16 September Monday

നീളട്ടെ കൈവഴികൾ; ഉയരട്ടെ പുതുനാമ്പുകൾ

മിൽജിത‌് രവീന്ദ്രൻUpdated: Tuesday May 21, 2019

കൊച്ചി
നഷ്ടപ്പെട്ടുപോയ കാർഷികസമൃദ്ധി വീണ്ടെടുക്കൽ ലക്ഷ്യമിട്ടാണ‌് എൽഡിഎഫ‌് സർക്കാർ ഹരിതകേര‌ളം പദ്ധതി ആവിഷ‌്കരിച്ചത‌്. സംസ്ഥാനത്തൊട്ടാകെ എന്നപോലെ ജില്ലയും ഇതേത്തുടർന്ന‌് കൂടുതൽ പച്ചപ്പണിയാൻ തുടങ്ങി. കാർഷികരംഗത്ത‌് ജില്ല മുന്നേറുകയാണ‌്. നിലവിലെ കൃഷിയാവശ്യത്തിനു പര്യാപ‌്തമായ ജലസേചനസൗകര്യമുണ്ടോയെന്ന‌് ചോദിച്ചാൽ, ഇല്ലെന്നുതന്നെയാണ‌് ഉത്തരം. പതിറ്റാണ്ടുകൾ പിന്നിട്ട വൻകിട പദ്ധതികളിലല്ല, ചെറുകിടപദ്ധതികളിലാണ‌് ഭാവിയുടെ കാർഷികപ്രതീക്ഷകൾ തളിരിടുന്നത‌്. വൻകിടപദ്ധതികൾ പരിപാലിച്ചും ചെറുകിടപദ്ധതികൾ കൂടുതൽ ആവിഷ‌്കരിച്ചും തനത‌് ജലാശയങ്ങളും കുളങ്ങളും വീണ്ടെടുത്തും സംരക്ഷിക്കുകയാണ‌് അതിനുള്ള പോംവഴി.

ചെറുതും വലുതുമായ 1654 പൊതു–-അമ്പല കുളങ്ങൾ ജില്ലയിലുണ്ടെന്നാണ‌് കണക്ക‌്. ഇവ നവീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക പരമപ്രധാനമാണ‌്. പല കുളങ്ങളും തോടുകളും മൂടുകയും കൈയേറ്റങ്ങൾമൂലം ഇല്ലാതാവുകയും വ്യാപ‌്തി കുറയുകയും ചെയ‌്തിട്ടുണ്ട‌്. ഭൂഗർഭജലത്തിന്റെ റീചാർജ‌് ഏരിയകളായി വർത്തിക്കേണ്ട കുളങ്ങളും തോടുകളും ഇല്ലാതാകുന്നത‌് തടഞ്ഞേ മതിയാകൂ. നമ്മുടെ പൊതുകുളങ്ങളും ചിറകളും തോടുകളും സംരക്ഷിക്കാൻ ബൃഹത്തായ കർമപദ്ധതി ആവശ്യമാണ‌്.

ചെറുകിട ജലസേചനപദ്ധതികൾവഴി വിഭാവനം ചെയ‌്ത ഗുണഫലങ്ങൾ ഇനിയും അനുഭവവേദ്യമായിട്ടില്ല. അറ്റകുറ്റപ്പണികളുടെ അഭാവം, ആസൂത്രണത്തിലെ അപാകം, പദ്ധതിനടത്തിപ്പിലെ ഏകോപനമില്ലായ‌്മ, ജലവിനിയോഗത്തിലെ അശാസ‌്ത്രീയത, കൃഷിയിലെ ഏകീകൃതസ്വഭാവം ഇല്ലായ‌്മ തുടങ്ങിയ നിരവധി പോരായ‌്മ നിലനിൽക്കുന്നുണ്ട‌്. ഇക്കാര്യത്തിൽ ജലവിഭവവകുപ്പിന്റെ അടിയന്തരശ്രദ്ധ ഉണ്ടാകണം.

ലിഫ‌്റ്റ‌് ഇറിഗേഷൻ പദ്ധതികൾക്ക‌് വൻകിടപദ്ധതികളുടെ രൂപത്തിൽ മോണിറ്ററിങ‌് കമ്മിറ്റികൾ രൂപീകരിക്കുന്നത‌് വളരെ സഹായകമാകും. കർഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ കമ്മിറ്റികൾക്ക‌് ജലവിതരണത്തിന്റെയും കൃഷിയുടെയും കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കഴിയും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുകീഴിൽ ഉപഭോക്തൃസമിതികൾവഴി നടത്തുന്ന നിരവധി ചെറുകിട ജലസേചനപദ്ധതികൾ പ്രവർത്തിക്കുന്നുണ്ട‌്. ഇവയെല്ലാം പല ഘട്ടങ്ങളിലാണ‌്. പണി പൂർത്തിയാക്കി കമീഷൻ ചെയ‌്തവ, പണി പൂർത്തിയാക്കിയിട്ടും കമീഷൻ ചെയ്യാത്തവ, പണി പൂർത്തിയാക്കാത്തവ എന്നിങ്ങനെ വിവിധ നിലയിലുള്ള ലിഫ‌്റ്റ‌് ഇറിഗേഷൻ സ‌്കീമുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണം.

കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ചെറുകിട ജലസേചനപദ്ധതികളുടെ അറ്റകുറ്റപ്പണികൾ കൃത്യതയോടെ നടപ്പാക്കാൻ 50,000 രൂപവരെ ചെലവുവരുന്ന പ്രവൃത്തികൾക്ക‌് അനുമതി നൽകാൻ ബന്ധപ്പെട്ട എക‌്സിക്യൂട്ടീവ‌് എൻജിനിയർക്ക‌് അധികാരം നൽകിയിരുന്നു. വർഷം 50 ലക്ഷം രൂപവരെ ഇതിനായി എൻജിനിയർമാർക്ക‌് അനുവദിച്ചിരുന്നു.

ഈ ഉത്തരവ‌് പുനഃസ്ഥാപിച്ചാൽ ചെറുകിടപദ്ധതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാം. പല പദ്ധതികളിലും വോൾട്ടേജ‌് വ്യതിയാനം പമ്പിങ്ങിനെ ദോഷമായി ബാധിക്കുന്നുണ്ട‌്. ആവശ്യമുള്ളിടങ്ങളിൽ ട്രാൻസ‌്ഫോർമറുകൾ സ്ഥാപിച്ച‌് വോൾട്ടേജ‌് കൃത്യത ഉറപ്പാക്കണം.

ജലസേചനപദ്ധതികൾക്കുവേണ്ടി ഏറ്റെടുത്ത കനാലുകളുടെ ഇരുവശവും തരിശായി കിടക്കുന്ന ഭൂമി ധാരാളമുണ്ട‌്. കൈയേറ്റങ്ങളും നിരവധി. ഈ ഭൂമി ഏറ്റെടുത്ത‌്, തരിശുഭൂമിയിൽ കൃഷിയിറക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമാകും. കുടുംബശ്രീപോലുള്ള സംഘങ്ങളെ കൃഷിക്കായി ഇത‌് ഏൽപ്പിക്കുന്നതും ആലോചിക്കാം. കുടുംബശ്രീ, തൊഴിലുറപ്പ‌് തൊഴിൽ പ്രവർത്തകരെ കനാലുകളുടെ സംരക്ഷണച്ചുമതലയും ഏൽപ്പിക്കാവുന്നതാണ‌്. കനാലുകളിൽ മാലിന്യം തള്ളൽ തടഞ്ഞും കനാലുകളിലെ മണ്ണും പായലും നീക്കിയും സംരക്ഷിക്കാൻ അവർക്ക‌് കഴിയും.

(അവസാനിച്ചു)


പ്രധാന വാർത്തകൾ
 Top