31 October Saturday

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

ന്യൂഡല്‍ഹി> രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ കര്‍ഷകസമരങ്ങള്‍ക്കും പ്രതിപക്ഷ എതിര്‍പ്പിനുമിടയില്‍ ലോക്‌സഭ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയും പാസാക്കി. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിന്‍ബലത്തിലാണ് ബില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസാക്കിയത്.വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ.

ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.  ഒരു ബില്ല് കൂടി പാസാക്കാനുണ്ട്..

ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുത്തു.  ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന ശക്തമായ നിലപാട് ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും സിപിഐ എമ്മും  സ്വീകരിച്ചു

ബില്ലുകള്‍ കര്‍ഷകവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ബില്‍ പാസാക്കിയത്. അതേസമയം, കര്‍ഷകദ്രോഹ ബില്ലുകള്‍ക്കെതിരെ ഉയരുന്ന രോഷം ബിജെപിയെ രാജ്യവ്യാപകമായി  പ്രതിരോധത്തിലാക്കി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചു.

മോഡിസര്‍ക്കാര്‍  കര്‍ഷകരെ വഞ്ചിച്ചെന്ന വികാരമാണ് കാര്‍ഷികഗ്രാമങ്ങളില്‍. വിളകള്‍ക്കുള്ള താങ്ങുവില (എംഎസ്പി)  നിയമപരിഷ്‌കരണത്തോടെ ഇല്ലാതാകുമെന്ന് കര്‍ഷകര്‍ കരുതുന്നു. കോര്‍പറേറ്റുകള്‍ക്ക്  പരിധിയില്ലാതെ വിള സംഭരിക്കാന്‍ അനുമതി നല്‍കുന്ന മൂന്ന് ബില്ലിലും താങ്ങുവിലയെ കുറിച്ച്  പരാമര്‍ശമില്ല. താങ്ങുവില തുടരുമെന്ന്  പ്രധാനമന്ത്രിയും  ബിജെപി അധ്യക്ഷനും വാക്കാല്‍ പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് അഖിലേന്ത്യാ കിസാന്‍സംഘര്‍ഷ് കോ--ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ വി എം സിങ് ചൂണ്ടിക്കാട്ടി.

എഫ്സിഐ സംഭരണത്തില്‍ ഏറിയപങ്കും നടക്കുന്ന പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കാണ്  നിയമപരിഷ്‌കാരങ്ങളുടെ അപകടം പെട്ടന്ന് ബോധ്യമായത്. പഞ്ചാബിലും ഹരിയാനയിലും എന്‍ഡിഎ സഖ്യകക്ഷികള്‍ ബില്ലുകള്‍ക്കെതിരെ രംഗത്തുവന്നു. തെലങ്കാന, മഹാരാഷ്ട, ഒഡിഷ, ബിഹാര്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നിങ്ങനെ കാര്‍ഷികസമ്പദ്ഘടന പ്രബലമായ സംസ്ഥാനങ്ങളിലേക്കും പ്രതിഷേധം പടരുന്നു.

ഉപഭോക്താക്കള്‍ക്കും  പൊതുവിതരണ സമ്പ്രദായത്തിനും ഹാനികരമായ ബില്ലുകള്‍ കോര്‍പറേറ്റുകള്‍ക്കുമാത്രമാണ് നേട്ടമെന്ന് കര്‍ഷകനേതാക്കള്‍ വിശദീകരിക്കുന്നു. സെപ്തംബര്‍ 25നു നടക്കുന്ന അഖിലേന്ത്യാ പ്രതിഷേധം നിര്‍ണായകമാകും.നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ബിഹാറില്‍  നിതീഷ്‌കുമാര്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാണ്.

കര്‍ഷകപ്രതിഷേധം ശക്തിയാര്‍ജിക്കുമ്പോള്‍ ജെഡിയു-ബിജെപി സഖ്യത്തിന്റെ നില പരുങ്ങലിലാകും. ശിവസേന, തെലുഗുദേശം എന്നീ സഖ്യകക്ഷികളെ നഷ്ടപ്പെട്ട ബിജെപിക്ക് രണ്ട് സംസ്ഥാനങ്ങളില്‍ അധികാരപങ്കാളിത്തം ഇല്ലാതായി. പഞ്ചാബില്‍ 2022ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കേണ്ടിവരും.  അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട പശ്ചിമബംഗാള്‍, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലും കര്‍ഷകദ്രോഹം ബിജെപിക്ക് തിരിച്ചടിയാകും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top