17 August Saturday

പ്രളയം തകര്‍ത്തെറിഞ്ഞ പാടങ്ങള്‍ പ്രളയാനന്തര കേരളത്തിന് നൂറുമേനി വിളവ് തന്നിരിക്കുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019

തിരുവനന്തപുരം> കാര്‍ഷിക മേഖലയില്‍ വലിയൊരു മുന്നേറ്റം കൂടി സാധ്യമായിരിക്കുന്നതായും പ്രളയം തകര്‍ത്തെറിഞ്ഞ  പാടങ്ങള്‍ പ്രളയാനന്തര കേരളത്തിന് നൂറുമേനി വിളവ് തന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വിളവ് നല്‍കിയാണ് ഈ വര്‍ഷം കടന്നുപോകുന്നത് എന്നതാണ് ഏറെ സന്തോഷം നല്‍കുന്നത്.

കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 6,89,305 ടണ്‍ നെല്ല് 2018- 19 വര്‍ഷം കേരളത്തില്‍ ഉത്പാദിപ്പിച്ചു. കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഉത്പ്പാദനം 6,17,260 ടണ്‍ ആയിരുന്നു. ഈ സീസണിലെ കൊയ്ത്ത് ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അത് പൂര്‍ത്തിയാകുമ്പോള്‍ നേട്ടം ഇതിനേക്കാള്‍ ഉയരും. 35000 ഹെക്ടര്‍ പാടം പ്രളയത്തില്‍ പെട്ട് കൃഷിയോഗ്യമല്ലാതിരുന്ന കാലത്താണ് കേരളത്തിലെ കര്‍ഷകര്‍ ഈ മികച്ച നേട്ടം കൊയ്‌തെടുത്തത്.

കനത്ത നാശം വിതച്ച പ്രളയം ഓണക്കാലത്തെ വിളവെടുപ്പ് മുഴുവന്‍ വെള്ളത്തിലാക്കി എന്നതു കൂടി ഓര്‍ക്കുമ്പോള്‍ ഈ നേട്ടത്തിന്റെ വലുപ്പം നമുക്ക് ബോധ്യമാവും. നെല്ല് സംഭരണത്തിലും വന്‍വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് 31 വരെ 1,02,414 കര്‍ഷകരില്‍ നിന്നായി 3,72,503 ടണ്‍ നെല്ല് ഇതുവരെസംഭരിച്ചു. മുന്‍ വര്‍ഷം ഇതേ സമയം 86,962 കര്‍ഷകരില്‍ നിന്നും 2,82,635 ടണ്ണായിരുന്നു സംഭരിച്ചത്.

പ്രളയം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയ കാഴ്ചയാണ് ഇത്തവണ കാണുന്നത്. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വന്‍ വിളവെടുപ്പ് ദൃശ്യമായി. ആലപ്പുഴ ജില്ലയില്‍ 42,273 ഹെക്ടര്‍ പാടത്ത് കൃഷി ഇറക്കിയതില്‍ നിന്നും 1,57,066 ടണ്‍ നെല്‍ ഇത്തവണ ഉല്‍പ്പാദിപ്പിച്ചു.പത്തനംതിട്ടയിലും കോട്ടയത്തും വന്‍മുന്നേറ്റമുണ്ടായി. പത്തനംതിട്ടയില്‍ 20248 ടണ്ണും കോട്ടയത്ത് 88,039 ടണ്ണുമാണ് ഉത്പ്പാദനം.

എറണാകുളം14,822 ടണ്‍, തൃശൂര്‍ 1,01,005 ടണ്‍ , പാലക്കാട് 2,O7,423 ടണ്‍ എന്നിങ്ങനെയാണ് വിളവെടുപ്പ്.
പ്രളയം തകര്‍ത്തപ്പോള്‍ പ്രതിസന്ധിയിലാണ്ടു പോയെങ്കിലും കീഴടങ്ങാന്‍ മനസില്ലെന്ന് പ്രഖ്യാപിച്ചവരാണ് കേരളത്തിലെ കര്‍ഷകര്‍. 2.37 ലക്ഷം ഹെക്ടറിലെ കൃഷിയാണ് നശിച്ചത്.. 2, 38, 376 കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാര തുക വിതരണം ചെയ്തു. എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നും 67 കോടി രൂപയും കൃഷി വകുപ്പില്‍ നിന്നും 110 കോടി രൂപയുമാണ് വിതരണം ചെയ്തത്. സര്‍ക്കാരിന്റെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും 18.04 കോടി രൂപയും നല്‍കി.

പാടങ്ങള്‍ കൃഷിയോഗ്യമാക്കാനും ജലസേചന സൗകര്യങ്ങള്‍ പുനസ്ഥാപിക്കാനും 197.78 കോടി രൂപയും ചെലവഴിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 270 ഇടങ്ങളിലായി മട വീഴ്ച മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പണം ചെലവഴിച്ചു. 5650 മെട്രിക് ടണ്‍ നെല്‍ വിത്തുകളാണ് കര്‍ഷകര്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. ഇങ്ങനെ സര്‍ക്കാരിന്റെ സഹായത്തോടെ കര്‍ഷകര്‍ അതിജീവനത്തിന്റെ പാത ഒരുക്കിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു

 


പ്രധാന വാർത്തകൾ
 Top