22 October Tuesday

'അവള്‍ക്ക് എന്റെ മോളുടെ പ്രായമായിരുന്നു': കവളപ്പാറ ദുരന്തത്തില്‍ മരിച്ച അലീനയുടെ ഓര്‍മയില്‍ രക്ഷാപ്രവര്‍ത്തകന്‍ അബ്ദുള്‍ ഗഫൂര്‍

ജോബിന്‍സ് ഐസക്Updated: Tuesday Aug 27, 2019

ഉള്ളം പൊള്ളി: അലീനയുടെ ബാഗിനും കളിപ്പാവക്കുമരികെ അബ്ദുള്‍ ഗഫൂര്‍

കവളപ്പാറ> ഉരുളെടുത്ത വീടിനുള്ളില്‍ ഉയിരറ്റ് അവള്‍ ഉറങ്ങിക്കിടന്ന സ്ഥലത്ത് അഗ്നിരക്ഷസേനയുടെ യൂണിഫോമില്‍ അബ്ദുള്‍ ഗഫൂര്‍ വീണ്ടുമെത്തി. റബര്‍ മരത്തിനരികെ ചാരിവച്ച കറുത്ത ഇരുമ്പ് പെട്ടിയില്‍ പാവക്കുട്ടിയും ബാഗും പുസ്തകവും കണ്ട് കണ്ണുനനഞ്ഞു.

കളിപ്പാവയുടെ കാലിലും പുസ്തകത്താളിലും നീലമഷിയില്‍ ആ ആറുവയസുകാരിയുടെ പേര്- അലീന, ഒന്ന് എ. ചൊവ്വാഴ്ച കവളപ്പാറയില്‍ തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുംമുമ്പ് അലീനയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് പിന്നെയുമെത്തിയതായിരുന്നു അബ്ദുള്‍ ഗഫൂര്‍. 

ബാഗും ബുക്കും കളിപ്പാവയും മാറിമാറി എടുത്തുനോക്കി. 'കട്ടിലില്‍ ശാന്തമായി ഉറങ്ങുകയായിരുന്നു ആ കുഞ്ഞ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ അഹ്ല നൗറിനെ ഓര്‍ത്തുപോയി. അതേ പ്രായം'-  മനസുവെന്ത നോവ് വാക്കുകളില്‍.
  
മുത്തപ്പന്‍മലയിടിഞ്ഞ് 59 പേര്‍ മണ്ണിനടിയിലായ കവളപ്പാറയിലെ 19 ദിവസത്തെ രക്ഷാദൗത്യം ഇത്തരം ഒട്ടേറെ വൈകാരികവും നാടകീയവുമായ രംഗങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് അഗ്നിരക്ഷസേന നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ഉറ്റവരെല്ലാം നഷ്ടമായവര്‍, ജീവിച്ച മണ്ണില്‍ ഏതെങ്കിലുമൊരു ശരീര ഭാഗത്താലും വസ്ത്രാവശിഷ്ടത്താലും മേല്‍വിലാസം ബാക്കിയാക്കിയവര്‍.

മണ്ണുമാന്തി നിവരുന്ന യന്ത്രക്കൈകളില്‍ പ്രിയപ്പെട്ടവരുടെ അടയാളം തിരയുന്നവര്‍, ദൈന്യതയുടെ, നിരാശയുടെ ഇരുള്‍പരന്ന കണ്ണുകള്‍... അലീനയുടെ മുഖം രക്ഷാപ്രവര്‍ത്തകരെ എല്ലാ ദിവസവും വേട്ടയാടി.
 
കവളപ്പാറയുടെ കണ്ണീരോര്‍മകളിലെ തീരാനോവാണ് അലീനയും അനുജത്തി അനഘയും. കുടുംബത്തിലെ ഏഴുപേര്‍ രക്ഷപ്പെട്ട ദുരന്തത്തെ ഈ കുരുന്നുകള്‍ക്ക് അതിജീവിക്കാനായില്ല. വെട്ടുകാട്ടില്‍ വിക്ടറിന്റെ മകളാണ് അലീന. സഹോദരന്‍ തോമസിന്റെ മകള്‍ അനഘ.

അനഘയെ വലിച്ചുമാറ്റിയെങ്കിലും രക്ഷിക്കാനായില്ല. പിതാവ് കൈയില്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൂറ്റന്‍ കല്ല് വീട്ടില്‍ പതിച്ച് അലീന ഉള്ളില്‍പ്പെട്ടു. 11ന് ഉച്ചയോടെയാണ് കോണ്‍ക്രീറ്റ് മാറ്റി അവളെ പുറത്തെടുക്കുന്നത്. ഒരുമിച്ച് കളിച്ചുവളര്‍ന്ന കുഞ്ഞുങ്ങളെ ഒന്നിച്ചുതന്നെ സംസ്‌കരിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top