06 December Friday

ഫാസ്‌ടാഗ്‌ തുടങ്ങി; 40% വാഹനങ്ങൾ ഉപയോഗപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

കൊച്ചി > ഓൺലൈനിലൂടെ ടോൾ തുക അടയ്‌ക്കാവുന്ന ഫാസ്‌ടാഗ്‌ സംവിധാനം ദേശീയപാതകളിൽ പ്രവർത്തനം തുടങ്ങി. എറണാകുളം ജില്ലയിൽ കുമ്പളം–-അരൂർ ടോൾ പ്ലാസയിലും പൊന്നാരിമംഗലത്തുമാണ്‌ ഫാസ്‌ടാഗിലൂടെ പണം സ്വീകരിച്ചത്‌. തിങ്കളാഴ്‌ച 40 ശതമാനം വാഹനങ്ങൾ ഈ സംവിധാനം ഉപയോഗിച്ചു. തുടക്കത്തിൽ യാത്രക്കാർക്ക്‌ ചില ആശയക്കുഴപ്പങ്ങളുണ്ടായെങ്കിലും പരിഹരിക്കപ്പെട്ടു. ഫാസ്‌ടാഗ്‌ ഇല്ലാത്ത വാഹനങ്ങൾക്കും എല്ലാ ട്രാക്കുകളും  ഉപയോഗിക്കാമെന്നതിനാൽ വാഹനക്കുരുക്കും ഉണ്ടായില്ല.

ദേശീയ പാതയിലെ അരൂർ–-കുമ്പളം ടോൾ പ്ലാസയിലെ 12 ട്രാക്കുകളിൽ എട്ടെണ്ണത്തിലാണ്‌ പുതിയ സംവിധാനം. ആംബുലൻസിനും സർക്കാർ വാഹനങ്ങൾക്കും ടോൾ ഒഴിവാക്കിയിട്ടുള്ള മറ്റ്‌ വാഹനങ്ങൾക്കും പഴയ ട്രാക്ക്‌ തന്നെ ഉപയോഗിക്കാം. വല്ലാർപാടം–-കളമശേരി കണ്ടെയ്‌നർ പാതയിലെ പൊന്നാരിമംഗലത്തുള്ള ടോൾ പ്ലാസയിൽ മൂന്ന്‌ ഫാസ്‌ടാഗ്‌ ട്രാക്കുകളാണുള്ളത്‌. കളമശേരിയിലേക്കുള്ള വഴിയിൽ ഒന്നും വല്ലാർപാടത്തേക്ക്‌ രണ്ടും ട്രാക്കുകളിൽ. മറ്റ്‌ ട്രാക്കുകളിലും ഉടൻ ഫാസ്‌ടാഗ്‌ പ്രവർത്തന സജ്ജമാകും.
ടാഗ്‌ 15 വരെ ഘടിപ്പിക്കാം. ജനുവരി മുതൽ ഇന്ധനം നിറയ്‌ക്കാനും കാർ പാർക്കിങിനും ഫാസ്‌ടാഗ്‌ ഉപയോഗിക്കാം.


പ്രധാന വാർത്തകൾ
 Top