18 November Monday

പ്രളയം: അമിക്കസ് ക്യൂറി റിപ്പോർട്ട് അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി; ഹർജി പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കൊച്ചി> മഹാപ്രളയത്തിന് കാരണം പെരുമഴ മാത്രമല്ലെന്ന ആരോപണമുള്ള അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിന് എന്ത് തെളിവാണുള്ളതെന്നും ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ്, ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

 അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും ആലുവ സ്വദേശിയും സേവ് കേരള ബ്രിഗേഡ് പ്രസിഡന്റുമായ റസല്‍ ജോയ് നല്‍കിയ ഹര്‍ജി തള്ളുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. അണക്കെട്ട് നടത്തിപ്പില്‍ അധികൃതര്‍ക്ക് വീഴ്ച്ചയുണ്ടായെന്ന് ആരോപിച്ച് നിരവധി കേസുകളുള്ളതായി ഹര്‍ജിക്കാരന്‍ വാദിച്ചു.

ഇത്തരം യുക്തിഹീനമായ വാദങ്ങളൊന്നും മറ്റു ഹര്‍ജികളിലില്ലെന്ന് കോടതി ഇതിന് മറുപടി നല്‍കി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതാണെന്ന് ഹര്‍ജിക്കാരന് തോന്നുന്നുണ്ടോ. തോന്നലിന് എന്തെങ്കിലും രേഖാപരമായ തെളിവുണ്ടോ. പ്രളയ ദുരിതാശ്വാസം, കാരണം എന്നിവ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണനയിലാണെന്നും കോടതി പറഞ്ഞു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് അംഗീകരിച്ചു കൂടെയെന്ന് ഹര്‍ജിക്കാരന്‍ ചോദിച്ചു. ഹര്‍ജിക്കാരന്‍ പറയുമ്പോള്‍ അംഗീകരിക്കാനല്ല ഇരിക്കുന്നതെന്ന് കോടതി മറുപടി നല്‍കി.മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും അധികാരമൊഴിയണമെന്ന് എങ്ങനെയാണ് വാദിക്കാനാവുക.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെക്കണോ. 40തിലധികം ഹര്‍ജികളാണ് കോടതി പരിഗണിച്ചു കൊണ്ടിരിക്കുന്നത്. അതിനിടക്ക് ഇത്തരത്തിലുള്ള ഹര്‍ജികള്‍ വേണ്ട. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചതിന് എന്തു തെളിവാണുള്ളത്. അമിക്കസ് ക്യൂറി ഒരു റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഈ റിപ്പോര്‍ട്ടിനെയും മാധ്യമവാര്‍ത്തകളെയും അടിസ്ഥാനമാക്കി ഹര്‍ജി നല്‍കിയിരിക്കുകയാണോ.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഭരണാധികാരികളെ തെരഞ്ഞെടുക്കാനും പുറത്താക്കാനും രീതികളുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അധികാരത്തില്‍ നിന്ന് ആളുകളെ പുറത്താക്കുകയാണെങ്കില്‍ അത് ഒരു നിരന്തര പരിപാടിയാവും. ഇത് ഒരു പബ്ലിസിറ്റി താല്‍പര്യ ഹര്‍ജിയാണ്. ഹര്‍ജിക്കാരന്റെ ഉദ്ദേശുദ്ധിയില്‍ സംശയമുണ്ട്.

നിരുത്തരവാദിത്തപരമായ വാദങ്ങളും ആവശ്യങ്ങളുമാണ് ഉന്നയിച്ചിരിക്കുന്നത്. അതിനാല്‍ ഹര്‍ജി തള്ളുകയാണ്. പിഴ എത്ര വേണമെന്ന് ഹര്‍ജിക്കാരന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു. ഇത്തരം അനാവശ്യവാദങ്ങളുമായി പുതിയ ഹര്‍ജി നല്‍കരുതെന്നു മുന്നറിയിപ്പ് നല്‍കിയ കോടതി ആവശ്യം അംഗീകരിച്ചു.

തുടര്‍ന്ന് ഹര്‍ജി തള്ളി ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാരനെന്ന നിലയില്‍ വാദം പറയുമ്പോള്‍ അഭിഭാഷകന്‍ പാലിക്കേണ്ട ഡ്രെസ് കോഡ് പാലിക്കാത്തതിനും റസല്‍ ജോയിയെ കോടതി വിമര്‍ശിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top