22 February Friday

മഴക്കെടുതി: ജില്ലകള്‍ക്ക് പണം അനുവദിച്ചതില്‍ വിവേചനമെന്ന പ്രചരണം അടിസ്ഥാന രഹിതം; തുക അനുവദിച്ചത്‌ കലക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

തിരുവനന്തപുരം > മഴക്കെടുതി നേരിടാൻ വിവിധ ജില്ലകള്‍ക്ക് പണം അനുവദിച്ചതില്‍ വിവേചനമുണ്ടെന്നും ചില ജില്ലകള്‍ക്ക് അനര്‍ഹമായി കൂടുതല്‍ പണം നല്‍കിയെന്നും ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും ചേരിതിരിവുണ്ടാക്കാനും ലക്ഷ്യമിട്ട് നടത്തുന്ന ദുഷ്‌പ്രചാരണമാണിതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്‌ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

മഴയും വെള്ളപ്പൊക്കവും കൂടുതൽ നാശം വിതച്ച തെക്കൻ ജില്ലകളേക്കാൾ പണം ഇത്തവണ വെള്ളപ്പൊക്കത്തിൽ താരതമ്യേന കുറവ്‌ നാശനഷ്‌ടമുണ്ടായ മലപ്പുറം ജില്ലയ്‌ക്ക്‌ അനുവദിച്ചെന്ന പ്രചരണത്തിന്‌ ചുക്കാൻ പിടിച്ചത്‌ ബിജെപിയാണ്‌. മലപ്പുറം മുസ്ലീം ഭൂരിപക്ഷ ജില്ലയായതിനാലാണിതെന്ന്‌ ധ്വനിപ്പിക്കുന്ന പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാർ പ്രചാരകർ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽപ്പോലും വർഗീയതയുടെ വിഷം കലർത്താനായിരുന്നു സംഘപരിവാർ ശ്രമം.

മലപ്പുറം ജില്ലക്ക് 26 കോടി രൂപ നല്‍കിയപ്പോള്‍ മറ്റു ജില്ലകള്‍ക്ക് 10 കോടി രൂപയില്‍ താഴെയാണ് അനുവദിച്ചതെന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌. എന്നാൽ ഇത്‌ സമര്‍ഥിക്കാന്‍ ഉദ്ധരിച്ച കണക്കുകള്‍ ശരിയല്ല. മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത പ്രവൃത്തിയുടെ ചെലവാണിത്. മുന്‍ വര്‍ഷങ്ങളിലെ റോഡ് പ്രവൃത്തിക്ക് ഉള്‍പ്പെടെ വരുന്ന ചെലവ് ബില്ലുകള്‍ വരുന്ന മുറയ്ക്ക് ഓരോ വര്‍ഷവും കൊടുത്തു തീര്‍ക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം ചെലവഴിച്ച തുകയില്‍ യുഡിഎഫ് കാലത്ത് അനുവദിച്ച റോഡ് പ്രവൃത്തികളുടേതടക്കം വരും. പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ കലക്ടര്‍മാരുടെ ആവശ്യപ്രകാരമാണ് ഓരോ ജില്ലക്കും പണം അനുവദിക്കുന്നത്. മുന്‍വര്‍ഷത്തെ ബില്ലുകള്‍ കൊടുത്തുതീര്‍ക്കാനുണ്ടെങ്കില്‍ അതിനുളള പണവും ഇതില്‍ ഉള്‍പ്പെടാറുണ്ട്.


2018 ജൂണ്‍, ജൂലൈ മാസങ്ങളില്‍ ദുരിതാശ്വാസത്തിന് ഓരോ ജില്ലക്കും അനുവദിച്ച തുക താഴെ ചേര്‍ക്കുന്നു.

1.    തിരുവനന്തപുരം ‐ 0.51 കോടി
2.    കൊല്ലം ‐ 1.16 കോടി
3.    പത്തനംതിട്ട ‐ 0.52 കോടി
4.    ആലപ്പുഴ ‐ 19.92 കോടി
5.    കോട്ടയം ‐ 7.21 കോടി
6.    ഇടുക്കി ‐ 1.96 കോടി
7.    എറണാകുളം ‐ 4.37 കോടി
8.    തൃശ്ശൂര്‍ ‐ 1.42 കോടി
9.    പാലക്കാട് ‐ 7.61 കോടി
10.    മലപ്പുറം ‐ 8.91 കോടി
11.    കോഴിക്കോട് ‐ 1.84 കോടി
12.    വയനാട് ‐ 1.82 കോടി
13.    കണ്ണൂര്‍ ‐ 3.81 കോടി
14.    കാസര്‍ഗോഡ് ‐ 2.06 കോടി

ആകെ ‐ 63.05 കോടി


വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന റോഡ് നന്നാക്കുന്നതിനുളള ചെലവ് ഈ കണക്കില്‍ പെടുന്നില്ല. മഴക്കെടുതി ഏറ്റവുമധികം ബാധിച്ച തെക്കന്‍ ജില്ലകള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ ധനസഹായം ചില വടക്കന്‍ ജില്ലകള്‍ക്ക് നല്‍കിയെന്ന വ്യാഖ്യാനം തെറ്റാണെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകും.

മുകളില്‍ കൊടുത്ത കണക്കിന് പുറമെ ജൂലൈ 25ന് ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആലപ്പുഴ ജില്ലക്ക് 2.44 കോടി രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1.69 കോടി രൂപ ബണ്ടുകള്‍ പുനര്‍നിര്‍മിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. കോട്ടയം ജില്ലക്ക് 50 ലക്ഷം രൂപ അനുവദിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലൂടെ കടന്നുപോകുന്ന എ സി റോഡ് അറ്റകുറ്റപ്പണി ചെയ്യാന്‍ 35 ലക്ഷം രൂപയും ദുരന്തനിവാരണ അതോറിറ്റി അനുവദിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top