Deshabhimani

തോൽവിയിൽ ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചു; ശോഭാ സുരേന്ദ്രനും ശിവരാജനും പഴി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 12:31 PM | 0 min read

തിരുവനന്തപുരം > പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാലക്കാട്ട് ബിജെപിക്ക് മത്സരിപ്പിക്കാനാകുന്ന ഏറ്റവും മികച്ച സ്ഥാനാർഥി തന്നെയായിരുന്നു സി കൃഷ്ണകുമാർ എന്നും ശോഭാ സുരേന്ദ്രൻ, എൻ ശിവരാജൻ ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിക്കെതിരെ പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ വിമർശനം ഉണ്ട്.

പാലക്കാട് നഗരസഭയിൽ പ്രചാരണ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാൻ ശ്രമം നടന്നു. പുറത്തുനിന്ന് എത്തിയവർ തങ്ങളുടെ വാർഡിൽ പ്രചരണം നടത്തുന്നതിനെ ചില കൗൺസിലർമാർ എതിർത്തിരുന്നു. കണ്ണാടി പഞ്ചായത്തിൽ വോട്ട് മറിക്കാൻ ശ്രമം നടത്തി. വോട്ട് മറിക്കുന്നതിൽ സന്ദീപ് വാര്യരുടെ സ്വാധീനം ഉണ്ടായെന്നും  ഉപതെരഞ്ഞെടുപ്പിൽ സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പരസ്യപ്രസ്താവനയുടെ പേരിൽ എൻ ശിവരാജന് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരുന്ന ശനിയും ഞായറുമായി എറണാകുളത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിനു മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ബിജെപിക്ക് സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തിലെ തോൽവിക്കു പിന്നാലെ ഉത്തരവാദിത്വം പാർടി ആധ്യക്ഷൻ സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർടിയിൽ കലാപക്കൊടി ഉയർന്നിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യമടക്കം നേതാക്കൾ ഉന്നയിച്ച സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ രാജിസന്നദ്ധത അറിയിക്കുകയും കേന്ദ്രം നേരിട്ട് തോൽവിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേന്ദ്രം റിപ്പോർട്ട് തേടിയത്.

തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത ബിജെപിയിൽ കെ സുരേന്ദ്രനെതിരെ വമ്പൻ പടയൊരുക്കമാണ് നടക്കുന്നത്. സ്വന്തം നോമിനിയെ സ്ഥാനാർഥിയാക്കിയത് അടക്കം പാലക്കാട് തീരുമാനങ്ങളെല്ലാമെടുത്തത് സുരേന്ദ്രൻ ഒറ്റക്കെന്നാണ് എതിർചേരിയുടെ വിമർശനം. സ്വന്തം പക്ഷത്തായിരുന്ന വി മുരളീധരനടക്കമുള്ളവർ തോൽവിയുടെ ഉത്തരവാദി സുരേന്ദ്രനാണെന്ന തരത്തിലാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മുതിർന്ന നേതാവ് എൻ ശിവരാജന്, സന്ദീപ് വാചസ്പതി, സംസ്ഥാന സമിതി അം​ഗം സി വി സജനി, പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ എന്നിവരടക്കമുള്ളവർ സുരേന്ദ്രനെതിരെ പരസ്യപ്രസ്താവനകൾ നടത്തി.

ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണം എന്നായിരുന്നു കുമ്മനമടക്കമുള്ള നേതാക്കളുടെ അഭിപ്രായം. എന്നാൽ ഇതിനെയെതിർത്ത് കെ സുരേന്ദ്രൻ തനിക്ക് താൽപര്യമുള്ള സ്ഥാനാർഥിയെ നിർത്തി. തെരഞ്ഞെടുപ്പ് തോൽവിയിൽ ദേശീയ നേതൃത്വം നേരിട്ട് അന്വേഷണം നടത്തണമെന്നുള്ള സുരേന്ദ്രന്റെ ആവശ്യം ശോഭാ സുരേന്ദ്രനടക്കമുള്ള എതിർ ചേരിയിലെ നേതാക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു. അത് ഉറപ്പിക്കുന്നതാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട്.



deshabhimani section

Related News

0 comments
Sort by

Home