തൃശൂർ
കുണ്ടന്നൂരിൽ വെടിക്കെട്ടുപുരയിലുണ്ടായ സ്‌ഫോടനത്തിൽ പൊള്ളലേറ്റ് തൊഴിലാളി മരിച്ചു. ആലത്തൂർ കാവശേരി പുതുവീട്ടിൽ മണികണ്ഠനാണ് (കൃഷ്ണദാസ്–- 50 ) മരിച്ചത്. തിങ്കൾ വൈകിട്ട് അഞ്ചോടെയാണ് അപകടം. മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന മണികണ്ഠൻ ചൊവ്വ രാവിലെ ഏഴരയോടെയാണ് മരിച്ചത്. സംഭവത്തിൽ കുണ്ടന്നൂർ സ്വദേശികളായ സ്ഥലം ഉടമ പുഴയ്ക്കൽ സുന്ദരാക്ഷൻ, ലൈസൻസി കള്ളിവളപ്പിൽ ശ്രീനിവാസൻ എന്നിവരെ വടക്കാഞ്ചേരി പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഡെപ്യുട്ടി കലക്ടർ ഡോ. സി ടി യമുനാദേവിയുടെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശ്രീനിവാസന്റെ ലൈസൻസ് റദ്ദാക്കി. 15 കിലോ സ്‌ഫോടക വസ്‌തു സൂക്ഷിക്കാനാണ് അനുമതി. സ്‌ഫോടനത്തിന്റെ വ്യാപ്‌തി കൂടുതലാണ്. കേരള പൊലീസിന്റെ ഫോറൻസിക് വിദഗ്‌ധ എം എസ് ഷംനയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്‌ഫോടകവസ്‌തു അവശിഷ്ടങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. ഇത് തൃശൂരിലെ ഫോറൻസിക് ലാബിൽ പരിശോധനക്ക് വിധേയമാക്കും. അപകടത്തിൽ അമ്പതോളം വീടുകൾക്ക് തകരാറ് സംഭവിച്ചു.
മണികണ്ഠന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിൽ കൊണ്ടുപോയി സംസ്കരിച്ചു. അവിവാഹിതനാണ്. അച്ഛൻ: ഷൺമുഖൻ ഗുരുക്കൾ. അമ്മ: കമലം. സഹോദരങ്ങൾ: മോഹനൻ, ശെൽവരാജ്, സാവിത്രി, പത്മാവതി, രാജേശ്വരി, ലത, ഗീത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..