19 April Friday

കേരള കോൺഗ്രസ്‌ വിട്ട‌് മനോഹരനും കുടുംബവും തണലായ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

കൂത്താട്ടുകുളം> ഭിന്നശേഷിയുള്ള മകന്റെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സഹായിച്ച സിപിഐ എമ്മിനൊപ്പം ചേർന്ന് ഒരു കുടുംബം.  കേരള കോൺഗ്രസ്‌ ജേക്കബ് ഗ്രൂപ്പ് പ്രവർത്തകനായിരുന്ന കൂത്താട്ടുകുളം ദേവമാതാ അംബേദ്കർ കോളനിയിലെ പാലശേരിൽ പി ആർ മനോഹരനും ഭാര്യ ബിന്ദുവും മകൻ വിഷ്ണുവുമാണ് സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്. പാവപ്പെട്ട ആളുകൾക്കൊപ്പം സിപിഐ എം മാത്രമാണ് എക്കാലവും ഉള്ളതെന്നും യുഡിഎഫിന് സാധാരണ ജനങ്ങളെ തെരഞ്ഞെടുപ്പുകാലത്ത് മാത്രമാണ് ആവശ്യമെന്നും ഇവർ പറയുന്നു.
 
ഇടത് കൈകാലുകൾക്ക് സ്വാധീനമില്ലാത്ത വിഷ്ണു കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയാണ്. ഇവരുടെ വീടിന്റെ മുന്നിലൂടെ കോളനിയിലേക്ക് പോകുന്ന റോഡ് നവീകരിച്ച് കോൺക്രീറ്റ് ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ പറമ്പിലൂടെ ചുമന്ന് റോഡിൽ എത്തിച്ചാണ് വിഷ‌്ണുവിനെ സ്കൂളിൽ കൊണ്ടുപോയിരുന്നത്. എട്ട് ദിവസത്തിനുശേഷം പ്ലസ്‌ടു പരീക്ഷയ‌്ക്ക‌്  പുതിയ പാതയിലൂടെ ഓട്ടോറിക്ഷയിൽ പോകാൻ സ്ഥലം കൗൺസിലറുടെ ഭർത്താവും കോൺഗ്രസ്‌ നേതാവുമായ വ്യക്തി സമ്മതിച്ചില്ല. റോഡുപണി നിയന്ത്രിച്ചിരുന്ന ഇയാളോട‌്  ആവശ്യമറിയിച്ചപ്പോൾ തലച്ചുമടായി കൊണ്ടുപോകെന്ന‌് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സിപിഐ എം നേതാക്കൾ ഇടപെട്ടാണ് ഓട്ടോറിക്ഷയിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുപോകാൻ സാഹചര്യമൊരുക്കിയത്.

മകന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി സഹായവുമായെത്തിയ പ്രസ്ഥാനത്തിനൊപ്പം ഇനി പ്രവർത്തിക്കുമെന്ന്  ഇവർ ഒരുമിച്ച‌് പറയുന്നു. റബർ ടാപ്പിങ‌് തൊഴിലാളിയാണ് മനോഹരൻ. ബിന്ദു കാറ്ററിങ‌് തൊഴിലാളിയും. സിപിഐ എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് വീട്ടിലെത്തി രക്തഹാരം അണിയിച്ച് പാർടിയിലേക്ക് സ്വീകരിച്ചു. ലോക്കൽ സെക്രട്ടറി എം ആർ സുരേന്ദ്രനാഥ്, സണ്ണി കുര്യാക്കോസ്, ബ്രാഞ്ച് സെക്രട്ടറി അജി പി ജയിംസ് എന്നിവരും പങ്കെടുത്തു. എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ വിജയത്തിനായി തെരഞ്ഞെടുപ്പ് പ്രവർത്തനരംഗത്ത് സജീവമാകുവാനാണ് ഇവരുടെ തീരുമാനം.


പ്രധാന വാർത്തകൾ
 Top