19 September Thursday

കര കയറുന്നു

സ്വന്തം ലേഖകൻUpdated: Saturday Aug 17, 2019

കൊച്ചി
മഴ ശമിച്ചതോടെ സാധാരണ നിലയിലേക്ക്‌ മടങ്ങിയ ജില്ലയിൽ ഇനി ശേഷിക്കുന്നത്‌ എട്ട്‌ ദുരിതാശ്വാസ ക്യാമ്പുകൾ മാത്രം. പറവൂരിലെ ഒന്നും ആലുവയിലെ അഞ്ചും കണയന്നൂർ താലൂക്കിലെ രണ്ടും ക്യാമ്പുകളിലായി 124 കുടുംബങ്ങളിലെ 355 പേർ കഴിയുന്നുണ്ട്‌. വെള്ളിയാഴ്‌ചവരെ 172 ക്യാമ്പുകളാണ്‌ ജില്ലയിൽ പ്രവർത്തിച്ചിരുന്നത്‌.

വെള്ളിയാഴ്‌ച രാവിലെ ജില്ലയിൽ വ്യാപകമായി മഴ പെയ്‌തെങ്കിലും പകൽ മഴയുണ്ടായില്ല. ശനിയാഴ്‌ചയും ജില്ലയ്‌ക്ക്‌ മഴ മുന്നറിയിപ്പില്ല. 
വെള്ളമുയർന്ന പ്രദേശങ്ങളിലെ പുരയിടങ്ങളിൽനിന്നും പാടങ്ങളിൽനിന്നും ഇറങ്ങി. നീരൊഴുക്കിലെ തടസംമൂലം ഏതാനും പ്രദേശങ്ങളിൽ സാവധാനമാണ്‌ ഇറക്കം. പെരിയാറിലെ ജലനിരപ്പ്‌ ഗണ്യമായി കുറഞ്ഞതായും രേഖപ്പെടുത്തി. പാതാളം, മഞ്ഞുമ്മൽ, കണക്കൻകടവ്‌, പുറപ്പള്ളിക്കാവ്‌ റഗുലേറ്ററുകളുടെ മുഴുവൻ ഷട്ടറുകളും വെള്ളിയാഴ്‌ചയും തുറന്നുവച്ചു.

ജില്ലയിലെ മഴ ദുരിതത്തിന്‌ അറുതിയായെങ്കിലും ദുരിത ബാധിത ജില്ലകളിലേക്കയക്കാനുള്ള സാധനങ്ങളുടെ സമാഹരണം സജീവമായി നടന്നു. വയനാട്ടിലേക്ക് എട്ടും മലപ്പുറത്തേക്ക് രണ്ടും ലോഡ് ദുരിതാശ്വാസ വസ്തുക്കൾ വെള്ളിയാഴ്‌ച അയച്ചു. ജില്ലാ ശുചിത്വ മിഷന് ഒരു ലോഡ്‌ ശുചീകരണ വസ്തുക്കൾ നൽകി. കൂടാതെ ഒരു ലോഡ്‌ മരുന്നും വിതരണത്തിന് തയ്യാറാക്കി.


പ്രധാന വാർത്തകൾ
 Top