19 September Thursday

വരുംതലമുറയ്ക്കായി തളരാതെ മുന്നോട്ടുപോകണം: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Saturday Aug 17, 2019

തിരുവനന്തപുരം> ഏത്‌ ദുരന്തത്തെയും ബുദ്ധിമുട്ടിനെയും മറികടന്ന്‌ തളരാതെ മുന്നോട്ടുപോകണമെന്ന്‌ സ്വാതന്ത്ര്യദിനസന്ദേശത്തിൽ  മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം പ്രളയകാലത്ത്‌ ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റുന്നവിധം ഒരുമയോടെ പ്രവർത്തിച്ചു. ലക്ഷ്യത്തിലേക്കെത്തുന്ന  ഘട്ടത്തിലാണിപ്പോൾ മറ്റൊരു പ്രകൃതിദുരന്തമുണ്ടായത്.  മുന്നോട്ടുപോകേണ്ടത്‌ നമുക്കുവേണ്ടി മാത്രമല്ല, വരുംതലമുറയ്‌ക്കുവേണ്ടിക്കൂടിയാണ്‌.

ഭരണഘടനയുടെ  മൂല്യങ്ങളെ കൃഷ്ണമണിപോലെ കാക്കുക എന്നതാണ് ഓരോ സ്വാതന്ത്ര്യദിനവും നൽകുന്ന സന്ദേശം. ഈ മൂല്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ നാം എത്രത്തോളം മുന്നോട്ടുപോയി എന്നത് പരിശോധിക്കാനുള്ള സന്ദർഭംകൂടിയാണ്. ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിൽ രാഷ്ട്രീയനേതാക്കൾക്ക് വീട്ടുതടങ്കലിൽ  കഴിയേണ്ട അവസ്ഥ ഉണ്ടാകുമ്പോൾ, നാം ജനാധിപത്യസങ്കൽപ്പത്തോട് അടുക്കുകയാണോ അകലുകയാണോ എന്ന് ചിന്തിക്കണം. മതനിരപേക്ഷതയ്ക്ക് പലവിധ വെല്ലുവിളികൾ ഉയരുന്ന ഘട്ടത്തിൽ, കവളപ്പാറയിൽ ഉരുൾപൊട്ടി മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്യാൻ  മുസ്ലിം ആരാധനാലയം വിട്ടുനൽകിയത് രാജ്യത്തിനുമുന്നിൽ കേരളത്തിന് ചൂണ്ടിക്കാട്ടാനാകുന്ന മഹത്വപൂർണമായ മാതൃകയാണ്‌.

അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും സ്ത്രീവിരുദ്ധമനോഭാവങ്ങളെയും മനുഷ്യത്വരഹിത വിവേചനങ്ങളെയും ചെറുത്തുകൊണ്ട് സ്‌നേഹഭരിതവും മനുഷ്യത്വപൂർണവും സമത്വസുന്ദരവുമായ കാലത്തെ ഉണർത്തിയെടുക്കാൻ  സ്വാതന്ത്ര്യദിനം പ്രചോദനം നൽകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top