27 September Monday

ഫസൽ മുഹമ്മദിന്റെ മരണവും താലിബാനും; സോവിയറ്റ്‌ യൂണിനെതിരെ കലിയടങ്ങാതെ കഴിയുന്നവരുടെ അഭിപ്രായമറിയാൻ താൽപര്യമുണ്ട്: കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Sunday Aug 1, 2021

ഇനി സോവിയറ്റ് ഇടപെടലിനെക്കുറിച്ച് ചൊറിയുന്ന സുഹൃത്തുക്കളിൽ നിന്നറിയേണ്ട കാര്യം സിഐഎ അഫ്ഘാനിൽ നടത്തിയ ഇടപെടലുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണെന്നാണ്. അറിയാൻ താൽപര്യമുണ്ട്. കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു:

സിഐഎയും ഓറിയൻ്റലിസ്റ്റ് പണ്ഡിത കേന്ദ്രങ്ങളും ചേർന്നു ശീതയുദ്ധകാലത്തെ അമേരിക്കനിസത്തിൽ ജ്ഞാനസ്നാനം ചെയ്തെടുത്തതാണ് എല്ലാ മത തീവ്രവാദികളും. അൽ ഖയ്‌ദ, ഐ എസ് മുതൽ ഇന്ത്യയിലെ ഹിന്ദുത്വവാദികൾ വരെ. അവക്കൊന്നും മതങ്ങളുടെ ദർശന പദ്ധതികളോ പ്രവാചക ചരിത്രമോമായി യാതൊരുവിധ ബന്ധവുമില്ലെന്നും അവയെല്ലാം സാമ്രാജ്യത്വ പ്രോക്ത വിധ്വംസക സംഘങ്ങളാണ്.

അഫ്ഘാനിസ്ഥാനിൽ താലിബാൻ ഭീകരർ വധിച്ച ഹാസ്യനടൻ ഫസൽ മുഹമ്മദിന് ആദരാഞ്ജലികളർപ്പിച്ചുകൊണ്ടു്ള്ള  പോസ്റ്റുകൾക്ക് താഴെ വന്നു ചില മൗദൂദിസ്റ്റ് തീവ്രനിലപാടുകാർ കയറി ചൊറിയാൻ തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ സിഐഎ പാക്കിസ്ഥാനിലെ മതപാഠശാലകളിൽ പരിശീലിപ്പിച്ചെടുത്ത മുജാഹിദ്ദീൻ മിലിറ്റൻ്റുകളെ ഉപയോഗിച്ച് അഫ്ഘാനിലെ നജിബുള്ളയുടെ സർക്കാരിനെ അട്ടിമറിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളെ വിമോചനമായി ആഘോഷിച്ചവരാണല്ലോ ഇവരെല്ലാം .സർവ്വ കമ്യൂണിസ്റ്റു വിരുദ്ധരും അന്ന് അഫ്ഘാൻ വിമോചനം ആഘോഷിച്ചവരായിരുന്നല്ലോ. സംഘികളും അഫ്ഘാനിസ്ഥാനിലെ നജീബുള്ള സർക്കാറിനെതിരായി നടന്ന അട്ടിമറിയിൽ ആഹ്ലാദം പങ്കിട്ടവരായിരുന്നല്ലോ. കമ്യൂണിസത്തെയും സോഷ്യലിസത്തെയും ഭൂമുഖത്ത് നിന്നു് തുടച്ചു നീക്കുന്ന യുദ്ധവിജയമായിട്ടാണല്ലോ അവരെല്ലാം അഫ്ഘാനിലെ അമേരിക്കൻ അട്ടിമറി വിജയത്തെ ആഘോഷമാക്കിയത്. പിന്നീട് അവരിൽ പലരും അമേരിക്കക്കെതിരായ പ്രതിഭീകരതയായി താലിബാനും അൽഖയ്ദയും രൂപാന്തരപ്പെട്ടതോടെയാണല്ലോ  ആഗോള ഭീകരവാദത്തെ കുറിച്ചൊക്കെ ഉൽകണ്ഠപ്പെട്ടു തുടങ്ങിയത്.

കാസ്പിയൻ മേഖലയിലെ എണ്ണ താല്പര്യങ്ങളായിരുന്നു നജീബുള്ളയുടെ കമ്യൂണിസ്റ്റ് സർക്കാറിനെതിരെ ഇസ്ലാമിൻ്റെ പേരിൽ മതഭീകരവാദികളെ സൃഷ്ടിക്കുന്നതിനു് അമേരിക്കയെ പ്രേരിപ്പിച്ചത്.അക്കാലത്തെ സി ഐ എ മേധാവി വില്യം കേസിയായിരുന്നല്ലോ റിയാദിൽ ചെന്നു അഫ്ഘാനിലെ ചെങ്കരടിക്കെതിരെ "വിശുദ്ധ യുദ്ധം " നയിക്കാൻ ഒസാമ ബിൻലാദനെ കണ്ടെത്തുന്നതും റിക്രൂട്ട് ചെയ്യുന്നതും. റിയാദിൽ നിന്ന് ഒസാമയെ സ്‌കൂൾ ഓഫ് അമേരിക്കാസിൽ കൊണ്ടുപോയി പരിശീലിപ്പിച്ചതും പെഷവാർ കേമ്പ് ഓഫീസാക്കി അഫ്ഘാൻ മലനിരകളിലേക്ക് "ഗോസ്റ്റ് ടണൽ " നിർമ്മിച്ച് ഭീകരാക്രമണങ്ങളാരംഭിക്കുന്നതും. എല്ലാം അമേരിക്കൻ കാർമ്മികത്വത്തിലും ആസൂത്രണത്തിലുമാണല്ലോ നടന്നത്.

35 ഓളം രാജ്യങ്ങളിൽ നിന്ന് പാവപ്പെട്ട മുസ്ലിംയുവാക്കളെ റിക്രൂട്ട് ചെയ്‌ത് പരിശീലനം കൊടുത്താണ് മുജാഹീദിൻ സൈന്യത്തെ സി ഐ എ യും പെൻറഗണും പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയും രൂപപ്പെടുത്തിയതും ഒരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവം സംഘടിപ്പിച്ചതും. താലിബാനും അൽഖയ്ദയുമെല്ലാം ശീതയുദ്ധകാലത്തെ അമേരിക്കനിസത്തിൽ ജ്ഞാനസ്‌നാനം ചെയ്തെടുത്ത മാനവികതക്കെതിരായ ഭീകരവിധ്വംസക സംഘങ്ങളാണ്.

ശീതയുദ്ധക്കാലത്തെ സോവ്യറ്റ് യൂണിയൻ്റെ ഈ മേഖലയിലെ സ്വാധീനവും സാന്നിധ്യവും അമേരിക്കൻ പെട്രോളിയം കുത്തകകൾക്ക് അല സോരമുണ്ടാക്കിയിരുന്നു. ഷെവറോൺ പോലുള്ള എണ്ണ കമ്പനികളും അമേരിക്കൻ ഭരണകൂടവും അതീവ അസഹിഷ്‌ണുതയോടെയാണ് സോവ്യറ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന നജീബുള്ള സർക്കാറിൻ്റെ അധികാരാരോഹണത്തെ കണ്ടത്. ഭൂപരിഷ്ക്കരണത്തിനും സ്ത്രീ വിദ്യാഭ്യാസത്തിനും മുൻകയ്യെടുത്ത നജീബുള്ള സർക്കാറിനെതിരെ ഗോത്ര മുഖ്യന്മാരും ഫ്യൂഡൽ പ്രമാണി വർഗ്ഗങ്ങളും പ്രകടിപ്പിച്ച അസംതൃപ്‌തികളെയും എതിർപ്പുകളെയും കുത്തിയിളക്കിയും പരിപോഷിപ്പിച്ചുമാണ് സി ഐ എ ഈ മേഖലയിൽ തീവ്രവാദത്തെ വളർത്തിയെടുത്തത്.അഫ്ഘാൻ വിമോചന പദ്ധതിക്കായി അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് 60,000 കോടിയാണ് നൽകിയത്. ഇത് അമേരിക്കൻ കോൺഗ്രസിൽ വെളിവാക്കപ്പെടുകയും ചെയ്തു.

ഇനി സോവ്യറ്റ് ഇടപെടലിനെ കുറിച്ച് ചൊറിയുന്ന സുഹൃത്തുക്കളിൽ നിന്നറിയേണ്ട കാര്യം സിഐഎ അഫ്ഘാനിൽ നടത്തിയ ഇടപെടലുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണെന്നാണ്. അറിയാൻ താല്പര്യമുണ്ട്. 1970 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് പാക്കിസ്ഥാന് വേണ്ടി അമേരിക്ക ഏഴാം കപ്പൽപ്പടയെ അയക്കാനൊരുങ്ങിയപ്പോൾ അതിനെ തടയുമെന്നും സോവ്യറ്റ് യൂണിയനും കപ്പൽപ്പടയെ ഇറക്കുമെന്നും പറഞ്ഞ ഒരു ചരിത്രം നമ്മുടെ രാജ്യവുമായി ബന്ധപ്പെട്ടു മുണ്ടല്ലോ. അതിനെ കുറിച്ചും സോവ്യറ്റ് യുണിനെതിരെ കലിയടങ്ങാതെ കഴിയുന്നവരുടെ അഭിപ്രായമറിയാൻ താല്പര്യമുണ്ട്. അമേരിക്കൻ ഇടപെടലും അട്ടിമറിയും വിമോചനമാക്കുന്ന വരാണല്ലോ എല്ലാ തരത്തിലും കോലത്തിലും പെട്ട തീവ്രവാദികൾ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top