19 September Thursday

ഫറൂഖ്‌ അബ്ദുള്ള തടവിലല്ലെന്ന്‌ അമിത്‌ ഷാ; താൻ വീട്ടുതടങ്കലിലെന്ന്‌ അബ്ദുള്ള

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2019

ന്യൂഡൽഹി> ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ്‌ അബ്ദുള്ള തടവിലല്ലെന്ന ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ വാദം പൊളിയുന്നു. താൻ വീട്ടുതടങ്കലിലാണെന്ന്‌ ശ്രീനഗറിലെ വസതിയിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ ഫറൂഖ്‌ അബ്ദുള്ള പറഞ്ഞു. തന്നെ വീട്ടുതടങ്കലിലാക്കി എങ്ങനെയാണ് ആഭ്യന്തര മന്ത്രിക്ക് ഇത്തരത്തില്‍ നുണപറയാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

നേരത്തെ എന്‍സിപി നേതാവ് സുപ്രിയ സുലെയാണ് സഭയില്‍ ഫറൂഖ് അബ്ദുല്ലയുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെടുത്തിയത്‌. ഇതിന്‌ മറുപടി പറയവേയാണ്‌ ഫറൂഖ്‌ അബ്ദുള്ള തടവിലല്ലെന്ന്‌ അമിത്‌ ഷാ പറഞ്ഞത്‌. അദ്ദേഹം അറസ്റ്റിലുമല്ല തടവിലുമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ്‌ വീട്ടിൽ കഴിയുന്നതെന്നും അമിത്‌ ഷാ പറഞ്ഞു. ഈ പ്രസ്താവനയോടാണ് ഫറൂഖ് അബ്ദുള്ള പ്രതികരിച്ചത്.

നേരത്തെ ആർട്ടിക്കിൾ 370 പിൻവലിക്കുന്നതിന്റെ ഭാഗമായി സിപിഐ എം എംഎൽഎ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉൾപ്പെടെയുള്ളവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, പ്രമുഖ നേതാവായ സാജിദ് ലോൺ, കോൺ​ഗ്രസ് നേതാവ് ഉസ്മാൻ മജീദ് എന്നിവരും ഞായറാഴ്ച രാത്രിമുതൽ വീട്ടുതടങ്കലിലാണ്.

അതേസമയം ഫറൂഖ്‌ അബ്ദുള്ളയുടെ കാര്യത്തിൽ ആഭ്യന്തര മന്ത്രി കള്ളം പറയുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ഉൾപ്പെടെയുള്ളവർ ഇപ്പോഴും തടവിലാണ്‌. സർക്കാരിന്‌ ഇത്തരത്തിൽ കള്ളം പറയേണ്ടി വരുന്നത്‌ അപഹാസ്യമാണെന്നും യെച്ചൂരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top