31 October Saturday

സഭ പിരിഞ്ഞിട്ടും പ്രതിഷേധം; മോഡി സർക്കാർ കാർഷികരംഗവും കോർപറേറ്റുകൾക്ക് തീറെഴുതി: കെ കെ രാഗേഷ്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

ന്യൂഡൽഹി > ശക്തമായ കർഷകസമരങ്ങൾക്കും പ്രതിപക്ഷ എതിർപ്പിനുമിടയിൽ ലോക്സഭ പാസാക്കിയ കാർഷിക ബില്ലുകൾ രാജ്യസഭയും പാസാക്കി. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ. ബിൽ പാർലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകൾ സർക്കാർ പാസാക്കിയത്.  ഒരു ബില്ല് കൂടി പാസാക്കാനുണ്ട്. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ശക്തമായ നിലപാട് ഡിഎംകെയും തൃണമൂൽ കോൺഗ്രസും സിപിഐ എമ്മും  സ്വീകരിച്ചു.

സഭ പിരിഞ്ഞിട്ടും 12 എംപിമാർ രാജ്യസഭയുടെ നടുത്തളത്തിൽ ധർണ നടത്തിവരികയാണ്. ചർച്ച അനുവദിക്കാതെയും വോട്ടിങ്ങ് ആവശ്യപ്പെട്ടാൽ അതിനനുവദിക്കാതെയും ഏകപക്ഷീയമായി ഏത് ജനവിരുദ്ധ ബില്ലും പാസ്സാക്കിയെടുക്കുക എന്ന നിലയിലേക്കാണ് രാജ്യം എത്തിയിരിക്കുന്നതെന്ന് കെ കെ രാഗേഷ് എംപി പറഞ്ഞു. ജനാധിപത്യത്തിന്റെ ചെറുകിരണങ്ങൾ പോലും ഉയർത്താൻ അനുവദിക്കാത്ത ഫാസിസ്റ്റ് ഇരുട്ടറയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നിലെ പാർലമെന്റ്.
മോഡി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നാടുമുഴുവൻ പ്രതിഷേധത്തിലാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തക ഭീമന്മാർക്കും രാജ്യത്തിന്റെ കാർഷികരംഗം തീറെഴുതിക്കൊടുക്കാനുള്ള മൂന്നുബില്ലുകൾ കൂടി ഒടുവിലായി പാർലമെന്റിൽ പാസ്സാക്കിയിരിക്കുകയാണ്. എതിരഭിപ്രായങ്ങളിൽ ഉണ്ടാവേണ്ട ജനാധിപത്യമര്യാദകളെല്ലാം കാറ്റിൽപറത്തിയിരിക്കുന്നു. ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ അനുവദിക്കാതെയും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കർഷകവിരുദ്ധ നിയമങ്ങൾ പാസ്സാക്കുന്ന മോഡി സർക്കാറിനെതിരെ രാജ്യമെങ്ങും വൻ പ്രതിഷേധങ്ങൾ ഉയർന്നുവരേണ്ടതുണ്ടെന്ന് രാഗേഷ് പറഞ്ഞു.

 

Security Check Required

null

കാർഷികമേഖലയെ തകർക്കുന്ന നയങ്ങൾ 'കോവിഡ് പാക്കേജ്' എന്ന് അവകാശപ്പെട്ടാണ് കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. കാർഷികോൽപന്ന വ്യാപാര-വാണിജ്യ (പ്രോത്സാഹനവും സൗകര്യമൊരുക്കലും) ബിൽ - 2020, കർഷക ശാക്തീകരണം, സംരക്ഷണ ബിൽ 2020, അവശ്യവസ്തു നിയമഭേദഗതി ബിൽ 2020 എന്നിവ കർഷകരെ കൊള്ളചെയ്യാനുള്ള കോർപ്പറേറ്റ് പാക്കേജാണ്.  അദാനി വിൽമർ, അംബാനി റിലയൻസ്, വാൾമാർട്ട്, മൊൺസാന്റോ തുടങ്ങിയ കോർപ്പറേറ്റ് ഭീമന്മാർക്ക് കർഷകരെ പിഴിഞ്ഞെടുക്കാനുള്ള അവസരമൊരുക്കുകയാണ് മോഡിസർക്കാരെന്നും ബില്ലുകൾക്കെതിരായ നിരാകരണ പ്രമേയം അവതരിപ്പിച്ച് രാഗേഷ് പറഞ്ഞു.




 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top