17 October Thursday

തിരുവനന്തപുരം കോർപ്പറേഷനിൽനിന്നു മാത്രം ചുരം കയറിയത്‌ 18 ലോഡ്‌; മലയാളികളോട് തോൽക്കാൻ തൊരപ്പന്മാരുടെ ജീവിതം പിന്നെയും ബാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

"തെക്കനെയും മൂർഖനെയും ഒന്നിച്ചു കണ്ടാൽ ആദ്യം തെക്കനെ കെട്ടിപ്പിടിച്ചൊരുമ്മകൊടുക്കണം. പാമ്പിന്റെ കാര്യമൊക്കെ പിന്നെനോക്കാം. തിരുവനന്തപുരത്തുനിന്ന് കോർപ്പറേഷനിൽ നിന്ന് മാത്രം പതിനെട്ടോളം ലോഡുകൾ. പഴഞ്ചൊല്ലൊക്കെ പുതുക്കേണ്ട സമയമായി'. പ്രാദേശികവാദം പറഞ്ഞ്‌ ജനങ്ങളെ ഭിന്നിപ്പിക്കുന്നവർക്കുള്ള മറുപടികളാണ്‌ സമൂഹമാധ്യമങ്ങൾ മുഴുവൻ.

ഇക്കൊല്ലം ആരും ഒന്നും കൊടുക്കുന്നില്ല എന്ന്‌ പറഞ്ഞവർക്കുള്ള മറുപടിയാണ്‌ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന്‌ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക്‌ കയറി എത്തിയ 18 ലോഡ്‌ സാധനസാമഗ്രികൾ.

മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

വെറുതെ തെക്കന്മാരെ തോണ്ടി.

പ്പന്തായി?

തിരുവനന്തപുരം കോർപ്പറേഷനിൽനിന്നു മാത്രം ഇന്നലെയോടെ പതിനെട്ടു ലോഡ് വടക്കോട്ടു വിട്ടിട്ടുണ്ട്.

ദുരിതാശ്വാസനിധിയ്ക്കിട്ടു പണിയാൻ നോക്കിയിട്ടും ഏറ്റില്ല.

മലയാളികളോട് തോൽക്കാൻ തൊരപ്പന്മാരുടെ ജീവിതം പിന്നെയും ബാക്കി.

ദുരന്തബാധിത പ്രദേശങ്ങളിലേക്ക്‌ തെക്കൻ കേരളത്തിൽനിന്നും സഹായങ്ങൾ ലഭിക്കുന്നില്ലാ എന്നായിരുന്നു ചില നിക്ഷിപ്‌ത താൽപര്യക്കാരുടെ പ്രചാരണം. ചുരുങ്ങിയ സമയം കൊണ്ടാണ്‌ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ സാധനങ്ങൾ സംഭരിച്ച്‌ ലോറികളിൽ കയറ്റി അയച്ചത്‌. 18 ലോഡ്‌ സാധനങ്ങളുമായാണ്‌ ഇന്ന്‌ കൗൺസിലർ ഐ പി ബിനു പോസ്‌റ്റ്‌ ചെയ്‌തത്‌ സമൂഹമാധ്യമങ്ങൾ ഏവരും ഏറ്റെടുത്തിട്ടുണ്ട്‌.

റഫീഖ്‌ ഇബ്രാഹിമിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌:

തെക്കൻ കേരളം / വടക്കൻ കേരളം നരേറ്റീവിന് നിന്നു കൊടുക്കരുത്. നിലവിലെ പരിഭ്രാന്തി നാം മറികടക്കും, മനസിലായിടത്തോളം ഇപ്പോൾ തന്നെ കാര്യങ്ങൾ ഏറെ മുന്നോട്ടു പോയി.

സഹായമെത്തുന്നില്ല എന്നതിന്റെയർത്ഥം സംഘിന്റെ വിഷം ചീറ്റലിന് പ്രചരണം കിട്ടിയിരുന്നു എന്നു മാത്രമാണ്. അതിനെ തോൽപ്പിക്കേണ്ടത് തെക്ക് വടക്ക് വടംവലി കൊണ്ടല്ല.

നിരാശയിൽ നിന്നുള്ള തെക്കൻ കേരളത്തെ കുറ്റപ്പെടുത്തലുകളും, മലബാറിനെ പോറ്റാൻ കഴിവുള്ള എറണാകുളമെന്ന ഔദ്ധത്യവും ദയവായി ഒഴിവാക്കുക.

നാമൊന്നാണ്. We Shall Overcome

 


പ്രധാന വാർത്തകൾ
 Top