22 October Tuesday

പാർടിക്ക്‌ വഹാബിന്റെ മറുപടി; ദുരന്തങ്ങളെ നേരിടേണ്ടത്‌ ഒറ്റക്കെട്ടായി

സ്വന്തം ലേഖകൻUpdated: Sunday Sep 15, 2019

തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രശംസിച്ചത്‌ പാർടിക്കുള്ളിൽ എതിരാളികൾ വിവാദമാക്കിയതോടെ വിശദീകരണവുമായി മുസ്ലിംലീഗ് നേതാവും രാജ്യസഭാ എംപിയുമായ പി വി അബ്ദുൾ വഹാബ്. പ്രസംഗത്തിന്റെ ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്ത്   തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന്  വഹാബ്  ആരോപിച്ചു. 
 
സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ്‌ യോഗത്തിൽ പറഞ്ഞതെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അബ്ദുൾ വഹാബ് പറയുന്നു.    രാഷ്ട്രീയ വൈരാഗ്യങ്ങൾ വെടിഞ്ഞ്‌ ഒറ്റക്കെട്ടായാണ് നമ്മൾ ദുരന്തങ്ങളെ നേരിടാറുള്ളത്. ദുരന്തഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാവുന്ന ഏത് പദ്ധതിയോടും സഹകരിച്ച്‌ മുന്നോട്ട്‌ പോവുക എന്നതായിരുന്നു ആ സമയത്ത്‌ ഞാൻ സ്വീകരിച്ച സമീപനം. 

നിലമ്പൂരിന്റെ വീണ്ടെടുപ്പിന്‌  എപ്പോഴും മുൻപന്തിയിൽനിന്ന് പ്രവർത്തിക്കും എന്ന് ഉറപ്പ്‌ നൽകിയാണ് പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നത്‌. ഇതിനിടെ വഹാബിന്‌ പിന്തുണയുമായി സംസ്ഥാന സെക്രട്ടറി കെ എസ്‌ ഹംസ രംഗത്തെത്തിയത്‌  പ്രശ്‌നത്തിൽ പാർടിയിലെ ഭിന്നത തുടരുന്നുവെന്നതിന്‌ തെളിവായി.
അടഞ്ഞ അധ്യായമെന്ന്‌ കുഞ്ഞാലിക്കുട്ടി

പി വി അബ്ദുൾ വഹാബ്‌ എംപിയുടെ പ്രസംഗത്തിന്റെ പേരിലുള്ള വിവാദം അടഞ്ഞ അധ്യായമാണെന്ന്‌ മുസ്ലിംലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. വഹാബിന്റെ വിശദീകരണം വന്നതോടെ പ്രശ്‌നം ഇനി ചർച്ചചെയ്യേണ്ട കാര്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സന്ദർഭത്തിൽനിന്ന്‌ അടർത്തിയെടുത്താണ്‌ വഹാബിന്റെ പ്രസംഗം വന്നത്‌.പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌  നല്ല വിജയം നേടുമെന്ന്‌ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top