15 July Wednesday

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സുകള്‍ ഭരണഘടന വിരുദ്ധം: പിബി

സ്വന്തം ലേഖകന്‍Updated: Thursday Jun 4, 2020

ന്യൂഡല്‍ഹി> കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകരിച്ച കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട മൂന്ന് ഓര്‍ഡിനന്‍സ് ഭരണഘടനവിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ. കൃഷി  ഭരണഘടനപ്രകാരം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്.  സംസ്ഥാനസര്‍ക്കാരുകളുമായി കൂടിയാലോചന നടത്താതെയാണ് കേന്ദ്രം ഓര്‍ഡിനന്‍സുകള്‍ അംഗീകരിച്ചത്.

 ഓര്‍ഡിനന്‍സുകള്‍ ബില്ലിന്റെ രൂപത്തില്‍  പാര്‍ലമെന്റ് പാസാക്കിയാലും സംസ്ഥാനനിയമസഭകളുടെ  അംഗീകാരം നേടേണ്ടതുണ്ട്. പാര്‍ലമെന്റ് പാസാക്കുന്നതിനു മുമ്പ് കൃഷി സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിധേയമാകണം. കേന്ദ്രത്തിനു അടിച്ചേല്‍പിക്കാന്‍ അധികാരമില്ല. 

അവശ്യവസ്തു നിയമം ഭേദഗതി ചെയ്യല്‍, ഭക്ഷ്യവസ്തുക്കളുടെ അന്തര്‍ സംസ്ഥാനകടത്തിനുള്ള നിയന്ത്രണം നീക്കല്‍, കാര്‍ഷിക വിളകള്‍ സംഭരിക്കാനുള്ള അവകാശം കാര്‍ഷികോല്‍പന്ന വിപണന സമിതികള്‍ക്കാണെന്ന വ്യവസ്ഥ എടുത്തുകളയല്‍ എന്നീ ലക്ഷ്യങ്ങളോടെയാണ് ഓര്‍ഡിനന്‍സുകള്‍.

 ബഹുരാഷ്ട്ര ബിസിനസ്സുകാരും ആഭ്യന്തര കോര്‍പറേറ്റുകളും രാജ്യത്തെ കാര്‍ഷിക വിപണി കയ്യടക്കാനാണ് ഇതു ഉപകരിക്കുക. പൊതുവിതരണസമ്പ്രദായം പൂര്‍ണമായും തകരും. രാജ്യം കടുത്ത കാര്‍ഷികതകര്‍ച്ച നേരിടുന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടി.  സ്വാതന്ത്ര്യത്തിനുശേഷം കര്‍ഷകര്‍ക്ക് ലഭിച്ച പരിമിതമായ സംരക്ഷണംപോലും ഇല്ലാതാകും.   ബ്രിട്ടീഷുകാരുടെ കാലത്ത് കര്‍ഷകര്‍ നേരിട്ടിരുന്ന ചൂഷണത്തിലേയ്ക്ക് മോഡിസര്‍ക്കാര്‍ അവരെ മടക്കിക്കൊണ്ടുപോകുകയാണ്.  ഈ നീക്കം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.

 


പ്രധാന വാർത്തകൾ
 Top