16 September Monday

മഴക്കെടുതി: ആലപ്പുഴ ജില്ലയിൽ 37 കോടിയുടെ ക‌ൃഷിനാശം; 21 കന്നുകാലികൾ ചത്തു

ആർ അജയ്‌ഘോഷ്‌Updated: Monday Aug 12, 2019

ആലപ്പുഴ> മഴക്കെടുതിയിൽ ജില്ലയിൽ 37 കോടി രൂപയുടെ ക‌ൃഷിനാശം. നെല്ലിനും പച്ചക്കറിക്കും ഇതര വിളകൾക്കും നാശമുണ്ടായി. രണ്ടാംക‌ൃഷിയുടെ 17 ശതമാനം മഴയെടുത്തു. നെൽക‌ൃഷിയിൽമാത്രം 12 കോടിയുടെ നഷ്‌ടമുണ്ടായെന്ന്‌ പ്രിൻസിപ്പൽ ക‌ൃഷി ഓഫീസർ പറഞ്ഞു. 7,300  ടൺ നെല്ല്‌ ലഭിക്കുമായിരുന്ന ക‌ൃഷിയാണ്‌ നശിച്ചത്‌. മടവീണ്‌ 18 പാടങ്ങളിലെ 896 ഹെക്‌ടർ ക‌ൃഷി പൂർണമായി നശിച്ചു.

മട കവിഞ്ഞ്‌ 28 പാടങ്ങളിലായി 1332 ഹെക്‌ടർ വെള്ളത്തിൽ മുങ്ങി. 20 മുതൽ 80 ദിവസംവരെ പ്രായമായ നെല്ലാണ്‌ പെരുംവെള്ളത്തിലായത്‌. 50 ദിവസം കഴിഞ്ഞാൽ കൊയ്യാനാകുമായിരുന്നവയും നശിച്ചു. ആകെ 13,000 ഹെക്‌ടറിലാണ്‌ ഇക്കുറി രണ്ടാംക‌ൃഷി ഇറക്കിയത്‌. ഇതിൽ 2228 ഹെക്‌ടർ മഴയെടുത്തു. മടവീണതാണ്‌ കൂടുതൽ പാടങ്ങളെയും ബാധിച്ചത്‌. കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന്‌, തകഴി, എടത്വ, വീയപുരം, ചെറുതന, കരുവാറ്റ, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ്‌ കൂടുതൽ നാശം.

കൈനകരിയിലെ രണ്ട്‌ പാടശേഖരങ്ങൾ പൂർണമായും വെള്ളത്തിലായി. കരുവാറ്റയിൽ 66 ഹെക്‌ടർ കൃഷി നശിച്ചു. വെള്ളത്തിൽ മുങ്ങിയ പാടശേഖരങ്ങളിലെ വെള്ളം പമ്പ്‌ സെറ്റ്‌ ഉപയോഗിച്ച്‌ വറ്റിച്ച്‌ പരമാവധി വിള വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്‌. അവശേഷിക്കുന്നിടങ്ങളിൽ മണ്ണുചാക്ക്‌ നിറച്ച്‌ ബണ്ടൊരുക്കി വിള സംരക്ഷിക്കും. വെള്ളം വറ്റിക്കാൻ പമ്പ്‌ സെറ്റുകൾ വാടകയ്‌ക്കെടുക്കാൻ ‌ക‌ൃഷിവകുപ്പ്‌ സാമ്പത്തികസഹായം നൽകുന്നുണ്ട്‌.

കഴിഞ്ഞവർഷം രണ്ടാം ക‌ൃഷിയിറക്കിയ 10,000 ഹെക്‌ടറും പ്രളയത്തിൽ നശിച്ചിരുന്നു. വാഴ, വെറ്റില, മരച്ചീനി, തെങ്ങ്‌ തുടങ്ങിയ കരക‌ൃഷി 826 ഹെക്‌ടർ നശിച്ചു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ഇറക്കിയ നൂറ്‌ ഏക്കറിലധികം ക‌ൃഷിയും വെള്ളത്തിലാണ്‌.
 
കുട്ടനാട്ടിലേക്ക്‌ പമ്പ് സെറ്റിന്‌ 1 കോടി

കുട്ടനാട് പാടശേഖരത്തിലെ വെള്ളം വറ്റിക്കാനാവശ്യമായ വലിയ പമ്പുസെറ്റുകൾ വാടകയ്‌ക്കെടുക്കാൻ ക‌ൃഷിവകുപ്പിന്‌ ഒരുകോടി രൂപ അടിയന്തരമായി നൽകിയതായി കലക്‌ടർ അദീല അബ്‌ദുള്ള പറഞ്ഞു. ജലസേചനവകുപ്പിന്റെ 12 പമ്പുസെറ്റുകൾ കൂടി കുട്ടനാട്ടിലേക്ക്‌ നൽകും. അപേക്ഷകളിൽ അന്വേഷണം നടത്തി പാടശേഖരങ്ങൾക്ക് മുൻഗണന ക്രമത്തിലാണ്‌ വിതരണംചെയ്യുക. നിലവിൽ ഇറിഗേഷന്റെ 28 പമ്പ് സെറ്റുകളിൽ 16 എണ്ണം വിവിധ പാടശേഖരങ്ങൾക്ക് നൽകിയിട്ടുണ്ട്.

21 കന്നുകാലികൾ ചത്തു

മഴക്കെടുതിയിൽ വളർത്തുമൃഗങ്ങൾക്കും നാശമുണ്ടായി. ക്ഷീരകർഷകരെയാണ്‌ കൂടുതൽ ബാധിച്ചത്‌. ഇതുവരെ 21 കന്നുകാലികൾ ചത്തു. ഏഴ്‌ തൊഴുത്തുകൾ നശിച്ചു. 20 കോഴികളും 10 താറാവുകളും 45 കാടയും ചത്തു.

ഡയറി ഡയറക്‌ടറേറ്റിൽ കൺട്രോൾ റൂം

ക്ഷീരമേഖലയിലെ ദുരന്തനിവാരണത്തിനായി ഡയറി ഡയറക്‌ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. ക്ഷീരസംഘങ്ങളിൽ പാൽസംഭരണം പുനക്രമീകരിക്കും. ക്ഷീരവികസനവകുപ്പിന്റെ കണ്ടിജൻസി ഫണ്ട് അടിയന്തര പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഫോൺ: 9446376108, 949645050432, 9447867975, 9446376988, ഇ–--മെയിൽ: dairydisatermanagement2019@gmail.com

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top