22 October Tuesday

ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ അനില്‍കുമാറിന്റെ കുടുബത്തിന് സുമനസുകളുടെ കാരുണ്യത്തില്‍ വീടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

മുട്ടം > മുട്ടം കൊല്ലംകുന്ന് ഭാഗത്ത് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ കഴുമറ്റത്തില്‍ അനില്‍കുമാറിന്റെ കുടുബത്തിന് സുമനസുകളുടെ കാരുണ്യത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കി. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് 5 സെന്റ് സ്ഥലം വാങ്ങി മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയത്.

17 ലക്ഷത്തോളം രൂപ ഇതിനായി ജനകീയ സമിതി കണ്ടെത്തി.2018 ആഗസ്റ്റ് 15 നായിരുന്നു അനില്‍ കുമാര്‍ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞത്.ഗവ.ആശുപത്രിക്ക് സമീപം ബൈക്ക് വെച്ചതിനു ശേഷം വീട്ടിലേക്ക് നടന്നു വരുന്ന വഴി ഉരുള്‍പൊട്ടി അതില്‍ പെടുകയായിരുന്നു. ഒരു ദിവസത്തെ തെരച്ചലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

അനില്‍കുമാറിന്റെ വീടും സ്ഥലവും പൂര്‍ണമായും ഒലിച്ച് പോയിരുന്നു. അനില്‍കുമാറിന്റെ മക്കളായ വിഷ്ണുവും, മീനാക്ഷിയും ഇവരുടെ മുത്തശ്ശിയും ഉരുള്‍പൊട്ടില്‍ ഭാഗീകമായി മണ്ണിനടിയില്‍ പെട്ടിരുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.പിന്നീട് വാടക വീട്ടിലാണ് കഴിഞ്ഞുവന്നിരുന്നത്. കുട്ടിയമ്മ മൈക്കിള്‍, ടി കെ മോഹനന്‍, പി എസ് രാധാകൃഷ്ണന്‍ ,അലക്‌സ് പ്ലാത്തോട്ടം, ജോസഫ് പഴയിടം, മേരിക്കുട്ടി വര്‍ഗീസ്, വിനേഷ് വാണിയേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ സമിതിയാണ് വീടൊരുക്കിയത്.

അനില്‍കുമാറിന്റെ ഭാര്യ ഓമനയും പ്ലസ് ടു വിദ്യാര്‍ത്ഥിയായ വിഷ്ണുവും, ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മീനാക്ഷിയും കഴിഞ്ഞ ദിവസം മുതല്‍ പുതിയ വീട്ടില്‍ താമസം തുടങ്ങി.മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെന്‍സി സുനീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രഡിഡന്റ് കുട്ടിയമ്മ മൈക്കിള്‍ വീടിന്റെ താക്കോല്‍ ദാനം നടത്തി.കെ എ പരീത് കാനാപുറം, കെ പി സുനീഷ്, ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍,ജോസഫ് പഴയിടം,ടി കെ മോഹനന്‍  ജോസ് ചുമപ്പുങ്കല്‍, സുമോള്‍ ജോയ്സണ്‍, മേരിക്കുട്ടി, മൈക്കിള്‍ പൂവത്തിങ്കല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top