04 December Wednesday

2 സെന്റ്‌ ഭൂമിയുണ്ടോ; ഫാം തുടങ്ങാം

ബിജോ ടോമിUpdated: Sunday Aug 4, 2024

തിരുവനന്തപുരം> രണ്ടു സെന്റ്‌ ഭൂമി മതി ഇനി ഫാം തുടങ്ങാൻ. ലൈവ് സ്റ്റോക്ക് ചട്ടങ്ങളിൽ സമഗ്രമാറ്റം വരുത്തിയതോടെയാണ്‌ ഫാമിലെ മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണത്തിനനുസൃതമായി ആവശ്യമായ സ്ഥലവിസ്തീർണവും കുറഞ്ഞത്‌.

പൗൾട്രി ഫാം തുടങ്ങാൻ തദ്ദേശസ്ഥാപനത്തിൽനിന്ന്‌ ലൈസൻസ്‌ ലഭിക്കാൻ മുമ്പ്‌ 15 കോഴിക്ക്‌ ഒരു സെന്റ്‌ എന്ന കണക്കിൽ സ്ഥലം ഉറപ്പാക്കണമായിരുന്നു. പുതിയ നിയമമനുസരിച്ച്‌ കോഴി, താറാവ്‌ എന്നിവയുടെ ഫാമിന്‌ 250 എണ്ണത്തിന്‌ ഒരു സെന്റ്‌ എന്ന കണക്കിൽ സ്ഥലംമതി.
500 പക്ഷികളിൽ കൂടുതലുള്ള പൗൾട്രി ഫാമിനാണ്‌ ലൈസൻസ്‌ എടുക്കേണ്ടത്‌. ഇതനുസരിച്ച്‌ രണ്ടു സെന്റ്‌ ഭൂമി മതി ഫാമിനുള്ള ലൈസൻസ്‌ ലഭിക്കാൻ. മുമ്പായിരുന്നെങ്കിൽ 34 സെന്റ്‌ സ്ഥലം ഉറപ്പാക്കിയെങ്കിലേ ലൈസൻസ്‌ ലഭിക്കുമായിരുന്നുള്ളൂ.

കന്നുകാലികളെ വളർത്തുന്നതിനുള്ള വിസ്‌തീർണം ഒരു സെന്റിൽ ഒന്ന്‌ എന്നത്‌ മൂന്നായും ആട്‌ ഒരു സെന്റിൽ നാല്‌ എന്നത്‌ 10 ആയും പരിഷ്‌കരിച്ചു. ഇതോടൊപ്പം ലൈസൻസ് നടപടിക്രമങ്ങൾ ലളിതമാക്കുകയുംചെയ്തു. മുമ്പ്‌ ഫാം സ്ഥാപിക്കുന്നതിനും നടത്തുന്നതിനും പ്രത്യേകം അപേക്ഷ നൽകണമായിരുന്നു. ഇനിമുതൽ ഒരു അപേക്ഷ മതി. അപേക്ഷ നൽകി 14 ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപന സെക്രട്ടറി ലൈസൻസ്‌ അനുവദിക്കണം.

ലൈവ് സ്റ്റോക്ക് ചട്ടങ്ങളിൽ സമഗ്രമാറ്റം വരുത്തിയതോടെ ക്ഷീര കർഷകർക്കുൾപ്പെടെ മൃഗസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സഹായമാണ്‌ ഉണ്ടായത്‌. നിയമാനുസൃതമായ വ്യവസ്ഥകൾ നടപ്പാക്കുന്നതോടെ ഫാമുകൾക്കെതിരെയുള്ള പരാതികളിൽ കുറവുണ്ടാകും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top