22 October Tuesday

കേന്ദ്ര സംഘമെത്തി; 2101 കോടിയുടെ നഷ്ടക്കണക്ക്‌ നൽകി

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019

തിരുവനന്തപുരം >  ഈ വർഷത്തെ പ്രളയത്തിലും ഉരുൾപൊട്ടലിലും ഉണ്ടായ നഷ്ടം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘത്തിന്‌  സംസ്ഥാനം 2101.9 കോടി രൂപയുടെ നാശനഷ്ടക്കണക്ക്‌ സമർപ്പിച്ചു. കേന്ദ്രമാനദണ്ഡ പ്രകാരമാണ്‌ നാശനഷ്ട കണക്ക്‌ തയ്യാറാക്കിയത്‌. യഥാർഥ കണക്ക്‌ ഇതിന്റെ പതിന്മടങ്ങ്‌ വരും. കേന്ദ്ര സംഘത്തെ നയിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി  ശ്രീപ്രകാശിന്‌ സംസ്ഥാന ദുരിതാശ്വാസ കമീഷണറും റവന്യൂ അഡീഷണൽ ചീഫ്‌ സെക്രട്ടറിയുമായ  ഡോ. വി വേണുവാണ്‌ നിവേദനം സമർപ്പിച്ചത്‌. 

 അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴമൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നത്. അതിനാൽ സാധാരണയിൽനിന്ന് വ്യത്യസ്തമായി കേരളത്തിന്റെ ഈവർഷത്തെ നിവേദനത്തിന്  പ്രത്യേക പരിഗണന  നൽകണമെന്ന്  ഡോ. വി വേണു കേന്ദ്രസംഘത്തോട്  ആവശ്യപ്പെട്ടു.

 ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ചമുതൽ വ്യാഴാഴ്‌ചവരെ ദുരിതബാധിത ജില്ലകൾ സന്ദർശിക്കും.
എഫ്സിഡി ഡയറക്ടർ എസ് സി മീണ, കൃഷി- സഹകരണ- കർഷകക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. കെ മനോഹരൻ, ജലവിഭവ മന്ത്രാലയ സൂപ്രണ്ടിങ്‌ എൻജിനിയർ വി മോഹൻ മുരളി, ഗ്രാമവികസന മന്ത്രാലയ റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി, വൈദ്യുതമന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടർ ഒ പി സുമൻ എന്നിവരാണ് സംഘത്തിലുള്ളത്‌.

 രണ്ടു ഗ്രൂപ്പായി തിരിഞ്ഞാണ്‌ ജില്ലകൾ സന്ദർശിക്കുക. ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ച രാവിലെ മലപ്പുറം കലക്‌ടറുമായി ചർച്ച നടത്തിയശേഷം പ്രളയ, ഉരുൾപൊട്ടൽ മേഖലകളിലെത്തും.  ബുധനാഴ്‌ച രാവിലെ വയനാട്ടിലെ പ്രദേശങ്ങൾ സന്ദർശിച്ചശേഷം കണ്ണൂരിലെത്തും. വ്യാഴാഴ്‌ച കണ്ണൂരിലെ ദുരിതബാധിത പ്രദേശങ്ങളിലെത്തും. വി മോഹൻ മുരളിയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്‌ച രാവിലെ ആലപ്പുഴയിലെ പ്രദേശങ്ങൾ സന്ദർശിക്കും. ബുധനാഴ്‌ച തൃശൂരിലെയും വ്യാഴാഴ്‌ച എറണാകുളത്തെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. 20ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കണ്ടശേഷം മടങ്ങും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top