30 November Tuesday

കൊല്ലം കല്ലടയിൽ ഫ്‌ളോട്ടിങ്‌ സോളാർ പദ്ധതിക്ക്‌ 300 കോടിയുടെ പുതിയ കരാർ

സ്വന്തം ലേഖകൻUpdated: Wednesday Oct 27, 2021
കൊല്ലം > പടിഞ്ഞാറെ കല്ലട മുണ്ടകപ്പാടത്തുനിന്ന്‌ സൗരോർജം ഉൽപ്പാദിപ്പിക്കുന്ന ഫ്‌ളോട്ടിങ്‌ സോളാർ പദ്ധതിക്ക്‌ പുതിയ കരാർ. 50 മെഗാവാട്ട്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന 300 കോടി രൂപയുടെ പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്ന ടാറ്റാ പവർ സോളാറും നാഷണൽ ഹൈഡ്രോ ഇലക്ട്രിക്‌ പവർ കോർപറേഷനും (എൻഎച്ച്പിസി) കരാർ ഒപ്പുവച്ചു. 360 ഏക്കർ പാടത്ത്‌ നവംബർ അവസാനത്തോടെ നിർമാണം ആരംഭിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഫ്ലോട്ടിങ്‌ സോളാർ പ്രോജക്‌ടാണിത്‌.
 
മുണ്ടകപ്പാടത്തെ വെള്ളക്കെട്ടിനു മുകളിൽ ഫ്ലോട്ട്‌ സ്ഥാപിച്ച്‌ അതിനുമുകളിൽ സോളാർ പാനൽ ഘടിപ്പിച്ചാണ് വൈദ്യുതി ഉൽപ്പാദനം. 260 ഏക്കർ കർഷകരുടേതും 100 ഏക്കർ പഞ്ചായത്തിന്റേതുമാണ്. കർഷകർ അടങ്ങുന്ന വെസ്റ്റ്കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 25 വർഷത്തേക്ക് ഭൂമി എൻഎച്ച്പിസിക്ക് പാട്ടത്തിനു നൽകിയത്. കമ്പനിയിൽ കർഷകരുടെ പ്രതിനിധിയും കലക്ടറും പഞ്ചായത്ത് പ്രസിഡന്റും ഡയറക്ടർമാരാണ്. ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദനച്ചെലവ് ഏഴുരൂപയോളംവരും. വെസ്റ്റ് കല്ലട നോൺ കൺവൻഷണൽ എനർജി പ്രൊമോട്ടേഴ്‌സിനും പഞ്ചായത്തിനും ലാഭവിഹിതമായി ഒാരോ യൂണിറ്റിനും 15 പൈസ വീതം ലഭിക്കും. വൈദ്യുതി കെഎസ്‌ഇബി വാങ്ങുന്നതിനും  ധാരണയായിരുന്നു.
 
2013ൽ പദ്ധതി തയ്യാറാക്കിയെങ്കിലും അന്ന്‌ കേന്ദ്ര –സംസ്ഥാന സർക്കാരുകൾ സഹകരിച്ചില്ല. പിന്നീട്‌ എൽഡിഎഫ്‌ അധികാരത്തിലെത്തിയപ്പോഴാണ്‌ പദ്ധതി അംഗീകരിച്ചത്‌. സൗരോർജ പദ്ധതികളെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നയം തുണയായി. നിർമാണ കരാർ ജനുവരിയിൽ തൃക്കാക്കരയിലെ സ്റ്റെർലിങ് ആൻഡ്‌ വിൽസൺ  കമ്പനിക്കായിരുന്നു ലഭിച്ചത്‌. കേന്ദ്രബജറ്റിൽ ജിഎസ്‌ടിയും നികുതികളും കൂട്ടിയത്‌ നഷ്ടണ്ടാക്കുമെന്ന്‌ ചൂണ്ടിക്കാട്ടി അവർ പിൻവാങ്ങി.

തനതുഫണ്ട്‌ വർധിക്കും
 
സോളാർ പാനൽ ഫ്ലോട്ടിങ്‌ പദ്ധതി നടപ്പാവുന്നതോടെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്റെ തനതുഫണ്ടും വർധിക്കും. ലാഭവിഹിതം പഞ്ചായത്തിനും ലഭിക്കും. പദ്ധതി നടത്തിപ്പുകാരായ എൻഎച്ച്പിസി പഞ്ചായത്തിൽ സന്നദ്ധ പ്രവർത്തനങ്ങളും ഏറ്റെടുത്തു. സഞ്ചരിക്കുന്ന ആശുപത്രിക്കും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top