കൊച്ചി
ജലാശയ മീൻകൃഷിയുടെ സാധ്യതകൾ മുന്നിൽ കണ്ട് കൂടുമീൻകൃഷിക്കായി കൂടുകൾ ഒരുക്കി ശ്രദ്ധേയനാകുകയാണ് ചെറായി സ്വദേശി വിബിൻ. ടൂറിസം സാധ്യതകൾകൂടി പരിഗണിച്ച് ആകർഷകവും സുരക്ഷിതവുമായ കൂടുകളാണ് വിബിൻ ഒരുക്കുന്നത്. പരമ്പരാഗതതൊഴിലായ വലനിർമാണത്തിലൂടെയാണ് ചെറായി പോണത്തുവീട്ടിലെ പി ആർ വിബിന്റെയും തുടക്കം.
കൂടുമീൻകൃഷിക്ക് പ്രചാരം വർധിച്ചതോടെയാണ് അഞ്ചുവർഷംമുമ്പ് കൂടുനിർമാണത്തിലേക്ക് തിരിഞ്ഞത്. ചെറിയ കൂടുകൾ ചെയ്തുനൽകിയാണ് തുടക്കം. പടിപടിയായി 10 കൂടുകൾ ചേർന്ന ഫാമിന്റെ ഓർഡർവരെ ചെയ്തുനൽകി. കൂടുനിർമാണത്തിൽ വ്യത്യസ്ത ആശയങ്ങൾ കൊണ്ടുവരാൻ ശ്രദ്ധിക്കാറുണ്ടെന്ന് വിബിൻ പറഞ്ഞു. ഗുണമേന്മയും സുരക്ഷിതത്വവും നിർമാണഘട്ടത്തിൽ ഉറപ്പാക്കും.
ടൂറിസം സാധ്യതകൾ മുന്നിൽ കണ്ട് ഏറുമാടവും ഭക്ഷണം പാകം ചെയ്യാനുള്ള ചെറിയ അടുക്കളയും ഉൾപ്പെടെയുള്ള കൂടാണ് കൊല്ലം കുരീപ്പുഴയിൽ അഷ്‌ടമുടിക്കായലിൽ ഒരുക്കിയത്. എറണാകുളം പനങ്ങാട്ടും ഇത്തരം ഫാമുകൾ നിർമിച്ചിട്ടുണ്ട്. ഒരു കൂട് നിർമിക്കാൻ 55,000 രൂപയാണ് ചെലവ് വരുന്നത്. വലിപ്പം കൂടുംതോറും ചെലവും വർധിക്കും. വിബിനെ കൂടാതെ സംഘത്തിൽ ഏഴുപേർകൂടിയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വിളിച്ചാലും കൂട് ചെയ്‌തുനൽകാൻ തയ്യാറാണെന്ന് വിബിൻ പറഞ്ഞു.
ഇരുമ്പിന്റെ ജിഐ പൈപ്പ് വെൽഡ് ചെയ്‌ത് ഡ്രമ്മുകൾ നിരത്തി അതിനുമുകളിൽ കൂടിന്റെ സ്‌ട്രക്‌ചറുണ്ടാക്കുകയാണ് ആദ്യഘട്ടം. ഡ്രമ്മിൽ വെള്ളം കയറാതിരിക്കാൻ സിലിക്കോൺ ടേപ്പ് ഉപയോഗിച്ച് തുളകൾ അടയ്ക്കും. തുടർന്ന് വലകെട്ടി നടപ്പാതകൾ തിരിച്ച് മനോഹരമാക്കും. ഫൈബർ കോട്ടിങ്ങുള്ള ഇരുമ്പ് ഉപയോഗിച്ച് സംരക്ഷണഭിത്തിയും നിർമിക്കും. നീർനായയുടെ ആക്രമണവും മനുഷ്യരുടെ കടന്നുകയറ്റവും ചെറുക്കാനാണ് സംരക്ഷണഭിത്തി. മനോഹരവും സുരക്ഷിതവുമായ നടപ്പാതകളും ഒരുക്കുന്നുണ്ട്. രണ്ടുവശങ്ങളിലും കൈവരികളും തടിപാകിയ നടപ്പാതകളും കൂടുകൾക്കിടയിലൂടെ കൊച്ചുകുട്ടികളുടെ സഞ്ചാരം ആയാസരഹിതമാക്കും. വ്യത്യസ്‌ത നിറങ്ങൾ നൽകി ആകർഷകമാക്കാനും ശ്രദ്ധിക്കാറുണ്ട്. വലകൾക്കും ഡ്രമ്മിനും പച്ചയും കൈവരിക്കും നടപ്പാതയ്‌ക്കും ചുവപ്പുമാണ് നൽകുന്നത്. ദീർഘകാലം ഈടുനിൽക്കുന്ന കൂടുകളാണിവ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..