Deshabhimani

വന്യജീവി ആക്രമണം: കർഷകർക്ക്‌ തണലൊരുക്കാൻ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 08:26 PM | 0 min read

കൊല്ലം
വന്യജീവി ആക്രമണത്തിൽനിന്ന്‌ ജില്ലയിലെ ആദിവാസിവിഭാഗം കർഷകരുടെ കൃഷിയിടത്തിന്‌ സംരക്ഷണമൊരുക്കാൻ സംസ്ഥാന സർക്കാർ. വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ വ്യാപകമായി കൃഷിനശിച്ച് കർഷകർക്ക്‌ നഷ്ടം നേരിടുന്ന  സാഹചര്യത്തിലാണ്‌ നടപടി. കൃഷിയിടത്തിന്‌ സൗരോർജ വേലി നിർമിച്ചാണ്‌ കാട്ടാന അടക്കമുള്ള വന്യജിവികളെ തുരത്താൻ ലക്ഷ്യമിടുന്നത്‌.

വനത്തിനോട്‌ ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളിൽ കാട്ടാന, കാട്ടുപോത്ത്‌, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളാണ് കൃഷി നശിപ്പിക്കുന്നത്‌. പട്ടികവർഗക്ഷേമ വകുപ്പിന്റെ കോർപസ്‌ ഫണ്ടിൽ (ട്രൈബൽ സബ്‌ പ്ലാൻ)നിന്ന്‌ 6.96ലക്ഷം രൂപ വിനിയോഗിച്ചാണ്‌ കർഷകർക്ക്‌ സംരക്ഷണം ഒരുക്കുക.  വാഴക്കൃഷിക്കായി വിത്തുംവളവും ലഭ്യമാക്കും.

ആദ്യഘട്ടത്തിൽ ജില്ലയിലെ ഊരുകളിലെ മികച്ച 12കർഷകർക്കാണ്‌  സഹായം ലഭ്യമാക്കുന്നത്‌. കുളത്തൂപ്പുഴ (ആറ്‌), ചിതറ (രണ്ട്‌), തെന്മല (ഒന്ന്‌), ആര്യങ്കാവ്‌ (ഒന്ന്‌), പിറവന്തൂർ (രണ്ട്‌) എന്നിങ്ങനെയാണ്‌ സഹായം ലഭ്യമാകുന്ന കർഷകരുടെ എണ്ണം. ഇവരുടെ 50സെന്റ്‌ വീതമുള്ള കൃഷിയിടത്തിൽ സോളാർ ഫെൻസിങ്‌ നിർമിച്ചുനൽകും.

ഒരു കർഷകന്‌ 180മീറ്ററിലാണ്‌ ഫെൻസിങ്‌ നിർമിക്കുക. പുനലൂർ കേരള അഗ്രോ ഇൻഡസ്‌ട്രീസ്‌ കോർപറേഷനാണ്‌ നിർവഹണച്ചുമതല. 50,000രൂപ വീതമാണ്‌ ഫെൻസിങ്ങിന്‌ വേണ്ടിവരിക. ഫെൻസിങ്‌ ഒരുക്കിയശേഷം വാഴ കൃഷിചെയ്യുന്നതിന്‌  8500രൂപയുടെ വീതം വിത്തും വളവുമാണ്‌ ലഭ്യമാക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home