22 October Tuesday
പട്ടിക തയ്യാറാക്കിയത്‌ കേന്ദ്ര മാനദണ്ഡപ്രകാരം

പേമാരിയും ഉരുൾപൊട്ടലും : 2100 കോടിയുടെ നഷ്ടക്കണക്ക്‌ നൽകും

റഷീദ‌് ആനപ്പുറംUpdated: Monday Sep 9, 2019

തിരുവനന്തപുരം> പേമാരിയും ഉരുൾപൊട്ടലും മൂലം വൻദുരന്തം നേരിട്ട കേരളത്തിലെ നാശനഷ്‌ടം വിലയിരുത്താനെത്തുന്ന കേന്ദ്ര സംഘത്തിന്‌ മുമ്പിൽ കേരളം സമർപ്പിക്കുന്നത്‌  2100 കോടിരൂപയുടെ പട്ടിക. കേന്ദ്ര മാനദണ്ഡപ്രകാരമാണ്‌ സംസ്ഥാന സർക്കാർ  കണക്ക്‌   തയ്യാറാക്കിയത്‌. നാശനഷ്‌ടത്തിന്റെ യഥാർഥ കണക്ക്‌  ഇതേക്കാൾ  എത്രയോ മടങ്ങുവരും. 16നാണ്‌ കേന്ദ്ര സംഘം കേരളത്തിൽ എത്തുന്നത്‌. അന്നേ ദിവസം കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ കേരളം നാശനഷ്‌ടങ്ങളുടെ  റിപ്പോർട്ട്‌ കേന്ദ്രസംഘത്തിന്‌  സമർപ്പിക്കും.  മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  പ്രധാനമന്ത്രിയെ അടക്കം കണ്ട്‌ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെടുന്ന കാര്യവും പരിഗണനയിലാണ്‌.
 
ആൾ നാശം, വീടുകളുടെ തകർച്ച,   കൃഷിനാശം,  പൊതുമരാമത്ത്‌, ജലസേചനം, വൈദ്യുതി , ക്ഷീരം, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിലെ  നഷ്‌ടം  കണക്കാക്കിയാണ്‌ പട്ടിക തയ്യാറാക്കിയത്‌. ഇതിനായി എല്ലാവകുപ്പ്‌ മേധാവികളും നഷ്‌ടപരിഹാരത്തിന്റെ കണക്ക്‌ സമർപ്പിച്ചിരുന്നു. കേന്ദ്ര മാനദണ്ഡ പ്രകാരമുള്ള നഷ്‌ടപരിഹാര തോത്‌ കേരളത്തിന്റെ ആവശ്യത്തിന്റെ അടുത്തുപോലും എത്തുന്നതല്ല. അതിനാലാണ്‌ പ്രത്യേക പാക്കേജ്‌ തയ്യാറാക്കാൻ ആലോചിക്കുന്നത്‌. കഴിഞ്ഞ വർഷത്തിലെ പ്രളയത്തിലും കേരളം പ്രത്യേക പാക്കേജ്‌ സമർപ്പിച്ചിരുന്നു. എന്നാൽ മാനദണ്ഡ പ്രകാരമാണ്‌ കേരളത്തിന്‌ തുക അനുവദിച്ചത്‌.

  ആഗസ്‌ത്‌ ആദ്യവാരമുണ്ടായ ഉരുൾപൊട്ടലിലും കനത്ത പേമാരിയിലുമായി 125 പേരാണ്‌ കേരളത്തിൽ മരിച്ചത്‌. 11പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.  16ന്‌ കൊച്ചിയിൽ എത്തുന്ന കേന്ദ്ര സംഘം രണ്ട്‌ സംഘമായി തിരിഞ്ഞ്‌ ഒരു സംഘം മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, വയനാട്‌ ജില്ലകളും മറ്റൊരു സംഘം തൃശൂർ, എറണാകളും, ആലപ്പുഴ ജില്ലകളും സന്ദർശിച്ച്‌ സ്ഥിതി വിലയിരുത്തും. 20ന്‌ രണ്ട്‌ സംഘവും തിരുവനന്തപുരത്ത്‌ ചീഫ്‌ സെക്രട്ടറിയടക്കമുള്ളവരുമായി ചർച്ച നടത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top