ന‌് മുഖ്യമന്ത്രിയുടെ ഓഫീസ‌് അറിയിച്ചു.

ദുരിതമനുഭവിക്കുന്നവർക്ക് എന്താണ് അത്യാവശ്യമെന്ന് കൃത്യമായി മനസ്സിലാക്കാതെ, ബുദ്ധിമുട്ടി ശേഖരിക്കുന്നതും വിലകൊടുത്തുവാങ്ങുന്നതുമായ പലതും പ്രയോജനപ്പെടാതെ പോകുന്ന അവസ്ഥയുണ്ടാകും. അത്യാവശ്യമുള്ള സാധനങ്ങൾ എന്താണെന്ന് അറിയിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട‌്. കുടുംബങ്ങൾ തിരിച്ച‌് വീട്ടിലേക്ക‌് പോകുമ്പോൾ ഫർണിച്ചർ ഉൾപ്പെടെയുളള വീട്ടുപകരണങ്ങളും ശയ്യോപകരണങ്ങളും പാത്രങ്ങളുമാണ് അത്യാവശ്യമായും വേണ്ടത്.  ക്യാമ്പുകളിൽ എത്തിച്ചേരാത്ത വീടുകൾ തകർന്നവർക്കും ഇതേ ആവശ്യങ്ങൾ തന്നെയാണുള്ളത്. സാധനങ്ങൾ അയക്കുന്നവർ അതത് കലക്ടറേറ്റുകളിലെ എമർജൻസി ഓപ്പറേഷൻ സെന്ററിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം. ജില്ലയ‌്ക്ക് പുറത്തുനിന്ന് സഹായം അയക്കാൻ താൽപ്പര്യമുള്ളവർ ആ ജില്ലയിലെ എസ‌്‌ടിഡി കോഡ് ചേർത്താണ‌് വിളിക്കേണ്ടത‌്. എന്നാൽ, വീടുകളും റോഡുകളും പുനർനിർമിക്കാനും കൃഷി നഷ്ടപ്പെട്ടവരെ സഹായിക്കാനും സാമ്പത്തികമായ പിന്തുണയാണ് ഈ ഘട്ടത്തിൽ ഏറ്റവും ആവശ്യം. ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധതയുള്ളവർ ദുരിതാശ്വാസനിധിയിലേക്ക‌് ഉദാരമായി സംഭാവന നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  അഭ്യർഥിച്ചു.

പ്രധാന വാർത്തകൾ
 Top