27 September Sunday

ഓര്‍മ്മയില്‍ 1987 ലെ ചരിത്രമായ മനുഷ്യച്ചങ്ങല; അണിനിരന്നത് ലക്ഷങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

കൊച്ചി >ഭരണഘടന സംരക്ഷിയ്ക്കാനുള്ള മനുഷ്യ മഹാശൃംഖലയ്ക്കായി കേരളം നാളെ തെരുവോരങ്ങളിലേക്കിറങ്ങുമ്പോള്‍ 1987 ആഗസ്റ്റ് 15ലെ മനുഷ്യച്ചങ്ങല കൂടി ഓര്‍മ്മയിലെത്തുന്നു. കണ്ണിമുറിയാതെ കേരളത്തിലങ്ങോളമിങ്ങോളം ഐക്യസന്ദേശം അന്ന് കൈകോര്‍ത്തുനിന്നു. അണിചേരാന്‍ ഇടകിട്ടാത്തവര്‍ പലയിടത്തും സമാന്തര ചങ്ങലതീര്‍ത്തു. മനുഷ്യച്ചങ്ങല അക്ഷരാര്‍ത്ഥത്തില്‍ മനുഷ്യമതിലായിമാറുകയാണുണ്ടായത്.

33 വര്‍ഷങ്ങള്‍ക്ക്മുന്‍പ് ഭീകരാക്രമണങ്ങളും വിഘടനവാദവും ജാതി-മത ചേരിതിരിവുകളും വര്‍ഗ്ഗീയ കലാപങ്ങളും രാജ്യത്തെ നിരന്തരം വെല്ലുവിളിച്ചകാലത്താണ് ഡിവൈഎഫ്ഐ ഐക്യസന്ദേശവുമായി മനുഷ്യച്ചങ്ങലതീര്‍ത്തത്. 1987ലെ സ്വാതന്ത്ര്യദിനത്തില്‍ കേരളത്തില്‍ 693 കിലോമീറ്ററില്‍ ലക്ഷക്കണക്കിനുപേര്‍ അണിമുറിയാതെ കൈകോര്‍ത്ത് ഐക്യപ്രതിജ്ഞയെടുത്തു. ലോകചരിത്രത്തിലെതന്നെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന ദേശീയഐക്യപോരാട്ടത്തിന്റെ ഭാഗമായ മനുഷ്യച്ചങ്ങല. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനത ഐക്യമുദ്രാവാക്യം ഏറ്റെടുത്തു. ജാതി - മത വേലിക്കെട്ടുകള്‍ പൊളിച്ച് അണിനിരന്ന സാധാരണക്കാര്‍ക്കൊപ്പം സാമൂഹിക - സാംസ്ക്കാരിക - സാഹിത്യ നായകന്‍മാര്‍ ഒന്നടങ്കം മനുഷ്യച്ചങ്ങലയില്‍ കണ്ണികളായിമാറി.

" ഈ മഹാസംരംഭം ഒരു മഹാവിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. കേരളത്തിലെ ദേശാഭിമാനികളായ ചെറുപ്പക്കാരെ എന്റെ വിജയാശംസകള്‍ അറിയിക്കുക '- ഇന്ത്യയുടെ സംഗീത സാമ്രാട്ട് പണ്ഡിറ്റ് രവിശങ്കറിന്റെ ആശംസാവാക്യം കേരളക്കരയെത്തേടിയെത്തി.


നാടിനെയും നാട്ടാരെയും മനുഷ്യച്ചങ്ങലയുടെ ആവേശത്തിലേക്കെത്തിക്കാന്‍

""ഇതു- നാടിനുവേണ്ടിച്ചോര തിളയ്ക്കും

നാഡീനിറമാലാ- നാടിന്‍ വാടാമലര്‍മാല...

പുതിയൊരു വാടാമലര്‍മാല...

വര്‍ഗീയതയുടെ തുരുമ്പുകയറിയവാളിന്‍

വെട്ടാല്‍ മുറിയില്ലാ...

മാറിന്‍ നേര്‍ക്കായി കാഞ്ചിവലിക്കും

കൊട്ടത്തോക്കാല്‍ ഞെട്ടില്ലാ...

ഉയിരിന്‍ ചങ്ങലാ- ഉടലിന്‍ ചങ്ങലാ'' - എന്ന് പി ഭാസ്ക്കരന്‍ എഴുതി. അത് ഒരുനാട് നെഞ്ചേറ്റി..

ആനന്ദ്, വി കെ എന്‍, കുഞ്ഞുണ്ണിമാഷ്, ഒ എന്‍ വി, സുഗതകുമാരി, ഒളപ്പമണ്ണ, പ്രൊഫ. തിരുനല്ലൂര്‍ കരുണാകരന്‍, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, ചെമ്മനംചാക്കോ, കടത്തനാട്ട് മാധവിയമ്മ, വൈശാഖന്‍, തിക്കോടിയന്‍, പ്രൊഫ. കെ എ ജലീല്‍, ഒ വി വിജയന്‍, പൊന്‍കുന്നം വര്‍ക്കി, എം മുകുന്ദന്‍, ഡി സി കിഴക്കേമുറി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, സി രാധാകൃഷ്ണന്‍, ഫാദര്‍ വടക്കന്‍, അത്തിക്കായി മുഹമ്മദ് മൗലവി, ചേകന്നൂര്‍ മൗലവി, കുതിരവട്ടംപപ്പു,സുകുമാരന്‍, ജി അരവിന്ദന്‍, സി അച്യുതമേനോന്‍, ലോനപ്പന്‍ നമ്പാടന്‍, ബേബിജോണ്‍ തുടങ്ങി മനുഷ്യച്ചങ്ങലയില്‍ നേരിട്ട് കണ്ണിചേര്‍ന്നവരുടെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെയും പട്ടികയ്ക്കും മനുഷ്യച്ചങ്ങലയോളം നീളമുണ്ടായിരുന്നു. അത് ഡിവൈഎഫ്ഐ ഉയര്‍ത്തിയ മുദ്രാവാക്യം നാട് ഏറ്റെടുത്തതിന്റെ ദൃഷ്ടാന്തമായിരുന്നു.

 

എതിര്‍ത്തത് കെ എം മാത്യു മാത്രം

 മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള ഡിവൈഎഫ്ഐയുടെ തീരുമാനത്തെ രാഷ്ട്രീയ സ്റ്റണ്ടാണെന്നായിരുന്നു മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ എം മാത്യു വിശേഷിപ്പിച്ചത്. കേരളത്തിലെ ഗവണ്‍മെന്റ് നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കണ്ടുപിടിച്ചതാണ് ഈ പരിപാടി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കലാപങ്ങളില്‍ രാജ്യം വിറങ്ങലിച്ച്നില്‍ക്കുകയാണ്. കേരളത്തില്‍ ഗുരുതര പ്രശ്നങ്ങളൊന്നും ഇല്ല. ജനശ്രദ്ധതിരിച്ചുവിടാനുള്ള രാഷ്ട്രീയ സ്റ്റണ്ടാണിതെന്ന് പറയുന്നത് ഡിവൈഎഫ്ഐയോടുള്ള ശത്രുത കൊണ്ട്മാത്രമല്ലെ എന്ന ചോദ്യത്തിന് - "എനിക്ക് എന്റെ രാഷ്ട്രീയ വീക്ഷണമുണ്ട്. എന്തായാലും ഇന്ത്യയിലെ പൊതുവിലുള്ള സ്ഥിതിയുടെ അത്ര ഗുരുതരമൊന്നുമല്ല ഇന്ന് കേരളംനേരിടുന്ന പ്രശ്നങ്ങള്‍.

മാത്രമല്ല ഈ പ്രശ്നങ്ങള്‍ നായനാര്‍ മന്ത്രിസഭ ഉണ്ടാക്കിയതുമല്ല എന്നാണ് കെ എം മാത്യുനല്‍കിയ മറുപടി. അപ്പോള്‍ ജനശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് പറയുന്നതെങ്ങനെയാണെന്ന ചോദ്യത്തിന് " എനിക്ക് എന്റെ രാഷ്ട്രീയത്തിലൂടെ മാത്രമെ കാണാന്‍ കഴിയൂ. എനിക്ക് കോണ്‍ഗ്രസില്‍ അംഗത്വമൊന്നുമില്ല- എങ്കിലും ഞാന്‍ കോണ്‍ഗ്രസാണ് ' എന്നാണ് കെ എം മാത്യു മറുപടി നല്‍കിയത്.

ഇതൊരു പുതിയ ചിന്താധാരയുടെ തുടക്കമാണെന്നാണ് എക്സ്പ്രസ് മാനേജിങ് എഡിറ്റര്‍ കെ ബാലകൃഷ്ണന്‍ ഡിവൈഎഫ്ഐയുടെ ഉദ്ദ്യമത്തെ വിശേഷിപ്പിച്ചത്.

മനുഷ്യച്ചങ്ങല പോലുള്ള പ്രചാരണമാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് ജനയുഗം പത്രാധിപര്‍ തോപ്പില്‍ ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടു.

 

ചങ്ങലയുടെ ആദ്യ കണ്ണികളായി വി എസ് അച്യുതാനന്ദന്‍, ഇ കെ നായനാര്‍, ആര്‍ ശങ്കരനാരായണന്‍ തമ്പി,ജി അരവിന്ദന്‍, കാട്ടായിക്കോണം വി ശ്രീധര്‍ തുടങ്ങിയവര്‍ തിരുവനനതപുരത്ത് ഗാന്ധിപാര്‍ക്കില്‍ അണിചേര്‍ന്നപ്പോള്‍
 
മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണൂര്‍ വളപട്ടണം പാലത്തില്‍  ജനങ്ങള്‍ അണിചേര്‍ന്നപ്പോള്‍

മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണൂര്‍ വളപട്ടണം പാലത്തില്‍ ജനങ്ങള്‍ അണിചേര്‍ന്നപ്പോള്‍ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top