19 September Thursday

ജില്ലയിൽ 135 കോടിയിലധികം നാശം

സ്വന്തം ലേഖികUpdated: Saturday Aug 17, 2019

കൊച്ചി

കാലവർഷക്കെടുതിയിൽ  ജില്ലയിൽ  ഇതുവരെ 25 വീടുകൾ പൂർണമായും 329 വീടുകൾ ഭാഗികമായും തകർന്നു. 2094.518 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. 893 വളർത്തുമൃഗങ്ങൾക്ക് ജീവഹാനി സംഭവിച്ചു. 135 കോടി രൂപയിലധികം നാശനഷ്ടം കണക്കാക്കുന്നു. പാൽ സംഭരണത്തിൽ 22 ലക്ഷം രൂപയുടെ കുറവും രേഖപ്പെടുത്തി.
2018നെ അപേക്ഷിച്ച്‌ ജില്ലയിൽ നാശനഷ്ടങ്ങൾ കുറവാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. 125 കോടി രൂപയുടെ കൃഷി നശിച്ചു. വാഴകൃഷിക്കാണ്‌ വ്യാപക നാശം. 15,69,290 കുലച്ച വാഴകളും 3,67,957 കുലയ്‌ക്കാത്ത വാഴകളും നശിച്ചു. ഓണം പ്രതീക്ഷിച്ച്‌ കൃഷിചെയ്‌ത 200 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. 400 ഹെക്ടറിൽ ഇപ്പോഴും വെള്ളം കിടക്കുകയാണ്.  കന്നുകാലി മേഖലയിൽ 30,92,300 രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറ്‌ പശു, ആറ്‌ എരുമക്കിടാവ്‌, മൂന്ന്‌ കിടാരികൾ എന്നിവ ചത്തു. വലുതും ചെറുതുമായ 26 ആടാണ്‌ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ചത്തുപോയത്‌. 2850 കോഴികളും 797 താറാവുകളും ചത്തൊടുങ്ങി. ഒമ്പത്‌ കന്നുകാലി ഷെഡുകൾ പൂർണമായും തകർന്നു. ഒരു ആട്ടിൻകൂടും ഒരു കോഴിക്കൂടും നശിച്ചു. അരയേക്കറിലെ തീറ്റപ്പുൽകൃഷിയും നാശിച്ചു. 720 കിലോ വൈക്കോലും  2100 കിലോ കാലിത്തീറ്റയും  നശിച്ചു.
1.5 കോടി രൂപയുടെ നഷ്ടമാണ്‌ ക്ഷീരമേഖലയിൽ ഉണ്ടായിരിക്കുന്നത്‌.

പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും ചാലക്കുടി പുഴയുടെയും സമീപ പ്രദേശങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെയാണ്‌ പ്രളയം കാര്യമായി ബാധിച്ചത്‌. അങ്കമാലി, പാറക്കടവ്‌, നോർത്ത്‌ പറവൂർ, ആലുവ, മൂവാറ്റുപുഴ, പിറവം ബ്ലോക്കുകളിലാണ്‌  സംഘങ്ങൾ പ്രവർത്തിക്കുന്നത്‌.  ജില്ലയിലെ പാൽ സംഭരണത്തിൽ 22ലക്ഷം രൂപയുടെ കുറവുണ്ടായി. ക്ഷീര വികസന സൊസൈറ്റിയുടെ കെട്ടിടത്തിന്റെ ഷീറ്റുകൾ പറന്ന്‌ ഒരുലക്ഷം രൂപ നഷ്ടപ്പെട്ടു. സൊസൈറ്റികൾ മുഖാന്തിരം നടപ്പിൽ വരുത്തിയ 108 ഹെക്‌ടർ സ്ഥലത്തെ തീറ്റപ്പുൽ കൃഷിയും 38 ഹെക്‌ടറിലെ വൈക്കോൽ കൃഷിയും നശിച്ചു. വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്‌ത 669 ബാഗ്‌ കാലിത്തീറ്റയിലും വെള്ളം കയറി.

അതേസമയം കഴിഞ്ഞ പ്രളയത്തിലെ പാഠങ്ങൾ ഉൾക്കൊണ്ട്‌ കരുതലോടെ പ്രവർത്തിച്ചതിനാൽ പലയിടത്തും നാശനഷ്ടത്തിന്റെ തോത്‌ കുറഞ്ഞതായി ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്‌ടർ ജോസ്‌ ജേക്കബ്ബ്‌ പറഞ്ഞു. നാശനഷ്‌ടം സംഭവിച്ച കർഷകർക്ക്‌ ക്ഷീര സഹകരണസംഘങ്ങൾ വഴി അടിയന്തര സഹായം എത്തിച്ചതായും അദ്ദേഹം പറഞ്ഞു. 9.9 ടൺ കാലിത്തീറ്റയും 15 ടൺ പുല്ലും 12 ടൺ വൈയ്‌ക്കോലും സഹകരണസംഘങ്ങളിലൂടെ ജില്ലയിൽ വിതരണം നടത്തി.   പ്രളയകാലത്ത്‌ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ 850 ലിറ്റർ പാൽ സഹകരണസംഘങ്ങളിൽനിന്ന്‌ എത്തിച്ചു നൽകി. കർഷകർക്ക്‌  നൽകാൻ 20,000 കിലോ വരുന്ന 400 ബാഗ്‌ കാലിത്തീറ്റ എത്തിച്ചു.  അനുഭവം ഉൾക്കൊണ്ട്‌ പല കർഷകരും മുൻകരുതൽ സ്വീകരിച്ചിരുന്നതായും ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു.
ജില്ലയിലെ 139 വ്യവസായ സ്ഥാപനങ്ങളിലായി  6.71 കോടി രൂപയുടെ നഷ്‌ടമാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഇടയാറിൽ മാത്രം 31 യൂണിറ്റുകളിൽ പ്രളയം നാശം വിതച്ചു.  കൊച്ചി ഒഴികെയുള്ള എല്ലാ താലൂക്കുകളിലും നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്‌. മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, ആലുവ താലൂക്കുകളിലാണ്‌ കൂടുതൽ നാശനഷ്‌ടം രേഖപ്പെടുത്തിയത്‌. പ്ലൈവുഡ്‌ വ്യവസായത്തെയാണ്‌ പ്രളയം ഗുരുതരമായി ബാധിച്ചത്‌. മുൻകരുതൽ സ്വകീരിച്ചതിനാൽ ഇത്തവണ കൈത്തറി മേഖലയ്‌ക്ക്‌ വലിയ നാശനഷ്‌ടങ്ങൾ ഉണ്ടായില്ല.

 


പ്രധാന വാർത്തകൾ
 Top