Deshabhimani

കുടുംബപെൻഷൻ 
ഔദാര്യമല്ല, അവകാശം : ഹെെക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 02:12 AM | 0 min read


കൊച്ചി
കുടുംബപെൻഷൻ ഔദാര്യമല്ല, അവകാശമാണെന്നും കാഴ്‌ച–-കേൾവി പരിമിതിയുള്ള മകന് അതിന്‌ അർഹതയുണ്ടെന്നും ഹെെക്കോടതി. മൂകനും കാഴ്‌ച–- കേൾവി പരിമിതിയുമുള്ള കൊല്ലം കല്ലട സ്വദേശി സതീഷ് രാജ്പിള്ള നൽകിയ ഹർജിയിലാണ് ജസ്‌റ്റിസുമാരായ അമിത് റാവൽ, എസ്‌ ഈശ്വർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. റെയിൽവേ ജീവനക്കാരനായിരുന്ന അച്ഛൻ വി രാജൻപിള്ള മരിച്ചശേഷം ലഭിച്ചിരുന്ന കുടുംബപെൻഷൻ അമ്മയുടെ മരണത്തോടെ നിഷേധിച്ചതിന്‌ എതിരെയായിരുന്നു ഹർജി.

സതീഷിന് ഒരു മാസത്തിനുള്ളിൽ കുടുംബപെൻഷൻ  നൽകാനാണ്‌ ഉത്തരവ്‌. പെൻഷന് അർഹനായ ദിവസംമുതൽ ഇതുവരെയുള്ള പെൻഷന് ഒമ്പത് ശതമാനം  പലിശയും നൽകണം. നൂറു ശതമാനം അംഗവെെകല്യമുള്ള വ്യക്തിക്ക് ജീവിക്കാനുള്ള വരുമാനം തേടാൻ കഴിയുമെന്ന റെയിൽവേ മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ വിശ്വസനീയമല്ലെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് തള്ളി ഹെെക്കോടതി വ്യക്തമാക്കി.

കേൾവിയും സംസാരശേഷിയും ഇല്ലാത്തതിനുപുറമെ ഇടതുകണ്ണിന് പൂർണമായും കാഴ്ചയില്ലെന്ന് വ്യക്തമായിട്ടും  ജീവിക്കാനുള്ള വഴി കണ്ടെത്താനാകുമെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്‌ മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ അനുഭാവനിലപാടാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. സതീഷിനുവേണ്ടി അഭിഭാഷകരായ എച്ച് ജിജുമോൻ, ആർഷ സതീശൻ, പ്രേംജി സുകുമാർ എന്നിവർ ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Home